ആലപ്പുഴ: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് കത്തി എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. പൊള്ളലേറ്റാണ് മരണം. കോയമ്പത്തൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി മാവേലിക്കര കല്ലുമല ഉമ്പർനാട് നടാപ്പള്ളി സുധാകുമാരിയുടെ മകൻ ശങ്കർ കുമാർ (22), ചെങ്ങന്നൂർ മുളക്കഴ കിരൺ നിവാസിൽ കൃഷ്ണന്റെ മകൻ കിരൺ കൃഷ്ണൻ(22) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണ്ണമായും കത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂർ കർപ്പാകം യൂണിവേഴ്‌സിറ്റി കോളജ് മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും.