കൊല്ലം: കാറിൽ സഞ്ചരിച്ചിരുന്ന യുവതികൾക്കും കുട്ടികൾക്കും നേരെ ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം പറയുകയും തടസമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശാസ്താംകോട്ട സ്വദേശിനികളായ യുവതികളും കുട്ടികളും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് രണ്ട് യുവാക്കൾ അക്രമം അഴിച്ചു വിട്ടത്. ബൈക്ക് കാറിന്റെ മുൻവശത്തെ ലൈറ്റിൽ ഇടിപ്പിക്കുകയും പിന്നീട് കടന്നു കളയുകയുമായിരുന്നു. സംഭവത്തിൽ കുണ്ടറ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുകയാണ്.

തിങ്കളാഴ്ച വൈകിട്ട് 7.30 നാണ് സംഭവം. യുവതികളും കുട്ടികളും കരിക്കോട് നിന്നും ശാസ്താകോട്ടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. കൊല്ലം - തേനി ദേശീയപാതയിൽ കേരളപുരത്തിനും ഇളമ്പള്ളൂരിനും ഇടയിൽ വച്ച് കെഎൽ 02 എഡി 5314 എന്ന നമ്പരിലുള്ള ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ കാറിന് മുന്നിൽ തടസം സൃഷ്ടിച്ച് യാത്ര ചെയ്യുകയായിരുന്നു. ഹോൺ മുഴക്കി മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ യുവാക്കൾ പിന്നിലേക്ക് തിരിഞ്ഞ് അസഭ്യം പറഞ്ഞു.

യുവതികളും കുട്ടികളും മാത്രമാണ് കാറിൽ എന്ന് മനസ്സിലാക്കിയതോടെ ഇവർ പിന്നീട് കാറിന്റെ വശത്തെത്തി മോശം പദപ്രയോഗങ്ങൾ നടത്തി പ്രകോപിപ്പിച്ചു. കാറിന്റെ മുന്നിൽ വീണ്ടും കയറി പതുക്കെ ബൈക്കോടിക്കാൻ തുടങ്ങി. വീണ്ടും ഹോൺമുഴക്കിയപ്പോൾ പ്രകോപിതരായ യുവാക്കൾ വീണ്ടും യുവതികളെ അസഭ്യം പറയുകയും ഇളമ്പള്ളൂർ എത്തിയപ്പോൾ ബൈക്ക് കാറിൽ ഉരച്ച് കടന്നു കളയുകയുമായിരുന്നു.

യുവാക്കളുടെ അക്രമത്തിൽ ഭയന്നു പോയെങ്കിലും കാറിലുണ്ടായിരുന്ന ഒരു യുവതി മൊബൈൽ ഫോണിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ ചിത്രങ്ങളിൽ നിന്നും ലഭിച്ച നമ്പർ സഹിതം തൊട്ടടുത്തുള്ള കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസ് നമ്പർ പരിശോധിച്ച ശേഷം വ്യാജ നമ്പരാകാനാണ് സാധ്യതയെന്നും കൊട്ടാരക്കര ഭാഗത്തേക്കാണ് യുവാക്കൾ പോയതെങ്കിൽ അവിടെയുള്ള പൊലീസിന്റെ ക്യാമറ പരിശോധിക്കാമെന്നും പറഞ്ഞ് യുവതികളെ മടക്കി അയക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് അന്വേഷണത്തിൽ ജാഗ്രത പാലിക്കുന്നില്ല. ഇതോടെ യുവതി വാഹനം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകി.

മിക്കപ്പോഴും വാഹനത്തിൽ പോകുമ്പോൾ യുവാക്കൾ വാഹനം കടത്തിവിടാതിരിക്കുകയും വലിയ ശബ്ദം പുറപ്പെടുവിച്ച് പേടിപ്പിക്കാറുമുണ്ട്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായെങ്കിലും പ്രതികരിച്ചിരുന്നില്ല. എന്നാൽ വീണ്ടും ആവർത്തിച്ചതിനാൽ ഇത് വെറുതെ വിട്ടാൽ ശരിയാകില്ല എന്ന തോന്നലുണ്ടായതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവതി മറുനാടനോട് പറഞ്ഞു. സ്ത്രീകൾ വാഹനം ഓടിക്കുന്നതു കാണുമ്പോൾ ചിലർക്ക് വല്ലാത്ത അസഹിഷ്ണുതയാണ്.

എന്തു കൊണ്ടാണ് അത് എന്നറിയില്ല. അക്രമം കാട്ടിയ യുവാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും യുവതി പറഞ്ഞു. പൊലീസിന് വാഹനം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്കു കൂടി പരാതി നൽകിയത്. വാഹനം കണ്ടെത്തിയാൽ പൊലീസിന് വേഗത്തിൽ നിയമ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് കരുതുന്നു എന്നും യുവതി പറഞ്ഞു.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്നറിയാനായി കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസറെ ബന്ധപ്പെട്ടെങ്കിലും പരാതി കിട്ടിയിട്ടുണ്ടോ എന്നന്വേഷിച്ചിട്ട് മറുപടി പറയാമെന്നാണ് അറിയിച്ചത്. നഗര മധ്യത്തിൽ നടന്ന സംഭവമായിട്ടും പൊലീസ് ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്ത് വച്ചാണ് യുവതികൾക്ക് മേൽ അതിക്രമം ഉണ്ടായിരിക്കുന്നത്.

ഈ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ യുവാക്കളുടെ ദൃശ്യങ്ങൾ ലഭിക്കും എന്നിട്ടും പൊലീസ് അനങ്ങാപ്പാറാനയം സ്വീകരിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളാപൊലീസ് മുന്നിലാണ് എന്ന് പറയുമ്പോഴും ഇങ്ങനെയുള്ള ചില കാര്യങ്ങളിലെ വീഴ്ച പ്രതിഛായക്ക് മങ്ങലേൽപ്പിക്കുകയാണ്.