തിരുവനന്തപുരം: ഇന്ന് കേരളത്തിൽ വിലപോക്കുന്ന ഒരേ ഒരു ശക്തി ജാതിയും മതവുമാണ്. ഭരണാധികാരികൾ അനങ്ങണമെങ്കിലും ശരി ഉദ്യോഗസ്ഥർ നടപടി എടുക്കണമെങ്കിലും ശരി അതിന്റെ പിന്നിൽ ഒരു ജാതിക്കളി വേണം. സർവ്വ തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും കളക്ടറുടെ നിർബന്ധ ബുദ്ധിക്ക് മുൻപിൽ അനധികൃത കെട്ടിടം പൊളിക്കേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായപ്പോൾ വിവാദ ബാറുടമ ബിജു രമേശ് രാജധാനി കെട്ടിടത്തിന് വേണ്ടി രംഗത്ത് ഇറക്കിയിരിക്കുന്നതും ജാതിക്കാരെ തന്നെ.

തലസ്ഥാനത്തെ പൗരപ്രമുഖനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയുമായിരുന്നു ജി. രമേശൻ കോൺട്രാക്ടർ. 1972 ഡിസംബർ 22ന് മൂന്ന് പ്രമാണങ്ങളിലായി തിരുവിതാംകൂർ മഹാരാജാവിൽ നിന്നാണ് രമേശൻ കോൺട്രാക്ടർ ഈ സ്ഥലം വിലയാധാരമായി വാങ്ങിയത്. അന്നൊന്നും അവിടെ ഇപ്പോൾ സർക്കാർ പറയുന്നതരം ഓടയില്ലായിരുന്നു. ഓടയുണ്ടായിരുന്നെന്ന് ഇപ്പോൾ ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ജുഡിഷ്യലന്വേഷണം നടത്തി സത്യസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഈഴവമഹാജനസഭ കേന്ദ്രസമിതി കുറ്റപ്പെടുത്തി. എസ് എൻ ഡി പി യോഗത്തിന് ബദലായി ബിജു രമേശും കൂട്ടരും വളർത്തിയെടുക്കാൻ ശ്രമിക്കുന്ന കൂട്ടായ്മയാണിത്.

ഈഴവനായതുകൊണ്ടാണ് തനിക്ക് ഈ ഗതി വന്നതെന്ന് വരുത്താനാണ് നീക്കം. അപ്രശസ്തരായ വ്യക്തിത്വങ്ങളാണ് ഈ സംഘടനയിലുള്ളത്. ബിജു രമേശിനായി തീരുമാനമെടുത്ത യോദം ദേശീയ പ്രസിഡന്റ് എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് പ്രബോധ് എസ്. കണ്ടച്ചിറ അദ്ധ്യക്ഷതവഹിച്ചു. വരും ദിനങ്ങളിൽ പ്രതിഷേധം നടത്താനും തീരുമാനം ഉണ്ട്. എന്നാൽ എന്ത് വിലകൊടുത്തും ബിജു രമേശിന്റെ ഭൂമി ഏറ്റെടുക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജില്ലാ ഭരണകൂടം. ഈ സാഹചര്യത്തിൽ മന്ത്രി അടൂർ പ്രകാശിന്റെ അറിവോടെയാണ് ജാതി രാഷ്ട്രീയത്തെ വിവാദത്തിൽ കൊണ്ടുവരുന്നതെന്നാണ് സൂചന. എസ് എൻ ഡി പി യൂണിയന്റെ തലപ്പത്തിരുന്നു ജാതി പറഞ്ഞ് നേട്ടമുണ്ടാക്കുന്ന വെള്ളാപ്പള്ളി നടേശന്റെ മാതൃകയാണ് ബിജു രമേശും പിന്തുടരുന്നത്. ഇതോടെ തീരുമാനം എടുക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് ബിജു രമേശ് ക്യാമ്പിന്റെ ആത്മവിശ്വാസം.

ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ രാജധാനി ബിൽഡിങ്‌സ് പൊളിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജില്ലാ കളക്ടർ ബിജു പ്രഭാകറിന്റെ ഉറച്ച നിലപാടായിരുന്നു കാരണം. കിഴക്കേക്കോട്ടയിലെ കെട്ടിടമാണ് 15 ദിവസത്തിനകം പൊളിച്ചുനീക്കാൻ എ.ഡി.എം. വി.ആർ.വിനോദ് ഉത്തരവിട്ടത്. കെട്ടിടം, തെക്കനംകര കനാൽ കൈയേറി നിർമ്മിച്ചതാണെന്നും 2005ലെ ദുരന്തനിവാരണനിയമം അനുസരിച്ച് പൊളിച്ചുമാറ്റണമെന്നുമാണ് ഉത്തരവ്. 15 ദിവസത്തിനകം ഉടമ സ്വന്തം ചെലവിൽ പൊളിക്കണം. അല്ലാത്തപക്ഷം ദുരന്തനിവാരണനിയമം അനുസരിച്ച് സർക്കാർതന്നെ കെട്ടിടം പൊളിക്കും. അതിനുള്ള ചെലവ് ഉടമ നൽകണമെന്നാണ് വ്യവസ്ഥ.

എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയെത്തുടർന്നാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ഓപ്പറേഷൻ അനന്തയുടെ ഭാഗമായി അനധികൃത കൈയേറ്റങ്ങൾ പൊളിക്കുന്നത് തുടർന്നുവരികയാണ്. നഗരത്തിലെ വെള്ളപ്പൊക്കനിയന്ത്രണ സംഭരണിയായി കണക്കാക്കിയിരുന്ന കരിമഠം കുളത്തിൽനിന്ന് പാർവതീ പുത്തനാറിലേക്ക് പോകുന്നതാണ് തെക്കനംകര കനാൽ. കോട്ടയ്ക്കകം ഭാഗത്തുവച്ച് ഈ കനാലിന് മുകളിൽ കൈയേറ്റം നടന്നുവെന്നാണ് ഓപ്പറേഷൻ അനന്ത സംഘം കണ്ടെത്തിയത്. എന്നാൽ, ഒരുവിഭാഗം ഉദ്യോഗസ്ഥർ വരുത്തിയ പാളിച്ചകൾ കാരണം അനന്തമായി ഇത് നിയമക്കുരുക്കിൽ പെടുകയായിരുന്നു.

വഞ്ചിയൂർ വില്ലേജിലെ 560/364 സർവേ നമ്പരിലുള്ള സ്ഥലം ബിജു രമേശ് കൈയേറി കെട്ടിടം നിർമ്മിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. 16 പേജുള്ള റിപ്പോർട്ട് അന്വേഷണസംഘം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കരമടയ്ക്കുന്നതിനാൽ കെട്ടിടം ഇരിക്കുന്ന സ്ഥലം പുറമ്പോക്കല്ലെന്ന വാദമാണ് ഉടമ ഉന്നയിച്ചത്. എന്നാൽ, സർവേ റിപ്പോർട്ട് പ്രകാരം ഭൂമി സർക്കാരിേന്റതാണെന്ന് വ്യക്തമായതോടെയാണ് നോട്ടീസ് നൽകി കെട്ടിടം പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ആയിരിക്കും കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികളുടെ ചുമതല വഹിക്കുക. അതേസമയം, എ.ഡി.എമ്മിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും നിയമപരമായി നേരിടുമെന്നും ബിജു രമേശ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ജാതി രാഷ്ട്രീയം.

മന്ത്രി അടൂർ പ്രകാശിന്റെ മേൽനോട്ടത്തിൽ ബിജു രമേശിനായി കളക്ടർ ബിജു പ്രഭാകറിനെ മാറ്റാൻ ശ്രമം നടന്നിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് മറ്റുമാർഗ്ഗങ്ങളിലേക്ക് ബിജു രമേശ് കണ്ണുവയ്ക്കുന്നത്.