കൊച്ചി: നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി അനീഷ് (25), എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്.

അർധരാത്രി 12 ഓടെ കെ.പി. വള്ളോൻ റോഡിലായിരുന്നു അപകടം. പരിക്കേറ്റ അനന്തു, നേവി ഉദ്യോഗസ്ഥനായ ജോസഫ്, തോമസ് എന്നിവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അനീഷ് ഓടിച്ചിരുന്ന ബൈക്കിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഈ ബൈക്ക് മറ്റു രണ്ടു ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.