കൊച്ചി:ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാനുള്ള ഹോട്ടൽ ഭക്ഷണവില നിയന്ത്രണ ബില്ലിന് ജനിക്കും മുമ്പെ അന്ത്യം. കഴിഞ്ഞ ദിവസത്തെ മറുനാടൻ വാർത്ത ശരിവച്ചുകൊണ്ട് ബിൽ കൊണ്ടു വരുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ കേരള ഹോട്ടൽസ് ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷനു മുമ്പിൽ സർക്കാർ മുട്ടു മടക്കി. ഈ സമ്മേളന കാലത്ത് നിയമസഭയിൽ അവതരിപ്പിക്കേണ്ട ബിൽ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ മാറ്റിവച്ചു. ഇതോടെ വ്യാഴാഴ്‌ച്ച അവസാനിക്കുന്ന ആ സമ്മേളനകാലത്ത് ബിൽ നിയമസഭയിൽ വരില്ല. വിശപ്പടക്കാൻ ഹോട്ടലിൽ കയറുന്ന സാധാരണക്കാരന് ഗുണം ലഭിക്കുന്ന ബില്ലാണ് ലോബികളുടെ സമ്മർദ്ദത്തെ തുടർന്ന് അട്ടിമറിക്കപ്പെട്ടത്.

ഹോട്ടൽസ് ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ മുന്നോട്ടു വെക്കുന്ന ചില നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചും ബില്ലിൽ കാര്യമായ മാറ്റം വരുത്തിയ ശേഷവും മാത്രമേ അവതരിപ്പിക്കുകയുള്ളു. അത് ഇനി മാസങ്ങൾ മാത്രം ആയുസുള്ള ഈ സർക്കാറിന്റെ കാലത്ത് നടക്കില്ല. ഇതോടൊപ്പം ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണ പദാർത്ഥങ്ങളുടെ ചേരുവകളുടെ പട്ടിക പ്രദർശിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി.അനുപമ ഉത്തരവിട്ടിരുന്നു.

ഭക്ഷണങ്ങളിൽ ചേർക്കുന്ന അജിനാമോട്ടോ (മോണോ സോഡിയം ഗ്ലൂറ്റാമേറ്റ്് )മറ്റു രാസവസ്തുക്കൾ എന്നിവയുടെ അളവ് പ്രദർശിപ്പിക്കണമെന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവും അട്ടിമറിക്കപ്പെട്ടു. ഉത്തരവ് ലംഘിച്ചാൽ രണ്ടു ലക്ഷം രൂപ പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്യുകയും ചെയ്യും. എന്നാൽ ഉത്തരവ് ഇറങ്ങിയതല്ലാതെ താഴേത്തട്ടിൽ ഒരിടത്തും ഇത് പ്രാവർത്തികമായിട്ടില്ല. ഈ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് സർക്കാർ അനൗദ്യോഗിക നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് സൂചന.

അനുപമയുടെ ഉത്തരവുകൾ അനുസരിക്കേണ്ടതില്ലെന്നും അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിന് സർക്കാർ തലത്തിൽ തന്നെ ഭിന്നാഭിപ്രായമാണ്. ഇതോടൊപ്പമാണ് ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ സാധാരണക്കാരന് പ്രയോജനം ചെയ്യുന്ന ബില്ലും പൂഴ്‌ത്തി വെക്കുന്നത്. കേരളത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും വിൽക്കുന്ന ഭക്ഷണപദാർ്ത്ഥങ്ങളുടെ വില ഏകീകരിക്കാനുള്ള കേരള ഹോട്ടൽസ് ബില്ലിനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നത്.

ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഭക്ഷണവില ക്രമീകരണ അഥോറിറ്റി രൂപീകരിക്കും. ഹോട്ടലുകളിലെ രജിസ്‌ട്രേഷൻ, ആഹാര പദാർത്ഥങ്ങളുടെ വില നിയന്ത്രണം തുടങ്ങിയവ അഥോറിറ്റിയുടെ ചുമതലയിൽപെടും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയാകാനുള്ള യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയർമാൻ.സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആറ് അനൗദോഗിക അംഗങ്ങൾ ഉൾപ്പെടുന്നതാണ് അഥോറിറ്റി. അഥോറിറ്റി അംഗീകരിച്ച് പുറത്തിറക്കുന്ന വില വിവരപ്പട്ടികയനുസരിച്ച് മാത്രമേ ഹോട്ടലുകൾക്ക് ഭക്ഷണം വിൽക്കാൻ കഴിയു.

ഭക്ഷണപദാർത്ഥങ്ങൾക്ക് വില വർദ്ധിപ്പിക്കണമെന്നു ഹോട്ടൽ ഉടമകൾക്ക് താത്പര്യമുണ്ടെങ്കിൽ അഥോറിറ്റിക്ക് മുൻകൂർ അപേക്ഷ നൽകാം. ഒരു മാസത്തിനുള്ളിൽ തീരുമാനം എടുക്കുന്ന വിധത്തിലാണ് ക്രമീകരണം. നിയമലംഘനം നടത്തുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കും. രജിസ്റ്റർ ചെയ്യാതെ നടത്തുന്നതും അമിത വില ഈടാക്കുന്നതുമായ ഹോട്ടലുകൾക്ക് 5000 രൂപ പിഴയിടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അഥോറിറ്റിയുടെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല.

എന്നാൽ ആവശ്യം വന്നാൽ ഹോട്ടൽ ഉടമകൾക്ക് സംസ്ഥാന ഫുഡ് കമ്മീഷനിൽ അപ്പീൽ നൽകാം. കമ്മീഷന്റെ തീരുമാനം പ്രതികൂലമായാൽ ഉടമകൾക്ക് സർക്കാറിന് അപ്പീൽ നൽകാനും കഴിയും. ബേക്കറികൾ, തട്ടുകടകൾ, ഫാസ്റ്റ് ഫുഡ് സെന്ററുകൾ എന്നിവയും ഹോട്ടലുകളുടെ പരിധിയിൽ വരും.സ്റ്റാർ ഹോട്ടലുകളും ഹെറിറ്റേജ് വിഭാഗങ്ങളും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയോ, കമ്പനികളുടേയോ ജീവനക്കാർക്കു വേണ്ടി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഹോട്ടലുകളും പരിധിയിൽ വരില്ല.

ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു മാത്രമേ ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം ഭക്ഷണ വില നിശ്ചയിക്കാനാവു. വർഷങ്ങൾക്ക് മുമ്പെ അവതരിപ്പിക്കാനിരുന്ന ബില്ലാണ് ഈ സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നത്. സെക്രട്ടറിയേറ്റിൽ കുടുങ്ങി കിടന്ന ഫയൽ പുറത്തെത്തും മുമ്പെ അകാല ചരമമടയുകയാണ്.