- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശിന് സീറ്റ് കൊടുക്കാൻ ഇടതുപക്ഷത്തിന് ഭയം; തിരുവനന്തപുരം കൊടുക്കില്ലെന്ന് ബിജെപി; മത്സരമോഹം തലയ്ക്ക് പിടിച്ച ബാറുടമ നേതാവ് മാറ്റുരയ്ക്കുന്നത് അണ്ണാ ഡിഎംകെയുടെ സ്ഥാനാർത്ഥിയായി
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തോളമായി കേരളത്തിലെ ന്യൂസ് മേക്കറായി നിന്നത് ആരെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക ബാറുടമാ നേതാവ് ബിജു രമേശെന്നാണ്. എന്തു ചെയ്യണമെന്ന് അറിയാതെ ഉഴറിയ ഇടതു മുന്നണിക്ക് രാഷ്ടീയ ആയുധങ്ങൾ സമ്മാനിച്ചത് ബിജുവിന്റെ വെളിപ്പെടുത്തലുകളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതി വിരുദ്ധ സമരനായകനായിപ്പോലും
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തോളമായി കേരളത്തിലെ ന്യൂസ് മേക്കറായി നിന്നത് ആരെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക ബാറുടമാ നേതാവ് ബിജു രമേശെന്നാണ്. എന്തു ചെയ്യണമെന്ന് അറിയാതെ ഉഴറിയ ഇടതു മുന്നണിക്ക് രാഷ്ടീയ ആയുധങ്ങൾ സമ്മാനിച്ചത് ബിജുവിന്റെ വെളിപ്പെടുത്തലുകളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതി വിരുദ്ധ സമരനായകനായിപ്പോലും ബിജു രമേശിനെ പലരും നോക്കി ക്കണ്ടു. വേണ്ടി വന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനസമ്മതി തെളിയിക്കാൻ തയ്യാറാണെന്ന് അരുവിക്കര തിരഞ്ഞെുപ്പിന്റെ വേളയിൽ ബിജു പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജു രമേശ് മത്സര രംഗത്തുണ്ടാകുമോ എന്ന വിധത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
ബിജു രമേശ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അടുത്ത എക്‌സൈസ് മന്ത്രിയാകുമെന്ന് പോലും ചില യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. എന്തായാലും ബാർകോഴയിൽ മാണിയെ വീഴ്‌ത്തിയ ബിജു രമേശിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതു മുന്നണിക്ക് ഭയമാണ്. ബിജെപിയുമായി അടുപ്പമുണ്ടെങ്കിലും ബിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവർക്കും താൽപ്പര്യമില്ല. എന്നാൽ എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന മോഹമാണ് ബിജുവിനുള്ളത്. അതുകൊണ്ട് തന്നെ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർത്ഥിയായി ബിജു രമേശ് മത്സരിക്കുമെന്ന് സൂചനയാണ് പുറത്തുവരന്നത്.
എ.ഐ.എ.ഡി.എം.കെ. കേരളാ ഘടകം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ ബിജു രമേശിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബിജുവിനെ മത്സരിപ്പിക്കുമെന്നാണ് സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ ജയലളിത സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. സ്ഥാനാർത്ഥിത്വത്തിന്റെ ആദ്യപടിയായി ബിജുരമേശ് ചെന്നൈയിലെ എ.ഐ.എഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. പാർട്ടിയുടെ ചട്ടപ്രകാരം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആൾ കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നൽകണം. ബിജുവിന്റെ പേരിൽ ഇത്തരത്തിൽ അപേക്ഷ ലഭിച്ചതായും സ്ഥിരീകരണമുണ്ട്.
എ.ഐ.എ.ഡി.എം.കെ. കഴിഞ്ഞ ദിവസം മൂന്നാറിൽ സംഘടിപ്പിച്ച പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. ബാർ കോഴക്കേസിൽ ബിജുവെടുത്ത നിലപാടുകൾ വോട്ടായി മാറുമെന്നും ഇത് കേരളത്തിൽ പാർട്ടിക്ക് ഗുണമാകുമെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ ആറു നിയമസഭാ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. ഇക്കുറി ഒമ്പതു സീറ്റിൽ മത്സരിക്കും. തിരുവനന്തപുരം കൂടാതെ ഇടുക്കി, പാലക്കാട് ജില്ലകളിലെ മൂന്നു മണ്ഡലങ്ങളിലും തൃശൂരിലുമാണ് മത്സരിക്കാൻ ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലക്കാടും ഇടുക്കിയിലും മൂന്നിടങ്ങളിൽ എ.ഐ.എഡി.എം.കെ. സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. തമിഴ് തൊഴിലാളികൾ കൂടുതലുള്ള ഇടുക്കിയിൽ എ.ഐ.എ.ഡി.എം.കെയുടെ പ്രവർത്തനം ശക്തമാണ്. തോട്ടം തൊഴിലാളികൾ കൂടുതലുള്ള ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലാണ് ഇടുക്കിയിൽ സ്ഥാനാർത്ഥികളെ നിർത്താൻ ജയലളിത ആലോചിക്കുന്നത്.
എന്തായാലും ബാറുടമാ നേതാവ് കൂടി തിരുവനന്തപുരത്ത് മത്സരരംഗത്തിറങ്ങുമ്പോൾ അത് എന്തു ചലനുമുണ്ടാക്കുമെന്നാണ് അറിയേണ്ടത്.