പാറ്റ്‌ന: പശുസംരക്ഷണവാദികളുടെ അതിക്രമങ്ങൾ അസഹനീയമായി മാറുന്നു. ബീഹാറിലെ സഹർസാ ജില്ലയിൽ ഹോൺ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ച് പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു തകർത്തു. ഗണേശ് മണ്ഡൽ എന്ന യുവാവിനെയാണ് പശുവിനെ പേടിപ്പിച്ചുവെന്ന് ആരോപിച്ച് കണ്ണടിച്ചു പൊട്ടിച്ചത്.

ബീഹാർ തലസ്ഥാനമായ പാറ്റ്‌നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലെ സോൻബർസ രാജ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. ബഗൽപൂർ ജില്ലയിൽ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേശ് ദേശീയ പാതിയിലെത്തിയപ്പോളാണ് വഴി തടഞ്ഞ് നിൽക്കുന്ന പശുവിനെ മാറ്റുവാനായി ഹോൺമുഴക്കുന്നത്.

എന്നാൽ ഹോൺ ശബ്ദം കേട്ട പശു പേടിച്ച വഴിയിൽ നിന്നും കുതറി ഓടി. തുടർന്ന് പശുവിന്റെ ഉടമസ്ഥൻ രാം ദുലർ യാദവ് ഹോൺ മുഴക്കിയ ഗണേശിനെ വണ്ടിയിൽ നിന്നും പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. ഗണേശ് പശുവിനെ ഭയപെടുത്തുവാൻ മനഃപൂർവ്വം ഹോൺ മുഴക്കിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം.

കണ്ണിന് മർദ്ദനമേറ്റ ഗണേശിനെ ഉടൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബോധം തിരിച്ച് കിട്ടിയപ്പോൾ തന്റെ ഇടത്തെ കണ്ണിന് കാഴ്‌ച്ചയില്ലെന്ന് ഗണേശ് ഡോക്ടർമാരോട് വെളിപ്പെടുത്തി. കണ്ണിൽ നിന്നും ഏറെ രക്തം നഷ്ടപെട്ടതായിരിക്കാം കാഴ്‌ച്ച നഷ്ടപെടാൻ കാരണമായതെന്ന് ഡോക്ടടർ പറഞ്ഞു.

സംഭവത്തിൽ സോൻബർസ രാജ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ താൻ ഗണേശിനെ മർദ്ദിച്ചിട്ടില്ലെന്നും, ഗണേശിനെ മർദ്ദിച്ചു എന്ന പറയുന്ന സമയം താൻ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നുമാണ് റാം ദുലർ യാദവ് പൊലീസിന് നൽകിയ വിശിദീകരണം.