കോഴിക്കോട്: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ കൈക്കൂലിക്കും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്കാർ. സോളാർ കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് നടപടികളും സർക്കാർ തുടങ്ങി. ഇതോടെ ആരോപണ വിധേയരായ നേതാക്കൾ അറസ്റ്റു ഭയന്ന് പ്രതിരോധം തീർക്കുകയാണ്. രാഷ്ട്രീയമായി നേരിടുമെന്നാണ് ഉമ്മൻ ചാണ്ടി മറുപടി നൽകിയിരിക്കുന്നത്. ഇതിനിടെ ഇപ്പോൾ ഇടതുപാളയത്തിലുള്ള ഗണേശ് കുമാറും ആർ ബാലകൃഷ്ണ പിള്ളയുമാണ് സോളാർ വിവാദങ്ങൾക്ക് പിന്നിലെന്ന ആരോപണവും ശക്തമാണ്. ഈ പരാതി ഉന്നയിച്ച് ടീം സോളാറിന്റെ പേരിൽ തട്ടിപ്പു നടത്തിയ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ രംഗത്തെത്തി. ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ, മരണമൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. പി.പി. വിനീത് മുഖേന ഹരജി നൽകിയത്.

സോളാർ വിവാദത്തിന്റെ സൂത്രധാരൻ കെ.ബി ഗണേശ് കുമാറെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമെന്നും ബിജു വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നൽകിയ പരാതിയിൽ ആരോപിച്ചു. എഴുതിത്ത്ത്ത്തയ്യാറാക്കിയ പരാതിയാണ് ബിജു രാധാകൃഷ്ണൻ കെ.ബി ഗണേശ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സോളാർ പ്രശ്‌നത്തിന്റെ യഥാർത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എംഎൽഎയായ കെ.ബി ഗണേശ് കുമാറാണെന്ന് പരാതിയിൽ പറയുന്നു. ഗണേശ്കുമാറിനെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു.

ടീം സോളാർ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥൻ ഗണേശ് കുമാറാണ്. സരിത ഗണേശ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണൻ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരമാണെന്നും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഊർജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേശ്‌കുമാർ തന്നെ വിളിപ്പിച്ച് കമ്പനി ആരംഭിക്കാൻ പണം മുടക്കാൻ തയാറാണെന്നറിച്ചു. തുടർന്ന് ഗണേശ്‌കുമാറിെന്റ ബിനാമിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേശ് കുമാറിന് നൽകി. പിന്നീട് കമ്പനിയുടെ വളർച്ചക്കുവേണ്ടി ഗണേശ്‌കുമാർ സരിതയെ മറ്റു മന്ത്രിമാർക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും പരിചയപ്പെടുത്തിയതായും ഹരജിയിൽ ആരോപിക്കുന്നു.

ബിസിനസ് രംഗത്ത് ഇത്തരം അനാശാസ്യബന്ധങ്ങളും ഭീഷണിപ്പെടുത്തലും കൂട്ടിക്കുഴക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് താനിവരുടെ കണ്ണിലെ കരടായി മാറിയത്. ഇതിനെതിരെ പ്രതികരിച്ചതിനാൽ വാക്കേറ്റം നടന്നു. ഈ രഹസ്യങ്ങളെല്ലാം അറിയാവുന്ന തന്നെ പൂർണമായും ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. ത!!െന്റ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണത്തെ കൊലപാതകമാക്കി മാറ്റിയത് ഇതി!!െന്റ ഭാഗമായാണെന്നും ബിജു രാധാകൃഷ്ണൻ ഹരജിയിൽ വ്യക്തമാക്കി. ഗണേശിനുള്ള പങ്ക് തുറന്നുപറയരുതെന്നും അങ്ങനെ ചെയ്താൽ തന്നെയും അമ്മയെയും സഹായിക്കുന്നവരെയും ജീവനോടെ വെച്ചേക്കില്ലെന്നും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും ഇവരുടെ സാമ്പത്തിക, ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാലാണ് ഇതുവരെ പറയാതിരുന്നതെന്നും ഹരജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം മഞ്ചേരി കോടതിയിൽ ഹാജരാക്കിയ തന്നെ വടകര കോടതിയിൽ കൊണ്ടുവരുന്ന വഴി തന്റെ അഭിഭാഷക നിഷ കെ. പീറ്ററിന്റെ ഫോണിൽ എതിർകക്ഷികളുടെ സഹായത്തോടെ സരിത വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തന്റെ ഹരജി മരണമൊഴിയായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ബിജു കോടതിയെ സമീപിച്ചത്. എന്നാൽ, മൊഴിയെടുത്തശേഷം ഹരജി കോടതി തള്ളി. കേസ് വടകര കോടതിയുടെ അധികാരപരിധിയിൽ വരാത്തതിനാലാണ് തള്ളിയത്. ഭീഷണി സംബന്ധിച്ച് അഭിഭാഷക പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വടകരയിലെ സോളാർ കേസിെന്റ വിചാരണ എ.പി.പി ഇല്ലാത്തതിനാൽ വെള്ളിയാഴ്ച നടന്നില്ല. കേസ് നവംബർ 14ലേക്ക് മാറ്റി

എന്നാൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലിൽ സ്വീകരിക്കാതെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ മാസം 17 ന് പരാതി തിരുവനന്തപുരത്ത് സമർപ്പിക്കാനാണ് തീരുമാനം. അതേസമയം കോൺഗ്രസ് നേതാക്കൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ച സരിതാ നായർ എന്തുകൊണ്ടാണ് ഗണേശ്കുമാറിനെ വെറുതെവിട്ടതെന്ന ചോദ്യവും ബിജു കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ആർക്കുമറിയാത്ത ചോദ്യത്തിനുള്ള ഉത്തരം തനിക്കറിയാമെന്നും അതു തെളിയിക്കുന്ന വീഡിയോ പുറത്തുവിടുമെന്നും കേസിലെ കൂട്ടുപ്രതിയായ ബിജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ പീഡിപ്പിച്ചവരുടെ പട്ടികയിൽ ഗണേശ് കുമാർ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. കഴിഞ്ഞദിവസം ചാനൽ ചർച്ചക്കിടെ അവതാരകൻ ഇക്കാര്യം ചോദിച്ചപ്പോൾ നമ്മുടെ സുഹൃദ് വലയത്തിൽ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. എന്നാൽ ഗണേശുമായി തനിക്ക് ലൈംഗികബന്ധം ഇല്ലെന്ന് സരിത പറഞ്ഞതുമില്ല. ഇതിനിടെയാണ് കമ്മീഷൻ റിപ്പോർട്ടിനോട് സർക്കാർ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാൻ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണൻ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചതും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു.

അതേസമയം ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന് സോളാർ കേസ് തിരിച്ചടിയായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ മാർഗ്ഗങ്ങളാണ് കോൺഗ്രസ് തേടുന്നത്. അതിന് വേണ്ടി ഗണേശിനെതിരായാ ബിജുവിന്റെ പരാമർശങ്ങളും ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. സോളാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തുവരുമ്പോൾ ഇടതു നേതാക്കൾക്കെതിരായ ആരോപണങ്ങളും അതിൽ അടങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോൺഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികളാണ് പിണറായി സർക്കാറിന്റേതെന്നും പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.