തിരുവനന്തപുരം: വൻകിട മരുന്ന് ഇടപാടിനു കമ്മിഷനായി മുൻകൂർ വാങ്ങിയ 15 കോടി രൂപ ഇടപാട് നടക്കാതിരുന്നിട്ടും തിരികെ കൊടുക്കാതിരുന്നതിന്റെ പേരിലാണ് ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിന്റെ മകളെ ഡൽഹിയിൽ വച്ച് തട്ടിക്കൊണ്ടുപോയതെന്ന് ബിജു രമേശിന്റെ ആരോപണത്തിൽ ഡൽഹി പൊലീസ് അന്വേഷണം വരും. തട്ടിക്കൊണ്ട് പോകൽ ഡൽഹിയിലായതിനാൽ കേന്ദ്ര സർക്കാരിന് കീഴിലെ ഡൽഹി പൊലീസിന് അധികാരമുണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പരാതി നൽകാനാണ് ബിജെപിയുടെ നീക്കം. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എസ് ശ്രീശാന്തിനെ കൊണ്ട് പരാതി നൽകിക്കാനും നീക്കമുണ്ടുണ്ട്.

തിരുവനന്തപുരത്തെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥിയും ബാറുടമാ അസോസിയേഷൻ നേതാവുമായ ഡോ. ബിജു രമേശാണ് പത്രസമ്മേളനത്തിൽ മന്ത്രി ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മംഗളം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് താൻ നടത്തിയ അന്വേഷണത്തിലാണ് വൻ അഴിമതിക്കഥയുടെ ചുരുളഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ മരുന്ന് വൻതോതിൽ വാങ്ങിക്കൂട്ടാനായാണ് ഒരു മുൻനിര മരുന്നുകമ്പനിയിൽ നിന്നു മന്ത്രി കമ്മിഷൻ വാങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇടപാട് നടന്നില്ല. കൈപ്പറ്റിയ തുക മന്ത്രി തിരികെ നൽകാതിരുന്നതിനിനാലാണ് ഡൽഹിയിൽ പഠിക്കുകയായിരുന്ന മകളെ മരുന്നുകമ്പനിക്കാർ തട്ടിക്കൊണ്ടുപോയത്. മന്ത്രി നേരിട്ട് ഡൽഹിയിലെത്തി ഒരു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മധ്യസ്ഥതയിൽ കമ്പനിക്കാർക്കു പണം നൽകിയാണ് മകളെ മോചിപ്പിച്ചത്. മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റർ ചെയ്യാതിരുന്നതു സംശയകരമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

എന്നാൽ ഇത്തരമൊരു പരാതിയിൽ കേസ് എടുക്കേണ്ടത് ഡൽഹി പൊലീസാണ്. പരാതി ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിജെപി പരാതി നൽകുക. ശിവകുമാറിന്റെ മകളിൽ നിന്ന് മൊഴിയെടുത്ത് മറ്റ് സാഹചര്യവും മനസ്സിലാക്കി കേസ് എടുക്കണമെന്നാണ് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുക. ഗുരുതരമായ ആരോപണമാണ് മന്ത്രിക്ക് എതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം കൂടിയേ തീരുവെന്നാണ് ആവശ്യം. തിരുവനന്തപുരം മണ്ഡലത്തിലും അഴിമതി മുഖ്യ പ്രചരണ വിഷമാക്കാനാണ് നീക്കം. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളോട് ശിവകുമാർ മറുപടി പറയുന്നില്ല. ഇത് ജനപ്രതിനിധിക്ക് ചേർന്നതല്ലെന്നും ബിജെപി വിശദീകരിക്കുന്നു.

മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കാലാവധി തീരാറായ മരുന്നുകൾ വൻതോതിലാണു വാങ്ങിക്കൂട്ടിയത്. 600 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ഇതാണ് മകളുടെ തട്ടിക്കൊണ്ട് പോകലിലേക്ക് എത്തിച്ചതെന്നാണ് വിശദീകരിച്ചത്. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്കു വാങ്ങാൻ ബിനാമി പേരിലാണ് കരാറായിരിക്കുന്നത്. വിദേശത്തുള്ള മന്ത്രിയുടെ ഭാര്യാസഹോദരന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ സഹോദരൻ വി എസ്. ജയകുമാറിനെ ശബരിമല സീസണിൽ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസറായി അവിടെ നിയമിക്കുകയും സീസൺ കഴിഞ്ഞപ്പോൾ ദേവസ്വം ബോർഡ് സെക്രട്ടറിയാക്കുകയും ചെയ്ത നടപടി സ്വജനപക്ഷപാതമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

അതിനിടെ എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന ആക്ഷേപങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് തിരുവനന്തപുരം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥി ബിജു രമേശിനോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ബിജു പ്രഭാകർ വിശദീകരണം തേടി. 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് കലക്ടർ നൽകിയ നോട്ടീസിലെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ശിവകുമാറിനെതിരായ ആരോപണങ്ങൾ പൊതു വേദിയിൽ ഉന്നയിക്കാതെ കേന്ദ്ര സർക്കാരിന് പരാതിയായി നൽകാനുള്ള ബിജെപി നീക്കം.

മന്ത്രിയുടെ കള്ളപ്പണ ഇടപാടുകൾക്കാണ് ഭാര്യാസഹോദരനെ ദുബായിലേക്ക് അയച്ചിരിക്കുന്നത്. മരുന്നുകമ്പനികളിൽ നിന്നു കമ്മീഷൻ വ്യവസ്ഥയിൽ കോടികൾ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഈ കമ്പനികൾക്ക് ലൈസൻസ് നൽകാനായില്ല. ഇതോടെ കമ്മീഷനായി നൽകിയ പണം കമ്പനികൾ തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകാൻ മന്ത്രി കൂട്ടാക്കിയില്ല. അതിനാലാണു ഡൽഹിയിൽ പഠിക്കുന്ന മകളെ മരുന്ന് കമ്പനിക്കാർ തട്ടിക്കൊണ്ട് പോയതെന്നാണ് ബിജു രമേശ് പറയുന്നത്. ഒരു മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു ശ്രദ്ധയിൽപെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തിയത്. അതുകൊണ്ടു കേരളത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥ പുറത്തുകൊണ്ടുവരാനായി എന്നും ബിജു രമേശ് പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട മകളെ സംസ്ഥാനത്തെ ഒരു മന്ത്രി ഡൽഹിയിലെത്തി മോചിപ്പിച്ചെന്ന വാർത്ത മംഗളം പത്രമാണു റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലുണ്ടായിരുന്ന മകളെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നും ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഇതിനു പിന്നിലെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോകൽ അല്ല നടന്നതെന്നും മന്ത്രിയുടെ മകൾ ഇതരമതസ്ഥനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. പെൺകുട്ടിയുടെ കാമുകന് ബന്ധം ഉപേക്ഷിക്കാൻ അഞ്ച് കോടി നൽകിയെന്നും വാർത്തകളുണ്ടായിരുന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ഇക്കാര്യം മംഗളത്തിൽ തട്ടിക്കൊണ്ട് പോകൽ വാർത്തയാകുകയായിരുന്നു. 'പെൺകുട്ടി ഇപ്പോൾ നാട്ടിലുണ്ട്. ക്രൈം ത്രില്ലർ സിനിമയ്ക്ക് തുല്യമായ സംഭവങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ട മോചനദ്രവ്യം മന്ത്രി നൽകിയതായാണ് സൂചനയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, എത്ര തുക നൽകിയെന്നതിനെക്കുറിച്ചു കൃത്യമായ വിവരമില്ല. പൊലീസിനെ വിവരമറിയിക്കാതെ സംഭവം ഒത്തുതീർക്കുകയും ചെയ്തു. ഡൽഹിയിലുള്ള മകളെ കാണാനില്ലെന്നാണ് ആദ്യം തിരുവനന്തപുരത്ത് വിവരം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് വ്യക്തമല്ലാതിരുന്നതുകൊണ്ടു രഹസ്യമായാണു വിവരങ്ങൾ തിരുവനന്തപുരത്തെത്തിച്ചത്. തുടർന്ന് മന്ത്രിയുടെ വിശ്വസ്തനായ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സംഭവത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് പിന്നീട് കാര്യങ്ങൾ മുന്നോട്ടുനീങ്ങിയത്' എന്നിങ്ങനെ പോകുന്നു മംഗളം വാർത്ത. ഇതിനിടെയാണു മരുന്നുകമ്പനികളുമായുള്ള ഇടപാടാണു സത്യത്തിൽ നടന്നത്തെന്ന് ആരോപിച്ചു ബിജു രമേശ് രംഗത്തെത്തിയത്.