ഡൽഹി: എൻഡിഎയുടെ ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തിൽ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റിൽ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്റെ ലോക ജനശക്തി പാർട്ടിക്ക് ആറ് സീറ്റ് നൽകും. പാസ്വാന് രാജ്യസഭാ സീറ്റും നൽകും. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.'ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ തീരുമാനിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

വളരെ നേരം നീണ്ടു നിന്ന ചർച്ചയ്‌ക്കൊടുവിൽ ബിജെപി 17 സീറ്റിലും ജെഡിയു 17 സീറ്റിലും മത്സരിക്കാൻ ധാരണയായി. എൽജെപി ബിഹാറിൽ നിന്നും 6 സീറ്റുകളിൽ മത്സരിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാജ്യസഭ സ്ഥാനാർത്ഥിയായിരിക്കും രാംവിലാസ് പാസ്വാൻ. 2014ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ എൻഡിഎ 2019ൽ വിജയിക്കുമെന്നാണ് മൂന്ന് പാർട്ടികളും ശക്തമായി വിശ്വസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കുമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു,' അമിത് ഷാ പറഞ്ഞു.

അതേസമയം, ബംഗാളിൽ ആരുമായും സഖ്യമുണ്ടാക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഒറ്റയ്ക്ക് മൽസരിക്കാൻ സംസ്ഥാന ഘടകത്തിന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ഇടത്, തൃണമൂൽ സഖ്യത്തെ ചൊല്ലി ബംഗാൾ ഘടകത്തിൽ കടുത്ത ഭിന്നതയുണ്ടായ സാഹചര്യത്തിലാണ് ഒറ്റയക്ക് മൽസരിക്കാനുള്ള തീരുമാനം.

സീറ്റു വിഭജനം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്‌പി സഖ്യം വിട്ടതിനു പിന്നാലെയാണു പ്രഖ്യാപനം. സീറ്റുകളുടെ എണ്ണത്തിൽ അതൃപ്തിയുണ്ടായിരുന്ന എൽജെപിക്കു ഖുശ്വാഹയുടെ പടിയിറക്കത്തോടെ രണ്ടു സീറ്റുകൾ അധികം ലഭിച്ചു.സീറ്റുകൾ സംബന്ധിച്ച അന്തിമതീരുമാനം എടുത്തില്ലെങ്കിൽ 'പ്രത്യാഘാതങ്ങൾ' നേരിടേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അമിത് ഷായും റാം വിലാസ് പാസ്വാനും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനമായത്. സഖ്യത്തിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും തിരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്നും റാം വിലാസ് പാസ്വാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ബിഹാറിൽ നിലവിൽ 22 എംപിമാരുള്ള ബിജെപി 17 സീറ്റുകളിൽ മാത്രം മൽസരിക്കുന്നതിലൂടെ എൻഡിഎയിലെ യഥാർഥ അവസ്ഥ എന്താണെന്ന് ആർക്കും മനസ്സിലാക്കാനാകുമെന്ന് ആർജെഡി നേതാവ് തേജ്വസി യാദവ് ട്വീറ്റ് ചെയ്തു. നോട്ടുനിരോധനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദിച്ചതിന്റെ ഗുണം ജെഡിയുവിനും എൽജെപിക്കും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.