കടുത്തുരുത്തി : ഭർത്താവ് പ്രകാശൻ വൃക്ക സംബന്ധമായ അസുഖം മൂലം രണ്ടുമാസം മുൻപാണു മരിച്ചത്. അതിന് ശേഷം വിഷ്ണുവിനും വർഷയ്ക്കും താങ്ങായിരുന്നത് അമ്മ മാത്രമാണ്. എന്നാൽ ആ ആശ്വാസവും രണ്ട് മാസം കൊണ്ട് അസ്തമിക്കുന്നു. ഇതോടെ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുന്ന വർഷയുടേയും ഹോട്ടൽ മാനേജ്‌മെന്റ് പഠനം നടത്തുന്ന വിഷ്ണുവിന്റേയും മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായി

രോഗിയായ മകളുടെ കൈപിടിച്ച് മകനൊപ്പം റോഡ് കുറുകെ കടക്കുന്നതിനിടെയാണ് വാസന്തിയെ സ്വന്തം വീടിനു മുന്നിൽ ബൈക്കിടിച്ചത്. ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയും ചെയ്തു. കൺമുമ്പിൽ അമ്മയുടെ മരണം കണ്ട് തളർന്നു വീണ മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി മധുരവേലി പ്ലാംചുവട് വടക്കേച്ചിറയിൽ പരേതനായ പ്രകാശന്റെ ഭാര്യ വാസന്തി (49)ക്കാണു ദാരുണാന്ത്യം. രാത്രി ഒൻപതരയോടെ മുട്ടുചിറ കല്ലറ റോഡിൽ മധുരവലി പ്ലാം ചുവടിനു സമീപമുള്ള വീടിനു മുമ്പിലാണ് അപകടം.

വൈകുന്നേരത്തോടെ മകൾ വർഷയെ കടുത്ത വയർ വേദനയെ തുടർന്ന് വാസന്തിയും മകൻ വിഷ്ണുവും ചേർന്ന് കല്ലറയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി മരുന്നു വാങ്ങി വീടിനു മുമ്പിൽ റോഡിന് എതിർവശത്ത് ഓട്ടോയിൽ വന്നിറങ്ങി. അവശയായ വർഷയുടെ കൈപിടിച്ച് വീട്ടിലേക്കു നടക്കും വഴി മധുരവേലി ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ ബൈക്ക് വാസന്തിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ വാസന്തിയെ നാട്ടുകാർ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൺമുന്നിൽ അമ്മയുടെ ദാരുണാന്ത്യം കണ്ടു തളർന്നുവീണ വിഷ്ണുവിനെയും വർഷയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനു തൊട്ടു മുൻപാണ് ഇവരെ ആശുപത്രിയിൽ നിന്നു വീട്ടിലെത്തിച്ചത്. വർഷയുടേയും വിഷ്ണുവിന്റേയും പഠനച്ചെലവിനും കുടുംബം പുലർത്തുന്നതിനുമായി കൂലിപ്പണിയും അങ്കണവാടിയിൽ താൽക്കാലിക ജോലിയും ചെയ്യുകയായിരുന്നു വാസന്തി. തറവാട്ടുവകയായുള്ള 30 സെന്റ് ഭൂമിയിൽ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്.

പിതാവിന്റെ മരണത്തിനു പിന്നാലെ അമ്മയും പോയതോടെ എന്തുചെയ്യണമെന്നറിയാതെ തളർന്നിരിക്കുകയാണ് വിഷ്ണുവും വർഷയും. അപകടമുണ്ടാക്കിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു യുവാക്കളാണു ബൈക്കിലുണ്ടായിരുന്നത്.