ഇടുക്കി: 'ഗോഡ്ഫാദർ' പരാമർശത്തിനെത്തുടർന്ന് സിപിഐ. സംസ്ഥാന കൗൺസിലിൽ നിന്നു ജില്ലാ കൗൺസിലിലേക്ക് തരംതാഴ്‌ത്തപ്പെട്ട ഇ.എസ്. ബിജിമോൾ എംഎ‍ൽഎയ്‌ക്കെതിരേ പാർട്ടിക്കുള്ളിൽ പുതിയ ആരോപണം. നിയമസഭാംഗങ്ങൾക്കുള്ള ഭവനവായ്പ എടുത്തതിൽ പാർട്ടിച്ചട്ടങ്ങൾ മറികടന്നെന്നും പാർട്ടിയെ കബളിപ്പിച്ചെന്നുമാണ് ആരോപണം.

സ്പീക്കറുടെ പദ്ധതിയിൽ നിന്ന് പത്തു ലക്ഷം രൂപയാണ് എംഎ‍ൽഎമാർക്കു ഭവനവായ്പ അനുവദിക്കുന്നത്. സാധാരണക്കാരനില്ലാത്ത ഒരു അവകാശവും എംഎ‍ൽഎമാർക്കു വേണ്ടെന്ന് നേരത്തേ പന്ന്യൻ രവീന്ദൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ സർക്കുലർ ഇറക്കിയിരുന്നു. ഇത്തരം വായ്പകൾ സ്വീകരിക്കണമെങ്കിൽ പാർട്ടിയുടെ മുൻകൂർ അനുമതി നേടണമെന്നു വ്യവസ്ഥയും വച്ചു.

മുൻ ഹോസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട് മണ്ഡലം) എംഎ‍ൽഎ. നാരായണനും കിളിമാനൂർ എംഎ‍ൽഎയായിരുന്ന എൻ. രാജനും മറ്റും പാർട്ടിയുടെ അനുമതിയോടെ ഭവനവായ്പ സ്വീകരിച്ചിരുന്നു. ബിജിമോൾ ഈ ചട്ടം പാലിക്കാതെ വായ്പയെടുത്തെു. വായ്പയെടുത്ത ശേഷം അനുമതിക്കായി പാർട്ടിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇത് പാർട്ടി അച്ചടക്ക ലംഘനമാണെന്ന് വരുത്താനാണ് നീക്കം.

വായ്പയെടുത്ത ശേഷം അനുമതിക്കായി അപേക്ഷ നൽകിയത് പാർട്ടിയെ പറ്റിക്കാനാണെന്നാണ് ആരോപണം. വായ്പയെടുത്തെങ്കിലും വീട് നിർമ്മിച്ചില്ലെന്നും പറയുന്നു. വായ്പയെടുത്തതു സംബന്ധിച്ച് ബിജിമോൾക്കു നൽകിയ കാരണം കാണിക്കൽ നോട്ടീസിനു മറുപടി കിട്ടിയതിനു ശേഷമായിരിക്കു ബാക്കി നടപടി. ഈ വിവാദത്തിലും അച്ചടക്ക നടപടി ഉറപ്പാണെന്ന് സിപിഐ(എം) കേന്ദ്രങ്ങൾ പറയുന്നു.

തനിക്കു മന്ത്രിപദം ലഭിക്കാതെപോയത് പാർട്ടിയിൽ 'ഗോഡ്ഫാദർ' ഇല്ലാത്തതുമൂലമാണെന്നും പാർട്ടിയിലെ ഒരു നേതാവ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും വാരികയ്ക്കു അഭിമുഖത്തിൽ പറഞ്ഞതാണ് ബിജിമോൾക്കെതിരേ നടപടിക്കിടയാക്കിയത്.