- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെണ്ണ് സ്‌കൂട്ടറിൽ തന്റെ ബൈക്കിനെ ഓവർടേക്ക് ചെയ്തത് ഇഷ്ടമായില്ല; പിന്നാലെ ചെന്ന് കമന്റ് അടിക്കുകയും തോളിൽ പിടിച്ചു തള്ളുകയും ചെയ്തു; ബൈക്ക് മറിഞ്ഞ് വീണ് യുവാവിനും യുവതിക്കും ഗുരുതര പരുക്ക്: സംഭവം കുന്നന്താനത്ത്
തിരുവല്ല: പിന്നാലെ സ്‌കൂട്ടറിൽ വന്ന യുവതി തന്റെ ബൈക്ക് ഓവർടേക്ക് ചെയ്തു പോയത് ഇഷ്ടപ്പെടാതെ വന്ന യുവാവ് പിന്നാലെ ചെന്ന് കമന്റടിച്ചു. അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്‌ത്താനും ശ്രമിച്ചു.
ഇതിനിടെ ബാലൻസ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച് സ്‌കൂട്ടർ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്ക്. കുന്നന്താനം പാമല വേങ്ങമൂട്ടിൽ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണൻ (18) എന്നിവർക്കാണ് പരുക്ക്. ഇന്നലെ വൈകിട്ട് കുന്നന്താനം - തിരുവല്ല റോഡിൽ പാമലയിൽ വച്ചാണ് സംഭവം.
തിരുവല്ലയിൽ നിന്നും കുന്നന്താനത്തേക്ക് വരികയായിരുന്ന മിനി തൊട്ടു മുന്നിൽ പോയ ജയകൃഷ്ണന്റെ ബൈക്ക് ഓവർടേക്ക് ചെയ്തു പോയി. ഇത് ഇഷ്ടപ്പെടാതെ വന്ന ജയകൃഷ്ണൻ വേഗം കൂട്ടി മിനിയുടെ സ്‌കൂട്ടറിന് ഒപ്പമെത്തുകയും കമന്റടിക്കുകയും ചെയ്തു. തുടർന്ന് ബൈക്കിൽ ഇരുന്നു കൊണ്ടു തന്നെ ഇയാൾ മിനിയുടെ തോളിൽ പിടിച്ചു തള്ളാൻ ശ്രമിച്ചു. ഇതിനിടെ ബാലൻസ് നഷ്ടമായ ജയകൃഷ്ണന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു.
നിരങ്ങിപ്പോയ ബൈക്ക് ചെന്നിടിച്ച് മിനിയുടെ സ്‌കൂട്ടറും മറിയുകയായിരുന്നു. ചെവികൾക്കും കൈക്കും കാലിനു മുറിവുള്ള മിനിയെ ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു. തലക്കും ശരീരത്തും സാരമായി പരുക്കേറ്റ ജയകൃഷ്ണൻ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
മിനി സാം കുന്നന്താനത്ത് തയ്യൽ കട നടത്തുന്നു. ജയകൃഷ്ണൻ പാലക്കാട്ട് വയറിങ് തൊഴിലാളിയാണ്. ഇന്നലെ നാട്ടിൽ വന്നപ്പോഴാണ് സംഭവം. ഇരുവരും തമ്മിൽ മുൻ പരിചയമോ വിരോധമോ ഇല്ലെന്ന് കീഴ്‌വായ്പൂർ പൊലിസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്