- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറപറ കർണ്ണന് കോളടിച്ചു; ആ പഴയ കേസും മാവുങ്കൽ ബന്ധവും ഉണ്ടാക്കിയ നെഗറ്റീവ് ഇമേജിൽ നിന്ന് ഇനി അരി മുതലാളിക്ക് ചാടി പുറത്തിറങ്ങാം; നയതന്ത്രപരിരക്ഷയിൽ ആരേയും ഭയക്കാതെ ഇനി സുഖയാത്ര; ചൈനയുടെ ചതിയിൽ പെട്ട ശ്രീലങ്കയ്ക്ക് കേരളത്തിൽ ഇനി തുണ ബിജു കർണ്ണൻ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ചൈനയുടെ ഇടപെടലാണ് ഇതിനെല്ലാം കാരണമായത്. ഇതിനിടെ തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റ് വീണ്ടും തുടങ്ങുന്നു. പ്രമുഖ വ്യവസായ സംരംഭകനായ ബിജു കർണനാണ് ഓണററി കോൺസൽ.
നിറപറ അരിയുടെ ഉടമയാണ് ബിജു കർണ്ണൻ. ഒരു വിവാദ കേസിൽ ബിജു കർണ്ണൻ മുമ്പ് പെട്ടിരുന്നു. ഇതെല്ലാം വലിയ ചർച്ചയുമായി. മോൻസൺ മാവുങ്കൽ വിവാദത്തിലും പല ഘട്ടത്തിലും ബിജു കർണ്ണന്റെ പേര് ഉയർന്നു കേട്ടു. അത്തരത്തിലൊരു വ്യക്തിക്കാണ് കേരളത്തിൽ ശ്രീലങ്കയുടെ നയതന്ത്ര പരിരക്ഷ കിട്ടാൻ പോകുന്നതെന്നതാണ് വസ്തുത. എങ്ങനെയാണ് ബിജു കർണ്ണൻ ഈ പദവിയിൽ എത്തിയതെന്നതിൽ ഇനിയും വ്യക്തതയില്ല.
ശാസ്തമംഗലം രുഗ്മിണി അമ്മ ലെയ്നിലെ കെട്ടിടത്തിലാണ് കോൺസുലേറ്റ് പ്രവർത്തിക്കുന്നത്. കോൺസുലേറ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ശ്രീലങ്കൻ ടൂറിസം മന്ത്രി പ്രസന്ന രണതുംഗെ പങ്കെടുക്കും. ബജു കർണ്ണൻ ചുമതലയും ഏറ്റെടുക്കും. 2014 മുതൽ നാലുവർഷം ശ്രീലങ്കയുടെ ഓണററി കോൺസുലേറ്റ് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്നു.
ജോമോൻ ജോസഫായിരുന്നു ഓണററി കോൺസൽ. എന്നാൽ, അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് കോൺസുലേറ്റിന്റെ പ്രവർത്തനം നിലച്ചു. 2013 നവംബർ 27നാണ് ജോമോൻ ജോസഫ് കേരളത്തിലെ ആദ്യത്തെ ശ്രീലങ്കൻ ഓണററി കോൺസലായി നിയമിതനായത്. തിരുവനന്തപുരം ആസ്ഥാനമായി കോൺസുലേറ്റ് സ്ഥാപിതമായതോടെ വീസ സ്റ്റാംപിങ് എളുപ്പമായി. ശശി തരൂർ എംപിയുമായുള്ള സൗഹൃദമാണു ബിസിനസുകാരനായിരുന്ന ജോമോനെ ശ്രീലങ്കയുടെ നയതന്ത്രപ്രതിനിധിയാക്കി മാറ്റിയത്. ഹോട്ടൽ, പിഡബ്ല്യുഡി കരാർ മേഖലകളിലെ സംരംഭകനായിരുന്നു .
ശശി തരൂരിന്റെ ഇംഗ്ലിഷ് പ്രസംഗങ്ങൾ മലയാളത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജോമോൻ ജോസഫിന്റെ മരണം. ഇതോടെ കോൺസുലേറ്റിന്റെ പ്രവർത്തനവും നിലച്ചു. ഇതാണ് വീണ്ടും തുടങ്ങുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വ്യാപാര - വാണിജ്യ ബന്ധങ്ങൾ ഇതിലൂടെ കൂടുതൽ ശക്തമാക്കുമെന്ന് ഓണററി കോൺസൽ ബിജു കർണൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ ദീക്ഷ സ്വീകരിച്ച ഇടമെന്ന പ്രാധാന്യമുള്ള ശ്രീലങ്കയിൽ ശിവഗിരി മഠത്തിന് താത്പര്യമുണ്ടെങ്കിൽ സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് കപ്പൽ സർവീസ് പരിഗണനയിലെന്ന് ബിജു കർണൻ അറിയിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ മുന്നിലാണ്. ശ്രീലങ്കയും കേരളവും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപകസംഗമം സംഘടിപ്പിക്കും. വിനോദമേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. കേരളത്തിലെയും ശ്രീലങ്കയിലെയും തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം ഇടനാഴിക്ക് രൂപം നൽകും. സംസ്ഥാനത്തെ സ്റ്റുഡന്റ് പൊലീസ്, കുടുംബശ്രീ സംവിധാനങ്ങൾ പഠിക്കാൻ ശ്രീലങ്കൻ പ്രതിനിധി സംഘം സംസ്ഥാനത്തെത്തുമെന്നും ബിജു കർണൻ പറഞ്ഞു.
കോൺസുലേറ്റ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. ശ്രീലങ്കൻ മന്ത്രി പ്രസന്ന രണതുംഗ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ഡോ. ശശി തരൂർ, ജോൺ ബ്രിട്ടാസ്, കെ.ബി. ഗണേശ് കുമാർ എംഎൽഎ, ഓണററി കോൺസൽ ബിജു കർണൻ, ശ്രീലങ്കൻ ഡെപ്യൂട്ടി കമ്മിഷണർ ഡോ. ഡി. വെങ്കിടേശ്വരൻ, കോൺസുലേറ്റ് അഡൈ്വസർ ആൻഡ് ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ്, പബ്‌ളിക് റിലേഷൻസ് ഡയറക്ടർ ഡോ. കെ.ടി. വർക്കി തുടങ്ങിയവർ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ