- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടൽ ഭക്ഷണവില നിയന്ത്രിക്കാൻ ബിൽ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാർ; നിയമംമൂലം ഏകീകരിക്കാൻ കഴിയില്ലെന്ന് ഒന്നാം പിണറായി സർക്കാറും; കണിച്ചുകുളങ്ങര ഹോട്ടലിലെ അമിതവില ചിത്തരഞ്ജൻ പറഞ്ഞതോടെ ചർച്ചയാകുന്നത് ഇടതു ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്
ആലപ്പുഴ: ഹോട്ടൽ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും നിയന്ത്രിക്കാനുമായി യുഡിഎഫ് സർക്കാർ നടത്തിയ പരിശ്രമങ്ങൾ തുടക്കത്തിലെ അട്ടിമറിച്ചത് ഇടതുസർക്കാർ. ഭക്ഷണവില നിയമംമൂലം ഏകീകരിക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞാണ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ബിൽ ഒന്നാം പിണറായി സർക്കാർ നിയമമാക്കുന്നതിൽനിന്നു പിന്നോട്ടുപോയത്.
കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയതിനെതിരേ സിപിഎം. നേതാവും ആലപ്പുഴ എംഎൽഎ.യുമായ പി.പി. ചിത്തരഞ്ജൻ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുൻ ഇടതുസർക്കാർ വിഷയത്തിൽ സ്വീകരിച്ച നിലപാട് വീണ്ടും ചർച്ചയാകുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബാണ് ഹോട്ടൽ ഭക്ഷണവില നിയന്ത്രിക്കുന്നതിനുള്ള ബിൽ കൊണ്ടുവന്നത്. ഹോട്ടലുകളുടെ നിലവാരമനുസരിച്ച് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കാനും നിയന്ത്രിക്കാനുമായിരുന്നു ബിൽ ലക്ഷ്യമിട്ടത്. ബില്ലിനു മന്ത്രിസഭ അംഗീകാരവും നൽകി. ഹോട്ടലുടമകൾ ബില്ലിനെ എതിർത്തെങ്കിലും അവരുമായി ചർച്ച നടത്തി നിയമമാക്കാനുള്ള നടപടിയുമായി യു.ഡി.എഫ്. സർക്കാർ മുന്നോട്ടുപോയി.
പക്ഷേ, സോളാർ വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായതോടെ ബിൽ ഫയലിലൊതുങ്ങി. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ബിൽ നിയമമാക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, നിയമപരമായി നിലനിൽക്കില്ലെന്ന നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ച് അന്നത്തെ ഭക്ഷ്യമന്ത്രി ബില്ലുകൊണ്ടുവരുന്നതിനെ എതിർത്തു. ബദൽമാർഗം ആലോചിക്കുമെന്നു പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല. സർക്കാർ ഇടപെടൽ കാര്യക്ഷമമാകാതെ വന്നതോടെ ഹോട്ടലുകൾ തോന്നുംപടി വിലയീടാക്കുന്നത് ഇപ്പോഴും തുടരുകയാണ്.
നിയമംമൂലം ഭക്ഷണ വില ഏകീകരിക്കാൻ സാധ്യമല്ലെന്ന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പ്രഖ്യാപിക്കുകയായിരുന്നു. ഹോട്ടലുകളെ ഗ്രേഡ് ചെയ്ത് വില ഏകീകരിക്കൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ബില്ലിന് പ്രസക്തിയില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ബേക്കറികളെയും ഫാസ്റ്റ്ഫുഡ് സന്റെറുകളെയും തട്ടുകടകളെയും ഹോട്ടൽ നിർവചനത്തിൽപ്പെടുത്തിയിരുന്നു. കേരള ഹോട്ടൽ (ഭക്ഷണവില ക്രമീകരണം) ബില്ലിന് അന്നത്തെ യുഡിഎഫ് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും നിയമനിർമ്മാണം നടത്താൻ സാധിച്ചിരുന്നില്ല.
ഭക്ഷണസാധന വില നിയന്ത്രിക്കാൻ സംസ്ഥാന-ജില്ലാ അഥോറിറ്റി, ഹോട്ടലുകൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ, ഹോട്ടലുകളെ ഗ്രേഡുതിരിച്ച് വില നിശ്ചയിക്കൽ, നിയമം ലംഘിക്കുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കൽ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ, തട്ടുകടകൾ എന്നിവയെ ഹോട്ടൽ നിർവചനത്തിൽ ഉൾപ്പെടുത്തൽ എന്നിവയായിരുന്നു യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
യു.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ബില്ലിന് ഇന്നും പ്രസക്തിയേറെയാണ്. ഹോട്ടലുകൾ തോന്നുംപോലെ വിലയീടാക്കുന്നത് സംബന്ധിച്ച് ഇടതു എംഎൽഎ.മാർക്കുപോലും ആക്ഷേപമുള്ള സാഹചര്യത്തിൽ അത് ഇനിയും പരിഗണിക്കാവുന്നതാണ്. ഭക്ഷ്യ -പൊതുവിതരണ വകുപ്പിൽത്തന്നെ ഫയൽ ഉറങ്ങുകയാണ് സുപ്രധാനമായ ഒരു ബിൽ.
അതേ സമയം സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന അമിതവിലയ്ക്ക് തടയിടാനുള്ള നിയമത്തോട്് തുടക്കത്തിൽ തന്നെ ഹോട്ടൽ ഉടമകൾ വിയോജിപ്പ് അറിയിച്ചിരുന്നു. അമിത വില ഈടാക്കുന്ന പക്ഷം ഉടമസ്ഥർ 5,000 രൂപ പിഴയൊടുക്കാൻ ബില്ലിൽ ശുപാർശ ചെയ്തിരുന്നു.
ഇത്തരമൊരു ബിൽ അപ്രായോഗികമാണെന്നും, ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നുമായിരുന്നു ഹോട്ടൽ, റസ്റ്ററന്റ് ഉടമകൾ അന്ന് പ്രതികരിച്ചത്. വില ഏകീകരണം എന്ന ആശയം പ്രായോഗികമല്ല എന്നാണ് ഇവരുടെ വാദം. ഈ ബിൽ നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരുന്നു.
എല്ലാ ജില്ലകളിലും റസ്റ്ററന്റുകളുടെ രജിസ്ട്രേഷനും വില നിയന്ത്രണത്തിനുമായി അഥോറിറ്റി രൂപീകരിക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. ജില്ലാ അഥോറിറ്റി അംഗീകരിച്ചതിൽ കൂടുതൽ വിലയ്ക്ക് ഭക്ഷണ സാധനങ്ങൾ വിൽക്കാൻ പാടില്ല. വില കൂട്ടാൻ ഉദ്ദേശിക്കുന്ന പക്ഷം അഥോറിറ്റിക്ക് മുൻകൂട്ടി അപേക്ഷ നൽകണമെന്നായിരുന്നു നിർദ്ദേശം. ബേക്കറികൾ, തട്ടുകടകൾ, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകൾ എന്നിവ ഹോട്ടലുകൾ എന്ന നിർവ്വചനത്തിലുൾപ്പെടുത്തിയാണ് ബിൽ നിയമമാക്കാൻ ലക്ഷ്യമിട്ടത്.
മറുനാടന് മലയാളി ബ്യൂറോ