കോഴിക്കോട്: കോൺഗ്രസ് നേതാക്കളുടെ അമ്പരപ്പിക്കുന്ന അഴിമതിക്കഥകളുമായി ബിജുരമേശ് വീണ്ടും. ബാബുമാത്രമല്ല, കെപിസിസിതന്നെ വിവിധ ഘട്ടങ്ങളിലായി ബാർ മുതലാളിമാരിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ബിജു രമേശ് ആരോപിച്ചു.

ബാർ ലൈസൻസിന് വേണ്ടിയല്ലാതെയും ബാർ ഹോട്ടൽ അസോസിയേഷനിൽനിന്ന് മന്ത്രി കെ. ബാബു രണ്ട് കോടിയോളം രൂപ വാങ്ങിയിട്ടുണ്ട്. ബാർ ലൈസൻസ് ഫീസിലെ സ്‌ളാബ് സമ്പ്രദായം എടുത്തുകളയാൻ അസോസിയേഷൻ 2005ൽ കെപിസിസിക്ക് ഒരു കോടി രൂപ നൽകിയെന്നും അദ്ദഹേം വെളിപ്പെടുത്തി. നവംബർ 22ന് പുറത്തിറങ്ങിയ 'കലാകൗമുദി' വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തൽ.

യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ വർഷം ആദ്യം കെ. ബാബു 50 ലക്ഷം വേണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടു. ഉടൻ ഓരോ ബാറുടമയും 10,000 മുതൽ 25,000 രൂപവരെ വച്ച് പിരിച്ചുനൽകി. ബാർ ലൈസൻസുമായി ബന്ധപ്പെട്ടല്ല അന്ന് തുക ചോദിച്ചത്. അടിയന്തരമായി വേണം എന്നേ പറഞ്ഞുള്ളൂ. ആ തുക പോളക്കുളം കൃഷ്ണദാസ് വഴി ബാബുവിന് കൈമാറുകയായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ ഒരു കോടി വേണമെന്ന് പറഞ്ഞു. അപ്പോഴും 50 ലക്ഷം കൊടുത്തു. നെയ്യറ്റിൻകര ഉപതെരഞ്ഞെടുപ്പിന് ഒരു കോടിയോളം പിരിച്ചുനൽകി. ഇതൊന്നും കെപിസിസിക്ക് അല്ല കൊടുത്തത്.

ബാബുവിന്റെ ഓഫിസിലേക്കാണ്. 2013-14 ൽ ബാർ ലൈസൻസ് ഫീസ് ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശം പ്രീബജറ്റ് സെഷനിൽ ഉണ്ടായപ്പോഴാണ് ബാബു 10 കോടി രൂപ ചോദിച്ചത്. ഇതിൽ ആദ്യ ഗഡുവായ 50 ലക്ഷം രൂപ താനാണ് ബാബുവിന്റെ ഓഫിസിൽ കൊണ്ടുക്കൊടുത്തത്. ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയെയാണ് തുക ഏൽപിച്ചത്. തുണിക്കടയിൽനിന്ന് കിട്ടുന്ന സിബ്ബുള്ള സഞ്ചിയിലാണ് പണം പായ്ക്ക് ചെയ്തത്. തങ്ങൾ ഓഫിസ് വിട്ട് താഴെയിറങ്ങിയപ്പോൾ അതേ പണസഞ്ചി സുരേഷ് പൈ മന്ത്രിയുടെ കാറിൽ കൊണ്ടുവന്ന് വെക്കുന്നത് കണ്ടു ബിജു വ്യക്തമാക്കി.

2005ൽ ബാർ ലൈസൻസ് ഫീസ് 30 ലക്ഷമാക്കി ഉയർത്തുന്ന സ്‌ളാബ് സമ്പ്രദായം സർക്കാർ മുന്നോട്ടുവച്ചത് എടുത്തുകളയാനാണ് കെപിസിസിക്ക് ഒരു കോടി രൂപ കൊടുത്തത്. ഫീസ് 15 ലക്ഷമാക്കാനാണ് തുക നൽകിയത്. രണ്ട് കോടിയാണ് കെപിസിസി ചോദിച്ചത്. വലിയ സമ്മർദത്തെ തുടർന്നാണ് ഒരു കോടിയാക്കിയത്.

മന്ത്രി കെ.എം. മാണിക്ക് പാലായിലെ വീട്ടിൽവച്ച് 15 ലക്ഷം രൂപ നൽകിയില്‌ളെന്ന് മൊഴിമാറ്റാൻ പി.ജെ. ജോസഫ് സമ്മർദം ചെലുത്തിയെന്നും ബിജു വെളിപ്പെടുത്തുന്നു. ബാർ അസോസിയേഷൻ ഭാരവാഹികളെ ജോസഫിന്റെ തൊടുപുഴയിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഇക്കാര്യം പറഞ്ഞത്. ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ടിൽ പറഞ്ഞത് അടുത്ത തവണ മാറ്റിപ്പറയണമെന്നായിരുന്നു നിർദ്ദേശം.

മാണിക്കെതിരെ മിണ്ടാതിരുന്നാൽ തനിക്ക് 10 കോടി രൂപയും അസോസിയേഷന് ഒരു കോടിയും നൽകാമെന്ന് ജോൺ കല്ലാട്ട് വഴി ജോസ് കെ. മാണി നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. കൊട്ടാരക്കര സ്വദേശിയായ കേരള കോൺഗ്രസ് നേതാവ് രാധാകൃഷ്ണപിള്ള നേരിൽകണ്ട് ഇതിൽക്കൂടുതൽ തുക വാഗ്ദാനം ചെയ്‌തെന്നും ബിജു അഭിമുഖത്തിൽ പറയുന്നു.

ബാറുടമകളും, ജൂവലറിക്കാരും, ക്വാറി ഉടമകളുമൊക്കെ വർഷങ്ങളായി സർക്കാറിന്റെ കറവപ്പശുക്കളാണെന്നും എന്ത് സംഭവമുണ്ടായാലും ആദ്യം പണം കൊടുക്കേണ്ടിവരിക തങ്ങളാണെന്നും ബിജു അഭിമുഖത്തിൽ പറയുന്നു. നേരത്തെ എഷ്യാനെറ്റിന്റെ 'പോയിന്റ് ബ്‌ളാങ്ക്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബിൽഡർമാരിൽനിന്ന് മാണി അഞ്ചുകോടി രൂപ വാങ്ങിയെന്ന പുതിയ ആരോപണം ബിജുരമേശ് ഉന്നയിച്ചിരുന്നു. ബിൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യത്തിനായി തന്നെ വന്നു കണ്ടെന്നും അവർ സംസാരിക്കുന്ന ശബ്ദരേഖ കാണിച്ചുതരാമെന്ന്, ഇന്റർവ്യൂ ചെയ്യുന്ന ജിമ്മി ജെയിംസിനോട് ബിജു പറയുന്നുണ്ട്.

എല്ലാ ഗവൺമെന്റുകൾക്കും ഇങ്ങനെ കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് പി.കെ ഗുരുദാസനായിരുന്നു എക്‌സൈസ് മന്ത്രിയെന്നും അങ്ങേയറ്റം മാന്യനായ ഇദ്ദേഹത്തിന് ഒരു ചായപോലും വാങ്ങിക്കൊടുക്കേണ്ടി വന്നിട്ടില്‌ളെന്നും ബിജുരേമശ് പറഞ്ഞു.ബാർ വിവാദത്തിൽ ഉൾപ്പെട്ടതായി വി എസ് ആരോപിച്ച രമേശ്ചെന്നിത്തലയെക്കുറിച്ചും വി എസ് ശിവകുമാറിനെയും കുറിച്ചുള്ള ചോദ്യത്തിന് വി എസ് കളവ് പറയാറില്‌ളെന്നും തന്റെ കൈയിൽ തെളിവില്ലാത്തതിനാലാണ് ഇക്കാര്യം പറയാത്തതെന്നും ബിജു രമേശ് പറഞ്ഞു.