ദുബായി: യുഎഇയിൽ ബൈക്ക് റൈഡിനിടെയുണ്ടായ അപകടത്തിൽ മലയാളി ബൈക്കർ മരിച്ചു. കോഴിക്കോട് ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് പൂനൂർ-19 ൽ ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ തന്നെ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ ബൈക്ക് റേസിങ് മത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ജപിൻ ദുബായ് കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ബൈക്ക് റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ.

വിവാഹിതനായ ജപിന് രണ്ട് മക്കളാണുള്ളത്. ഭാര്യ: ഡോ. അഞ്ജു ജപിൻ. 13 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്ന ജപിൻ ദുബായിൽ കുടുംബത്തോടപ്പമാണ് താമസിക്കുന്നത്. ജനുവരിയിലാണ് ജപിൻ നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. ഷാർജയിലെ കൽബയിലെ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.