തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ക്രമക്കേടുകളും ജീവനക്കാരുടെ കൃത്യവിലോപവും തുറന്നുപറഞ്ഞ എം ഡി ബിജുപ്രഭാകറിനെതിരെ കലാപക്കൊടി ഉയർത്തി തൊഴിലാളി യൂണിയനുകൾ. കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ സിഐടിയു നേതൃത്വവും രംഗത്തെത്തി.

ബിജു പ്രഭാകറിന്റെ പ്രസ്താവനകൾ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി പറഞ്ഞു. തൊഴിലാളികൾ കൃത്യവിലോപം കാട്ടിയാൽ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ലെന്നു എളമരം കരീം കുറ്റപ്പെടുത്തി.

കെഎസ്ആർടിസിയിലെ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകൾ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ നേരത്തെ രംഗത്തെത്തിയതിനോടാണ് എളമരത്തിന്റെ പ്രതികരണം.

കാലങ്ങളായി കെഎസ്ആർടിസിയിൽ നേരിടുന്ന ജീർണ്ണതകളാണ് വാർത്തസമ്മേളനത്തിലൂടെ എം ഡി ബിജു പ്രഭാകർ തുറന്നുകാട്ടിയത്. താൽക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാർ ഇഞ്ചികൃഷിയും മഞ്ഞൾകൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ പ്രധാന ആരോപണം. വലിയ ശമ്പളം കൈപ്പറ്റിക്കൊണ്ട് ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നുവെന്നും ബിജു പ്രഭാകർ തുറന്നടിച്ചിരുന്നു.

ഐ എൻ ടി യു സിക്ക് പിന്നാലെ കെ എസ് ആർ ടിയിലെ പ്രബല യൂണിയനായ സി ഐ ടി യുവും കൂടി ബിജു പ്രഭാകറിന് എതിരെ രംഗത്ത് വന്നതോടെ കോർപ്പറേഷനിലെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്നാണ് സി ഐ ടി യു നിലപാട്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരിം തുറന്നുപറയുന്നു. വാർത്താ സമ്മേളനം നടത്തിയല്ല എംഡി ഇത്തരം വിഷയങ്ങൾ പറയേണ്ടതെന്നും എളമരം കുറ്റപ്പെടുത്തുന്നുണ്ട്.

തൊഴിൽ പരിഷ്‌കരണം ചർച്ച ചെയ്തത് വേണം നടപ്പാക്കാൻ. ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വയ്ക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നുമാണ് എളമരം കരിം പറയുന്നത്.

കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെ മനം മടുത്താണ് ജീവനക്കാരുടെ കെടുകാര്യസ്ഥതയടക്കം കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ ബിജു പ്രഭാകർ തുറന്നുപറഞ്ഞത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ജീവനക്കാർ തെരുവിലിറങ്ങുന്നതാണ് ഇന്ന് കണ്ടത്. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ച നടന്നത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകൾക്കു മുൻപിലും ടി.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കമുണ്ട്. സി പി എം-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എം ഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെ എസ് ആർ ടിസി യിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി.

കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ അലംഭാവവും മുൻപൊരിക്കൽ തുറന്നു കാട്ടിയ അന്നത്തെ എംഡി ടോമിൻ തച്ചങ്കരിക്കെതിരെ കെഎസ്ആർടിസി യൂണിയൻ നേതാക്കൾ രാഷ്ട്രീയം മറന്ന് ഒരുമിക്കുകയും പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തുകയും ചെയ്തതിന് സമാനമായ അനുഭവമാണ് ബിജു പ്രഭാകറിനേയും കാത്തിരിക്കുന്നത്.

മെയ്യനങ്ങാതെ ഭരിച്ച് മുന്നേറിയ യൂണിയൻ നേതാക്കളെക്കൊണ്ട് പണിയെടുപ്പിക്കാൻ ശ്രമിച്ചതാണ് തച്ചങ്കരി ശത്രുവാകാൻ അന്ന് കാരണമെങ്കിൽ സ്ഥിരം ജീവനക്കാരുടെ അനാസ്ഥയും തട്ടിപ്പും ക്രമക്കേടും തുറന്ന് പറഞ്ഞ ബിജു പ്രഭാകറും യൂണിയൻ നേതാക്കളുടെ കണ്ണിൽ കരടായി മാറിക്കഴിഞ്ഞു. വിഷയത്തോടുള്ള യൂണിയൻ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത് ഇതാണ്.

എംഡി സ്ഥാനത്തിരുന്ന് ബിജു പ്രഭാകർ രാഷ്ട്രീയം കളിക്കുന്നു എന്നതാകും ഉടൻ ഉയരാൻ പോകുന്ന വിമർശനം. കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണെന്നും അതുകൊണ്ടാണ് വിമർശിച്ചതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു പരത്തും. കോൺഗ്രസുകാരനായതു കൊണ്ടാണിതെന്നും വിവരിക്കും. അങ്ങനെ ബിജുവിനേയും സ്ഥാനത്ത് നിന്നും നീക്കാനുള്ള സമ്മർദ്ദം ശക്തമാക്കും.

സർക്കാരിലും വകുപ്പ് മന്ത്രിയിലും സമ്മർദ്ദം ചെലുത്തി എം ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റാനുള്ള നീക്കങ്ങളാകും വരും ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ അരങ്ങേറുക.
യൂണിയൻ നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുകൾക്കും ചരടുവലികൾക്കും പിന്തുണയുമായി ഭരണകക്ഷി നേരിട്ട് രംഗത്ത് വന്നുകൂടായ്കയില്ല.