കാസർകോട്: കല്ല്യോട്ട് ബലിക്കളത്ത് ബൈക്കിൽ പിന്നിൽ യാത്രചെയ്തിരുന്ന വിദ്യാർത്ഥി തല വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് പില്ല്യൻ റൈഡറായ സജിത്ത് അപകടത്തിൽ പെട്ടത്. പെരിയ വാവടുക്കം തലേക്കുന്നിലെ കെ വി കുമാരന്റെയും കാർത്ത്യായനിയുടെയും മകൻ വി സജിത്ത് കുമാർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന വാവടുക്കത്തെ ഉണ്ണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ഗ്രോടെക്ക് ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥി കൂടിയായ സജിത്ത് വയറിങ് തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ- ശ്രീജിത്ത്, വിജിഷ.