തിരുവനന്തപുരം: തമിഴ്‌നാടിന് പുറമേ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സാന്നിധ്യ അറിയിക്കാൻ ജയലളിതയുടെ അണ്ണാ ഡിഎംകെയുടെ ശ്രമം. ബാർകോഴ വിഷയത്തിലെ വിവാദ നായകൻ ബിജു രമേശിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് അണ്ണാ ഡിഎംകെയുടെ നീക്കം. ബിജുവിനെ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു.

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ജയലളിതയാണ് ബിജു രമേശിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ 227 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും കേരളത്തിലെ ഏഴു സീറ്റുകളിലേക്കും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയലളിത വീണ്ടും ചെന്നൈയിലെ ആർ.കെ. നഗർ മണ്ഡലത്തിൽ മൽസരിക്കും. മുന്മന്ത്രിമാരായ ഒ. പനീർസെൽവം ബോഡിനായ്ക്കനൂരിലും നത്തം ആർ. വിശ്വനാഥൻ ആത്തൂരിലും മൽസരിക്കും.

അമ്മ പറഞ്ഞാൽ ഏതു തീരുമാനവും അനുസരിക്കുമെന്നു ബിജു രമേശും പ്രതികരിച്ചതു. അമ്മ പറഞ്ഞാൽ അനുസരിക്കേണ്ടതു മക്കളുടെ കടമയല്ലേ? അതിനാൽ അനുസരിക്കെമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന കാര്യം എന്നോട് ആലോചിച്ചിരുന്നില്ല. ആറു വർഷമായി ചെന്നൈയിൽ എഐഡിഎംകെ അംഗമാണ്. അവിടെ ബിസിനസ് നടത്തുന്നതിനു ഡിഎംകെകാർ വൻ കോഴ ആവശ്യപ്പെട്ടു ശല്യപ്പെടുത്തിയപ്പോഴാണ് ഈ പാർട്ടിയിൽ ചേർന്നത്. പിന്നീട് ആരും പണം ചോദിച്ചു വന്നിട്ടില്ല.

ഞായറാഴ്ച തമിഴ്‌നാടു നിയമമന്ത്രി എസ്‌പി. വേലുമണി ഇവിടെ എത്തി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായി മൽസരിക്കണമെന്ന് അമ്മ പറഞ്ഞതായി അറിയിച്ചു. എന്റെ പേരു മാത്രമേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്തു നടന്ന ജയലളിതയുടെ ജന്മദിനാഘോഷ പരിപാടിയിലും പങ്കെടുത്തു. ഏതായാലും മൽസരിക്കുന്നതിന്റെ പേരിൽ ഞാനോ ഈ പാർട്ടിയോ ആരിൽ നിന്നും പിരിവു നടത്തില്ല. സ്വയം മൽസരിക്കുന്നതിനാൽ ആർക്കും പിരിവു കൊടുക്കാനും കഴിയില്ലെന്നും ബിജു പറഞ്ഞു.

താൻ മൽസരിക്കുന്ന കാര്യം അറിഞ്ഞപ്പോൾ മറ്റു ചില പാർട്ടിക്കാർ വിളിച്ചു ഞങ്ങളുടെ വയറ്റത്തടിക്കല്ലേ എന്ന് അപേക്ഷിച്ചതായി ബിജു പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ 30,000ത്തിലേറെ തമിഴ് വോട്ടർമാർ ഉണ്ടെന്നാണു എഐഡിഎംകെയുടെ കണക്കുകൂട്ടലെന്നും ബിജു രമേശ് പറഞ്ഞു. നേരത്തെ ബിജു രമേശ് ഇടതു മുന്നണി സ്ഥാനാർത്ഥിയാകുമെന്ന വിധത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായതെന്നും അദ്ദേഹം പറയുകയുണ്ടായി.

കേരളത്തിലെ ബാറുകളെല്ലാം അടച്ചതോടെ തമിഴ്‌നാട്ടിലേക്ക് ബിസിനസ് കൂടുതൽ വ്യാപിപ്പിക്കാൻ ബിജു ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയാകുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ് ജയലളിതയുടെ പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നത്. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബിജുവിന്റെ പ്രധാന ബിസിനസ്.