മംഗളൂരു: ദസറ ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ രണ്ട് മലയാളി യുവാക്കൾ മംഗളൂരു കെസി റോഡിൽ ബൈക്കപകടത്തിൽ മരിച്ചു. കാസർകോട് കുമ്പള സ്വദേശികളായ കൃഷ്ണപ്രസാദ്(26), പ്രജിത്(24) എന്നിവരാണു മരിച്ചത്.എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് തെന്നി നീങ്ങി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ ഇവരുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.അതിനിടെ, കാർ ബൈക്കിൽ ഇടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കാർ ഇടിച്ചതായി വ്യക്തമായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.