കൊച്ചി: കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകൽ വെട്ടിവീഴ്‌ത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും കൊച്ചി പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആക്ഷേപം. വല്ലാർപാടം സ്വദേശി നിഖിൽ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ജീപ്പിൽ വരുമ്പോൾ പെട്രോൾ പമ്പിൽ വച്ചാണ് ആക്രമണം നടത്തിയത്.

പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാൻ വഴി കൊടുത്തില്ല എന്നുപറഞ്ഞ് പമ്പിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ നിഖിലിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. അക്രമം നടന്ന് നാലുദിവസമായിട്ടും പൊലീസ് അലംഭാവം തുടരുകയാണെന്നാണ് ആക്ഷേപം.

കൊച്ചി എടവനക്കാട്ടെ പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ വാഹനം കയറ്റിയതിനു പിന്നാലെ ബൈക്കിലെത്തിയ സംഘം പൊടുന്നനെ ആക്രമണം തുടങ്ങുകയായിരുന്നു. ജീപ്പിന് പിന്നിലിരുന്ന യുവാവിന് നേരെയായിരുന്നു ആദ്യം. രക്ഷിക്കാൻ നിഖിൽ ഇടപെട്ടതോടെ രംഗം വഷളായി. ആക്രമണം നിഖിലിന് നേരെയായി. പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴേക്ക് അക്രമികൾ കത്തി എടുത്ത് പ്രയോഗിക്കുകയായിരുന്നു.

ആദ്യ വെട്ട് മുതുകിലേറ്റു. പിന്നാലെ കയ്യിലും ഒടുവിൽ മുഖത്തും കൂടി സാരമായി വെട്ടിപ്പരുക്കേൽപിച്ചാണ് അക്രമിസംഘം പിൻവാങ്ങിയത്. പിഞ്ചുകുഞ്ഞിനെയും എടുത്തോടി ഭാര്യ സഹായത്തിനായി അഭ്യർത്ഥിച്ചെങ്കിലും അക്രമം കണ്ട് ഭയന്ന് നാട്ടുകാരെല്ലാം അടുക്കാതെ മാറിനിന്നു.

വധശ്രമം അടക്കം വകുപ്പുകൾ ചുമത്തി ഞാറയ്ക്കൽ പൊലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിഖിലിന്റെ ഭാര്യയെക്കൂടാതെ പെട്രോൾ പമ്പ് ജീവനക്കാരും ദൃസാക്ഷികളായി മൊഴി നൽകി. പ്രതികളെത്തിയ ബൈക്ക്, നമ്പർ സഹിതം ഈ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നായരമ്പലം സ്വദേശി സരുൺ, കണ്ണൻ, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. മൂന്നുപേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മൂന്നുപേരുടെയും മൊബൈൽ ഫോൺ നിരീക്ഷണത്തിലാണെങ്കിലും സംഭവത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മുഖത്തും പുറത്തും പരിക്കേറ്റ നിഖിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടു

അക്രമത്തിനിടെ സ്ഥലത്തെത്തി പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും നാല് ദിവസമെത്തിയിട്ടും ഒന്നും ചെയ്യാൻ പൊലീസിനായിട്ടില്ല. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനെന്ന പേരിൽ പ്രത്യേക സംഘത്തെ കൊച്ചി പൊലീസിൽ രൂപീകരിച്ചത് രണ്ടുമാസം മുൻപാണ്.