- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കൾ അമേരിക്കയിൽ നടത്തിയ ചികിത്സകൾക്ക് ബില്ലുകൾ അടച്ച രേഖകൾ പിടിച്ചെടുത്തു; കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേട്; പരിശോധനയും ചോദ്യം ചെയ്യലും തുടരും; ഐഫോൺ തകർക്കാൻ ശ്രമിച്ചതും പെൻഡ്രൈവ് നശിപ്പിക്കാനുള്ള നീക്കവും തിരിച്ചടിയാകും; കെപി യോഹന്നാൻ പ്രതിസന്ധിയിൽ
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിവന്ന പരിശോധന താത്കാലികമായി നിർത്തിയെങ്കിലും നടപടികൾ തുടരും. വ്യാഴാഴ്ച പുലർച്ചെമുതൽ തുടങ്ങിയ പരിശോധന കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഉദ്യോഗസ്ഥർ മടങ്ങി. പക്ഷേ ഇനിയും പരിശോധനകൾ നടക്കും. സഭാ അധ്യക്ഷൻ കൂടിയായ ബിഷപ്പ് കെപി യോഹന്നാൻ അമേരിക്കയിലാണുള്ളത്. രേഖകളുടെ പരിശോധനയ്ക്ക ശേഷം ഇദ്ദേഹത്തെ വിളിച്ചുവരുത്തും.
പിടിച്ചെടുത്ത വസ്തുക്കളുടെ പരിശോധന ഇനി നടക്കും. കൊച്ചി ഓഫീസിൽ ഹാജരാകാൻ ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പിനോടും ആശുപത്രി മാനേജരോടും ആവശ്യപ്പെട്ടു. ശനിയാഴ്ച മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ഉദ്യോഗസ്ഥരും പരിശോധനയ്‌ക്കെത്തിയിരുന്നു. 15.5 കോടിയോളം രൂപ പിടിച്ചെടുത്തതായാണു സൂചന. ഇതിൽ നിരോധിത നോട്ടുകളുമുണ്ട്. ചർച്ചിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജിലെ ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് മൂന്നുകോടിയോളം രൂപ കണ്ടെത്തി. ഈ കാറിന്റെ ഉടമയായ ആശുപത്രി ജീവനക്കാരൻ, ആശുപത്രിയുടെ സാമ്പത്തികവിഭാഗം മേധാവിയും ചർച്ചിലെ വികാരിയുമായ ആളിനോട് നടത്തിയ ഫോൺ സംഭാഷണവും പരിശോധിക്കുന്നുണ്ട്. തന്നെ അറിയിക്കാതെ കാറിൽ പണം സൂക്ഷിച്ചത് ചതിവല്ലായിരുന്നോയെന്നാണ് ജീവനക്കാരൻ കരഞ്ഞുകൊണ്ട് ഫോണിൽ ചോദിക്കുന്നത്.
റെയ്ഡിനിടെ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി ആദായനികുതി വകുപ്പ് പറയുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവ നശിപ്പിക്കാൻ വൈദികന്റെയും ജീവനക്കാരിയുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായതാണ് പറയുന്നത്. റെയ്ഡിന്റെ ആദ്യദിനത്തിലാണ് തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായത്. പിടിച്ചെടുത്ത ഐ-ഫോൺ പിടിച്ചുപറിച്ച വൈദികൻ ഓടി ശൗചാലയത്തിൽ കയറി ഫോൺ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് ഇത് തടഞ്ഞു. ഇതിനിടെ ഫോൺ നിലത്തിട്ട് തകർത്തു. ഇതു കൂടാതെയാണ് പെൻൈഡ്രവ് തകർക്കാൻ ജീവനക്കാരിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ഇതിൽനിന്നെല്ലാം ആദായനികുതി വകുപ്പ് ഡേറ്റ ശേഖരിച്ചതായാണ് വിവരം.
അതിനിടെ ആദായനികുതിവകുപ്പ് നടത്തുന്ന അന്വേഷണത്തോട് സഭ പൂർണമായും സഹകരിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പി.ആർ.ഒ. ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. പരിശോധന രണ്ടുമാസം നീളുമെന്നാണറിയുന്നത്. 60 സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്തവ സംബന്ധിച്ച് അർധസത്യങ്ങളും വസ്തുതയില്ലാത്ത കാര്യങ്ങളുമാണ് പ്രചരിക്കുന്നത്. പരിശോധന കഴിയുമ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയാൽ അത് പരിഹരിക്കാൻ സഭ കൃത്യമായ നടപടിയെടുക്കും. അന്തിമറിപ്പോർട്ട് ലഭിക്കുംവരെ വ്യാജപ്രചാരണങ്ങൾ നടത്തരുതെന്ന് സിജോ പന്തപ്പള്ളിൽ അഭ്യർത്ഥിച്ചു.
പരിശോധനയിൽ 300 കോടിയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് സൂചന. മൂന്നുദിവസമായി നടന്ന പരിശോധന തിങ്കളാഴ്ച പുലർച്ച അവസാനിച്ചു. റെയ്ഡിൽ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം പതിനഞ്ചര കോടി സഭ ആസ്ഥാനത്ത് നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി പിടിച്ചെടുത്തിരുന്നു. അഞ്ചു വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വിദേശത്തുനിന്ന് 6,000 കോടി രൂപ ബിലീവേഴ്‌സ് ചർച്ച് രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
കണ്ണൂരിൽ നിന്നുള്ള ചില ഉന്നത രാഷ്ട്രീയ നേതാക്കൾ അമേരിക്കയിൽ നടത്തിയ ചികിത്സകൾക്ക് ബില്ലുകൾ അടച്ച രേഖകളും പിടിച്ചെടുത്തതായും പറയുന്നു. 2016ൽ സഭയുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയതിനെ തുടർന്ന് പുതിയ ട്രസ്റ്റുകൾ രൂപവത്കരിച്ച് പണമിടപാടിനുള്ള നീക്കങ്ങളിലായിരുന്നു സഭയെത്രെ. എട്ടു മാസമായി അമേരിക്കയിൽ തുടരുന്ന കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയെയും സഭയിലെ രണ്ടാമനായ ഫാ. ദാനിയേൽ വർഗീസിനെയും മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളും ആദായനികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്.
ഭൂമിയിടപാട് അടക്കമുള്ള ചില രേഖകളും ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇതെല്ലാം പരിശോധിക്കും. അതിന് ശേഷമാകും ചർച്ച് അധികാരികളുടെ ചോദ്യം ചെയ്യൽ.
മറുനാടന് മലയാളി ബ്യൂറോ