ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്കേറ്റു. ഹൈദരാബാദിലെ പ്രശസ്തമായ ദുർഗംചെരുവു കേബിൾ പാലത്തിലൂടെ സ്പോർട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്.

ബോധക്ഷയം സംഭവിച്ച നടനെ ഉടൻ തന്നെ മെഡികവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സായ് ധരം തേജ് അപകടനില തരണം ചെയ്‌തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആർഒ ആയ വംശി കാക ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ഡോക്ടർമാരുടെ മുൻകരുതൽ എന്ന നിലയിലുള്ള നിരീക്ഷണത്തിലാണ് നടനെന്നും. അതേസമയം സായ് ധരം തേജിന്റെ പേരിനൊപ്പം 'ഗെറ്റ് വെൽ സൂൺ' എന്ന ഹാഷ് ടാഗ് മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയിട്ടുണ്ട്.

 

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'റിപബ്ലിക്കി'ന്റെ ചിത്രീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തിൽ ജഗപതി ബാബു, രമ്യ കൃഷ്ണൻ, രാഹുൽ രാമകൃഷ്ണ, സായ് ധീന തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.