തിരുവനന്തപുരം നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗിനിടെ വൻ അപകടം. അപകടത്തിൽ റേസിൽ പങ്കെടുത്ത യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്.

റേസിംഗിനിടെ യുവാക്കളുടെ ബൈക്കിനുമേൽ നാട്ടുകാരന്റെ ബുള്ളറ്റിടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് യുവാക്കളാണ് റേസിംഗിൽ പങ്കെടുത്തത്. അതേസമയം പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് ആരോപണവുമായെത്തിയ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നെയ്യാർ ഡാമിന്റെ പരിസരത്തുള്ള റോഡിൽ അപകടം നടന്നത്. റേസിങ് നടത്താൻ കുറുകെ വെച്ച ബൈക്കിലേക്ക് നാട്ടുകാരനായ ഒരാളുടെ ബുള്ളറ്റ് ചെന്നിടിക്കുകയായിരുന്നു. യുവാവിന്റെ കാലിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുന്നതും നാട്ടുകാർ യുവാക്കളെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിങ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു.