തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും കേന്ദ്രമന്ത്രി മോഹവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ സമത്വ മുന്നേറ്റയാത്രയായി കേരളത്തിലൂടെ കടന്നുപോകുന്നത്. പുതിയ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി കരുത്തു തെളിയിച്ചാൽ മാത്രം അതേക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി യാത്ര നടത്തുന്നത്. ഇതിനിടെ വെള്ളാപ്പള്ളിയുടെ ശത്രുവും ധർമ്മവേദി നേതാവും ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിയുടെ രാജിയിൽ കലാശിക്കാൻ ഇടയായ ആരോപണം ഉന്നയിച്ച വ്യക്തിയുമായ ബിജു രമേശും ഇതേ മോഹവുമായി പ്രധാനമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്‌ച്ചയിൽ വിവാദ വ്യക്തിത്വമായ ബിജു പ്രധാനമന്ത്രിക്ക് വ്യാജ കത്ത് നൽകിയെന്ന ആരോപണം ഉന്നയിച്ച് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയും രംഗത്തുവന്നു.

ശിവഗിരി മഠത്തിന്റെ ആനുകൂല്യത്തിൽ മന്ത്രിയാകാനാണ് ബിജു ശ്രമിച്ചതെന്നാണ് ഋതംബരാനന്ദ ആരോപിച്ചത്. കഴിഞ്ഞ ജൂൺ 16നാണ് മോദിയെ കണ്ട് പ്രകാശാനന്ദ കത്തു നൽകിയത്. കൂടിക്കാഴ്‌ച്ചയിൽ ബിജു രമേശിനെ മന്ത്രിയാക്കണമെന്ന് ശിവഗിരി മഠം ശുപാർശ ചെയ്യുന്നു എന്ന കത്തും മോദിയയെ കാണിച്ചു. പ്രായാധിക്യമുള്ള സ്വാമിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഋതംബരാനന്ദ ചെയ്തത്. 93 വയസുകഴിഞ്ഞ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത് ശരിയായില്ലെന്നും ഋതംബരാനന്ദ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും ബിജു അവകാശപ്പെട്ടിരുന്നുവെന്നും ഇത് തെറ്റാണെന്നുമായിരുന്നു സ്വാമയുടെ വെളിപ്പെടുത്തൽ.

മഠത്തിന്റെ പേരുപയോഗിച്ച് ബിജു രമേശ് കേന്ദ്രമന്ത്രിയാവാൻ ശ്രമിച്ചെന്നു സ്വാമി ആരോപിച്ചതോടെ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറെടുക്കുകയാണ്. മഠാധിപതി സ്വാമി പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ച് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രധാനമന്ത്രിക്ക് കത്ത് നൽകി എന്നതാണ് ഗുരുതരമായ ആരോപണം. ജനറൽ സെക്രട്ടറിയടക്കം ആരെയും അറിയിക്കാതെ സ്വാമി പ്രകാശാനന്ദയെയും കൂട്ടി ഡൽഹിയിലെത്തിയത്. ഇതേക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നുല്ല. എന്നാൽ, ഇപ്പോൾ ആരോപണം ഉയർന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്താൻ നിർബന്ധിതരാകുകയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ കൂടിയാണ് ഈ സംഭവം. പ്രധാനമന്ത്രിയെ പോലെ അത്യുന്നതനായ ഒരു വ്യക്തിക്ക് മഠം അധികൃതരുടെ കൃത്യമായ അറിവില്ലാതെ വ്യാജകത്തു നൽകി എന്നു പറയുന്നത് ഇന്റലിജന്റ്‌സ് വീഴ്‌ച്ചയായി പോലും കണക്കാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഋതംബരാനന്ദയുടെ ആരോപണം പുറത്തുവന്ന ഉടനെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ശ്രദ്ധയിൽ ഈ വിഷയം പെട്ടിട്ടുണ്ട്.

ബിജു പ്രകാശാനന്ദയെ കൂട്ടി ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടെന്ന കാര്യം ബിജെപിയും സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യം ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ നേതാക്കൾ ആരും അറിഞ്ഞില്ലെന്നും സുരേന്ദ്ര പറഞ്ഞു. ആരും അറിയാതെയാണ് ബിജു രമേശ് ഡൽഹിക്ക് പോയത്. പ്രധാനമന്ത്രിക്ക് ബിജുരമേശ് ആരെന്ന് അറിയാൻ വഴിയുണ്ടെന്നും ഇക്കാരണത്താൽ ഉദ്ദേശിച്ചതൊന്നും നടന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

എന്നാൽ പ്രധാനമന്ത്രിയെ കണ്ടുവെന്ന് വ്യക്തമാക്കിയ ബിജു രമേശ് ശിവഗിരി മഠത്തിന്റെ പേരുപയോഗിച്ച് കേന്ദ്ര മന്ത്രിയാകാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയോടൊപ്പം ഡൽഹിയിൽ പോയെന്നത് ശരിയാണ്. പ്രധാനമന്ത്രി മോദിയെ കാണണമെന്ന് പ്രകാശാനന്ദയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ശിവഗിരി മഠത്തിന്റെ പേരിൽ കത്ത് നൽകിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു. എന്നാൽ കേരളത്തില രാഷ്ട്രീയ സാഹചര്യത്തിൽ ഒരു വിവാദമായി വിഷയം ഉയർന്നു വന്നതോടെ ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശിവഗിരിയിലെ ഒരു വിഭാഗം സ്വാമിമാരും രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്.

ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശിവഗിരി മഠത്തിലെ സ്വാമി പ്രകാശാനന്ദ അടക്കമുള്ളവർ ബിജു രമേശിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രകാശാനന്ദയുമായി വളരെ അടുപ്പവും ബിജു രമേശിനുണ്ട്. ശിവഗിരിയിലെ പല കാര്യങ്ങളിലും ഇടപെടൽ നടത്തുന്നതും ബിജു രമേശ് ആണ്.