ന്യൂഡൽഹി: പട്ടത്തിന്റെ ചരടു കഴുത്തിൽ കുരുങ്ങി വ്യത്യസ്ത അപകടങ്ങളിൽ രണ്ടു മരണം. ഡൽഹിയിലാണു മൂന്നു വയസുകാരിയും 22കാരനും കൊല്ലപ്പെട്ടത്. മറ്റൊരപകടത്തിൽ പൊലീസുകാരന് ഗുരുതര പരിക്കേറ്റു.

തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ഡൽഹിയിലെ നരൈനയിലായിരുന്നു മൂന്നു വയസുകാരി മരിച്ചത്. സാഞ്ചിയെന്ന പിഞ്ചുകുഞ്ഞാണ് മാതാപിതാക്കൾക്കൊപ്പം സിനിമ കാണാൻപോയി മടങ്ങുമ്പോൾ അപകടത്തിൽപ്പെട്ടത്.

കാറിന്റെ മേൽതട്ട് ഉയർത്തി അതിലൂടെ തലപുറത്തിട്ട് കാഴ്ച കണ്ടാണ് സാഞ്ചി മടങ്ങിയത്. റാണി ബാഗിലൂടെ കാർ കടന്നുപോകുമ്പോൾ പട്ടത്തിന്റെ ചരട് കുട്ടിയുടെ കഴുത്തിൽ ചുറ്റുകയായിരുന്നു. ഈയംപൂശിയ ചരട് കുട്ടിയുടെ കഴുത്തിൽ ചുറ്റിവരിഞ്ഞതിനെ തുടർന്ന് ആഴത്തിൽ മുറിവേറ്റു. കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തച്ചെങ്കിലും രക്ഷിക്കാനായില്ല.

പടിഞ്ഞാറൻ ഡൽഹിയിലെ വികാസ് പുരിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. സഫർ ഖാൻ (22) എന്ന യുവാവാണ് മരിച്ചത്. സഫർ ബൈക്കിൽ പോകുമ്പോൾ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

അനന്ദ് വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മനോജ് കുമാറിനാണ് മറ്റൊരു അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം സ്വാതന്ത്ര്യദിന ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ക്രോസ് റിവർ മാളിനു സമീപമായിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്കുമടങ്ങുകയായിരുന്ന മനോജ്കുമാറിന്റെ കഴുത്തിൽ പട്ടത്തിന്റെ ചരട് കുടുങ്ങി മുറിയുകയായിരുന്നു.