തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിന് പത്ത് കോടി രൂപ കോഴ നൽകിയെന്ന ബാർ ഹോട്ടൽ ഓണേഴ്‌സ് അസാസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് ബിജു രമേശിന്റെ ഈ വെളിപ്പെടുത്തൽ ഉള്ളത്. മൊഴിയുടെ പകർപ്പ് പുറത്തുവന്നു. പണം കൈമാറിയത് ബാറുടമ കൃഷ്ണദാസാണ്. ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് വേണ്ടിയാണ് കോഴ നൽകിയതെന്നും രമേശ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

ബാർ അസോസിയേഷൻ പിരിച്ചെടുത്ത തുകയാണിത്. ഓരോ വർഷവും ഇത്തരത്തിൽ മന്ത്രി ബാബുവിന് പണം നൽകാറുണ്ട്. 10 കോടി കോഴ നൽകിയതു കൊണ്ടാണ് ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയിൽ പറയുന്നു. ബിയർ, വൈൻ ലൈസൻസ് നൽകുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടു.

201213ലെ ബജറ്റിന് മുമ്പുള്ള യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, എലഗൻസ് ബാർ ഉടമ ബിനോയ് എന്നിവരും പങ്കെടുത്തുവെന്നും ബിജുവിന്റെ മൊഴിയിൽ പറയുന്നു. കെ എം മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്ന് രാജ്കുമാർ ഉണ്ണി പറഞ്ഞു. ഇതിൽ ഒരു കോടി രൂപ നൽകിയതായും രഹസ്യമൊഴിയിൽ പറയുന്നു. മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപയാണ് മാണിക്ക് നൽകിയത്. ഇതിൽ 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വസതിയിൽ വച്ച് കൈമാറിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. ഇതോടൊപ്പം ആരോഗ്യമന്ത്രി വി എസ്.ശിവകുമാറിനും പണം നൽകിയെന്ന് മൊഴിയിലുണ്ട്.

ബാറുകാർക്ക് അനുകൂലവിധിയുണ്ടായാൽ അപ്പീൽപോകില്ലെന്ന് മന്ത്രി ബാബു ഉറപ്പുനൽകിയതിനെ തുടർന്നാണ് കെ. എം. മാണിക്ക് അനുകൂലമായി ബാർ ഹോട്ടൽ സംഘടനയുടെ ഭാരവാഹികൾ മൊഴി നൽകിയത്. വിജിലൻസിന് താൻ നൽകിയമൊഴി മന്ത്രി പി.ജെ.ജോസഫിന് ചോർന്നുകിട്ടിയെന്നുമാണ് ബിജു രമേശിന്റെ മറ്റു വെളിപ്പെടുത്തലുകൾ.

ബിജു രമേശ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ നൽകിയ രഹസ്യമൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. വിചാരണവേളയിൽ സാക്ഷി കൂറുമാറാതിരിക്കാനാണ് അന്വേഷണസംഘം സാക്ഷികളുടെ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്തുന്നത്. 350ഓളം സാക്ഷികളാണ് ബാർ കോഴ കേസിലുള്ളത്. ഇതിൽ ബിജുവിന്റെ മൊഴി മാത്രമാണ് കോടതിവഴി രേഖപ്പെടുത്തിയത്. ബിജു രമേശിന്റെ രഹസ്യമൊഴി അന്വഷണത്തിന്റെ ഭാഗമായി ലഭ്യമാക്കാൻ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനിടെയാണ് മൊഴിയുടെ പകർപ്പ് പുറത്തുവന്നിരിക്കുന്നതും.

ബാർകോഴ കേസിൽ ആദ്യം പുറത്തുവന്നത് മന്ത്രി കെ എം മാണിയുടെ പേരാണെങ്കിലും പിന്നീട് ശിവകുമാറിന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകളും ബിജു രമേശ് പുറത്തുവിട്ടിരുന്നു. എന്നാൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേരില്ലെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ ബാബുവിന് പത്ത് കോടി നൽകിയെന്ന ആരോപണം വരും ദിവസങ്ങളിലും കൂടുതൽ വിവാദത്തിന് ഇടയാക്കും. കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യം ഉണ്ടാകും. ഒരു കോടി മാണി വാങ്ങിയെന്ന ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തിനെതിരെ പ്രാഥമിക വിജിലൻസ് അന്വേഷണം നടത്തി ഒന്നാം പ്രതിയാക്കിയിരുന്നു. ഇതിൽ കെ എം മാണി തനിക്കുള്ള പരിഭവവും പറഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിലെ സാഹചര്യങ്ങൾ കൂടുതൽ കലുഷിതമാകാനാണ് സാധ്യത.

ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി വിജിലൻസിന് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം ആരംഭിക്കേണ്ടി വരുമെന്ന് നിരീക്ഷണം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ബാബുവിനും മറ്റ് മന്ത്രിമാർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം വിജിലൻസ് തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഇക്കുറി മൊഴി 164ാം വകുപ്പ് പ്രകാരമുള്ളതായതിനാൽ വിജിലൻസിന് കേസെടുക്കേണ്ടി വന്നേക്കുമെന്നാണ് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.