രാജ്യത്തെ ജിവിതച്ചെലവിനൊപ്പം നട്ടം തിരിയുന്ന പ്രവാസികളും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യമാണ് വാടക വർദ്ധനവ്. പലപ്പോഴും അനധികൃതമായി നടപ്പിൽ വരുത്തുന്ന വർദ്ധനവ് നല്കാൻ പലപ്പോഴും വാടകക്കാരൻ നിർബന്ധിതരാവുകയും ചെയ്യും. എന്നാൽ ഇനി ഇത്തരക്കാർക്ക് കടിഞ്ഞാണിടാനാണ് തീരുമാനം.

അന്യായമായ വാടക വർധനയ്‌ക്കെതിരെ കുവൈത്തിൽ എംപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിരോധിക്കാൻ കുവൈത്ത് പാർലമെന്റിൽ കരടു പ്രമേയം മുന്നോട്ട് വച്ചിരിക്കുകയാണ്. കെട്ടിടങ്ങളുടെ വിസ്തീർണം മാനദണ്ഡമാക്കി കെട്ടിട വാടക സർക്കാർ തീരുമാനിക്കണം എന്നാണ് ഫൈസൽ അൽ ദുവൈസാൻ എംപി മുന്നോട്ടുവച്ച കരടു നിർദ്ദേശത്തിൽ പറയുന്നത്. നിശ്ചിത വാടകയിൽ കൂടുതൽ ഈടാക്കുന്ന കെട്ടിട ഉടമകളിൽ നിന്ന് അയ്യായിരം ദിനാറിൽ കുറയാത്ത പിഴ ഈടാക്കണമെന്നും കരടുബിൽ ശിപാർശ ചെയ്യുന്നു.

വാടക നിയന്ത്രണവുമായി ബന്ധപ്പെട്ട 11 ആർട്ടിക്കിളുകളാണ് ഫൈസൽ അൽദുവൈസാനാൻ സമർപ്പിച്ച കരടു നിർദ്ദേശത്തിൽ
ഉള്ളത്. വ്യക്തികൾക്ക് താമസത്തിനായി നല്കുന്ന അൺഫർണിഷ്ഡ് അപ്പാർട്ടുമെന്റ്കൾ ആണ് നിർദിഷ്ട വാടക നിയമത്തിന്റെ പരിധിയിൽ വരിക. സർക്കാർ സ്ഥാപനങ്ങൾ, എംബസികൾ, അന്താരാഷ്ട്ര സംഘടനകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് നൽകുന്ന താമസ കെട്ടിടങ്ങൾക്ക് നിയമം ബാധകമാകില്ല. വാണിജ്യ മന്ത്രാലയവും നഗരസഭ സമിതിയും നിശ്ചയിക്കുന്ന വാടക മാത്രമേ കെട്ടിട ഉടമക്ക് ഈടാക്കാനാവൂ. അപ്പാർട്ടുമെന്റിന്റെ വിസ്തീർണം ചതുരശ്ര മീറ്ററിൽ കണക്കാക്കിയാണ് വാടക നിശ്ചയിക്കുന്നത്.

കാപിറ്റൽ ഗവർണറേറ്റിൽ ശുവൈഖ് ഏരിയ ഒഴികെയുള്ള ഭാഗത്ത് ചതുരശ്ര മീറ്ററിന് രണ്ട് ദീനാർ, ഹവല്ലി ഗവർണറേറ്റിൽ ചതുരശ്ര മീറ്ററിന് ഒരു ദിനാർ 500 ഫിൽസ്, ഫർവാനിയ, മുബാറക് അൽകബീർ ഗവർണറേറ്റുകളിലും കാപിറ്റൽ ഗവർണറേറ്റിലെ ശുവൈഖ് ഏരിയയിലും ചതുരശ്ര മീറ്ററിന് ഒരു ദീനാർ 250 ഫിൽസ്, അഹ്മദി, ജഹ്‌റ ഗവർണറേറ്റുകളിൽ ചതുരശ്ര മീറ്ററിന് ഒരു ദീനാർ 200
ഫിൽസ് എന്നിങ്ങനെയാണ് ദുവൈസാൻ ശിപാർശ ചെയ്യുന്ന വാടക മൂല്യം. നിയമം പ്രാബല്യത്തിൽവന്ന് അഞ്ച് വർഷം പൂർത്തിയായാൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു അടിസ്ഥാന വാടക മൂല്യം പരിഷ്‌കരിക്കാമെന്നും കരടു ബില്ലിൽ പറയുന്നു.

കെട്ടിട ഉടമ വാടക ഈടാക്കുന്നത് നിയമപ്രകാരം അല്ലെന്ന് താമസക്കാരന് മനസ്സിലായാൽ മുനിസിപ്പൽ കൗൺസിലിൽ പരാതി നൽകാം. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ മുനിസിപ്പൽ കൗൺസിൽ ശരിയായ വാടക നിശ്ചയിച്ചുനൽകും. വാടക കരാറിന്റെ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ഏതുസമയം കോടതിയെ സമീപിക്കാനുള്ള അവകാശവും താമസക്കാരനുണ്ടാവുമെന്നും കരടു ബിൽ വ്യവസ്ഥ ചെയ്യുന്നു.