ചെന്നൈ: വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കാമുകിയുമായി ഒളിച്ചോടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കാഞ്ചീവരത്തിന് സമീപം പൊദവൂർ സ്വദേശിയായ രാഹുൽ (26) ആണ് മരിച്ചത്. ഇയാളുടെ കാമുകി അനിത(22)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിതയുമായി ബൈക്കിൽ സുഹൃത്തിന്റെ അടുക്കലേക്ക് പോകവെ ബൈക്ക് മറിഞ്ഞാണ് രാഹുൽ മരിച്ചത്.

നാമക്കലിലെ സെന്തമംഗലത്തിന് സമീപത്ത് വച്ച് റോഡരുകിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞ് വീണ ഇരുവരെയും ദൃക്സാക്ഷികൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാഹുൽ മരിച്ചിരുന്നു. അനിതയുടെ നില ഗുരുതരമാണ്. ആരക്കോണത്തെ സുഹൃത്തിന്റെ അടുത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

അതേസമയം അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാഹുലിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. രാഹുലിന്റെ മൃതദേഹം കൊണ്ടു വന്നപ്പോൾ ആരക്കോണം സർക്കാർ ആശുപത്രിക്ക് മുന്നിൽ ഇയാളുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.