ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ മക്കളുടെ മഹാഭാഗ്യത്തെക്കുറിച്ചോർത്ത് നിരവധി പേർ അസൂയപ്പെട്ടിരിക്കാം. എന്നാൽ ആ പണമൊന്നും അവർക്ക് ഉപകാരപ്പെടാതെ പോവുകയാണ്. തന്റെ 70 ബില്യൺ പൗണ്ട് വരുന്ന സമ്പത്ത് ബിൽ ഗേറ്റ്സ് ചാരിറ്റിക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കൾക്ക് എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.

മരണാനന്തരം തന്റെ ശതകോടികളുടെ സമ്പത്ത് ചാരിറ്റിക്ക് നൽകാൻ തീരുമാനിച്ചതിൽ തന്റെ മക്കൾക്ക് ഏറെ അഭിമാനമുണ്ടെന്നാണ് ബിൽ വെളിപ്പെടുത്തുന്നത്. അത്യാവശ്യം ജീവിക്കാനും പഠിക്കാനുമുള്ള തുക ഒഴിച്ച് ബാക്കിയുള്ള സമ്പത്ത് മുഴുവനാണ് അദ്ദേഹം സംഭാവനയായി നൽകുന്നത്. ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണീ തുക ഉപയോഗിക്കുന്നത്.

തന്റെ രണ്ട് പെൺമക്കൾക്കും മകനും ബില്യൺ കണക്കിന് ഡോളറിന്റെ ട്രസ്റ്റ് ഫണ്ടുകൾ കൈമാറുന്നതിന് പകരം താൻ അവർക്ക് മികച്ച വിദ്യാഭ്യാസമാണ് നൽകുന്നതെന്നും അതിലൂടെ അവർക്ക് സ്വന്തമായ കരിയർ കെട്ടിപ്പടുക്കാനാവുമെന്നും ബിൽ ഗേറ്റ്സ് വിശദമാക്കുന്നു. എന്നാൽ ഇത്രയൊക്കെ ചാരിറ്റിക്ക് നൽകിയാലും തന്റെ മക്കൾ സാമ്പത്തിക സുരക്ഷയിൽ തന്നെയായിരിക്കുമെന്നും അവർ ദരിദ്രരാകില്ലെന്നും ബിൽ വ്യക്തമാക്കുന്നു. കണക്കിലധികം സമ്പത്ത് മക്കൾക്ക് നൽകി അവരെ ധൂർത്തരാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് അവർ അവരുടേതായ വഴികൾ സൃഷ്ടിക്കട്ടെയെന്നും ബിൽ ഗേറ്റ് സ് പറയുന്നു.

60കാരനായ ബിൽ ഗേറ്റ്സിനും ഭാര്യ 52കാരി മെലിന്ദയ്ക്കും കൂടി മൂന്ന് മക്കളാണുള്ളത്. ജെന്നിഫർ (20), റോറി(17), ഫോയ്ബെ(14) എന്നിവരാണവർ. ഇതിൽ ജെന്നിഫെർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. ഇവിടെ തന്റെ പേരിൽ ഒരു കമ്പ്യൂട്ടർ സയൻസ് ബിൽഡിങ് നിർമ്മിക്കാനായി ബിൽ ഗേറ്റ്സ് അഞ്ച് മില്യൺ പൗണ്ടാണ് സംഭാവന നൽകിയിരിക്കുന്നത്. റോറിയും ഫോയ്ബെയും അച്ഛനമ്മമാരോടൊപ്പം വാഷിങ്ണിലെ സീറ്റിലിൽ താമസിച്ച് സ്‌കൂൾ പഠനം നടത്തി വരുകയാണ്.

തന്റെ സമ്പത്തിന്റെ ഒരു അനുപാതം മാത്രമാണ് ബിൽ ഗേറ്റ്സ് മക്കൾക്കായി നീക്കി വച്ചിരിക്കുന്നത്. ബാക്കിയുള്ള തുക ബിൽ ആൻഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ചാരിറ്റിയിലേക്കാണ് പോകുന്നത്. ലോകമാകമാനമുള്ള പാവപ്പെട്ടവർക്ക് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഫണ്ടുകൾ അനുവദിക്കുന്ന ട്രസ്റ്റാണിത്. തന്റെ ഈ നിർണായകമായ തീരുമാനത്തിന് പുറകിൽ തന്റെ മക്കൾ തന്നെയാണെന്ന കാര്യവും ബിൽ ഗേറ്റ്സ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.