- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകി; ഇന്ത്യയെ അഭിനന്ദിച്ച് ബിൽഗേറ്റ്‌സ്; വലിയ നാഴികകല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ, സർക്കാർ, ഗവേഷക സമൂഹം, വാക്‌സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ട്വീറ്റ്
വാഷിങ്ടൺ: ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിൻ നൽകിയ ഇന്ത്യയെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി ബിൽഗേറ്റ്‌സ്. സർക്കാർ, ഗവേഷകർ, വാക്‌സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന് ബിൽഗേറ്റ്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കൻ വ്യവസായിയുടെ പ്രതികരണം.
വലിയ നാഴികകല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ. സർക്കാർ, ഗവേഷക സമൂഹം, വാക്‌സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ബിൽഗേറ്റ്‌സ് ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്‌സ് പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച 1,0,064,376 പേർക്കാണ് രാജ്യത്ത് വാക്‌സിൻ നൽകിയത്. 88.2 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോർഡ്. ശരാശരി 69 ലക്ഷം പേർക്കാണ് ഇന്ത്യ പ്രതിദിനം വാക്‌സിൻ നൽകുന്നത്.
25 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്ത് ഉത്തർപ്രദേശ് ആണ് വെള്ളിയാഴ്ച ഏറ്റവും അധികം വാക്സിൻ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ഒരു ദിവസം ഏറ്റവും അധികം വാക്സിൻ കുത്തിവച്ചതിന്റെ കണക്കിൽ ഇന്ത്യ രണ്ടാമത് എത്തി. ഒരു ദിവസം 2.8 കോടി ഡോസ് വാക്സിൻ ജൂലായ 21ന് ചൈന നൽകിയിരുന്നു. ജനുവരി 16ന് വാക്സിനേഷൻ ആരംഭിച്ച ശേഷം ഏറ്റവും അധികം വാക്സിൻ ഒരു മാസം നൽകിയതും ഓഗസ്റ്റിലാണ്. ഈ മാസം ഇതുവരെ 15 കോടി ഡോസ് വാക്സിനാണ് നൽകിയത്. ജൂലായിൽ ഇത് 13.45 കോടി ഡോസും ജൂണിൽ 11.97 കോടിയുമാണ്. സെപ്റ്റംബർ മാസത്തിൽ 20 കോടി ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ഓഗസ്റ്റിൽ തന്നെ ഈ ആഴ്ചയിൽ (2127) മാത്രം 4.5 കോടി ഡോസ് വാക്സിൻ നൽകി. അതോടൊപ്പം തന്നെ ഈ മാസം ഇതുവരെ 15 കോടി ഡോസ് നൽകിയതിൽ പത്ത് കോടിയോളവും 18-44 പ്രായപരിധിയിൽ ആണ്. ഓഗസ്റ്റ് മാസത്തിൽ പ്രതിദിനം ശരാശരി 52.16 ലക്ഷം പേർക്കാണ് രാജ്യത്ത് വാകിസിൻ നൽകുന്നത്. ജൂണിൽ ഇത് 39.38 ലക്ഷവും ജൂലായിൽ 43.41 ലക്ഷവുമായിരുന്നു. ഒക്ടോബറോടെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള വാക്സിൻ സപ്ലൈ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവരാണ് വാക്സിനേഷനിൽ മുന്നിലുള്ളത്. ഉത്തർപ്രദേശിൽ ഈ മാസം 2.15 കോടിയും മഹാരാഷ്ട്രയിൽ 1.3 കോടി ഡോസ് വാക്സിനുമാണ് നൽകിയത്. അതോടൊപ്പം തന്നെ ഈ മാസം വിതരണം ചെയ്ത 15 കോടിയിൽ 11 കോടിയും ആദ്യ ഡോസ് ആണെന്നതും ശ്രദ്ധേയമാണ്.
മറുനാടന് ഡെസ്ക്