പാലാ : കിടങ്ങൂർ പിറയാർ ബാബു സദനത്തിൽ ശ്രീകാന്തിന്റെ മകൻ അപ്പു ഷാജി (23), എരുമേലി തറമംഗലത്ത് രാജു ജോസഫിന്റെ മകൻ അജോ രാജു (23) എന്നിവർ ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

ബംഗളൂരു ലോഹനഹള്ളിയിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ട അജോയ്ക്ക് ഒപ്പം വ്യാഴാഴ്ചയാണ് കിടങ്ങൂരിൽ നിന്ന് നാലംഗസംഘം പോയത്. ഇന്റർവ്യൂവിനു ശേഷം അവിടെയുള്ള രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച പുലർച്ചെ സൂര്യോദയം കാണുന്നതിനായി ഇവർ മൂന്ന് ബൈക്കുകളിലായി പുറപ്പെട്ടു.

ലോഹനഹള്ളിക്കടുത്തുവച്ച് മുന്നിൽ പോവുകയായിരുന്ന അജോയും അപ്പുവും സഞ്ചരിച്ച ബൈക്കിൽ ട്രാക്ടർ ഇടിക്കുകയായിരുന്നു. ട്രാക്ടർ നിർത്താതെ പോയി. ഉൾപ്രദേശമായതിനാൽ ഒരു മണിക്കുറോളം വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. അതിനകം ഇരുവരും മരിച്ചു.

അപ്പുവിന്റെ പിതാവ് ശ്രീകാന്ത് കെ.എസ്.ആർ.ടി.സി കുമളി ഡിപ്പോയിലെ ജീവനക്കാരനാണ്. മാതാവ് പൂഞ്ഞാർ കുരിശുംവീട്ടിൽ ആലീസ്. സഹോദരൻ : അച്ചു ഷാജി. പൂവരണി ഫൈവ് സ്റ്റാർ കേറ്ററിംഗിലെ ജീവനക്കാരനായിരുന്നു അപ്പു. അജോയുടെ മാതാവ് കിടങ്ങൂർ മ്ലാവിൽ ജിസി. എരുമേലി കണമല സ്വദേശിയായ പിതാവ് രാജു കിടങ്ങൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.