വടകര: കൊല്ലപ്പെട്ട ആർ.എംപി. നേതാവ് ടിപി ചന്ദ്രശേഖരന്റെ അടുത്ത അനുയായിയും എസ്.എഫ്.ഐ. മുൻ കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ സംരക്ഷണവേദി ജില്ലാ ചെയർമാനുമായ എടച്ചേരിയിലെ കെ.എസ്. ബിമൽ (38) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് പോണ്ടിച്ചേരി ജിപ്മർ ആസ്?പത്രിയിൽ ചികിത്സയിലായിരുന്നു. നരിക്കുന്ന് യു.പി. സ്‌കൂൾ അദ്ധ്യാപകനാണ്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ കോഴിക്കോടിനെ ത്രസിപ്പിച്ച നേതാവാണ് കെഎസ് ബിമൽ. 38ാം വയസ്സിൽ അർബുദ ബാധിതനായാണ് മരണം. എസ്എഫ്‌ഐയുടെ മികച്ച നേതാക്കളിൽ ഒരാളായിരുന്ന ബിമൽ, ടിപി ചന്ദ്രശേഖരൻ വധത്തോടെ സിപിഎമ്മിൽ നിന്ന് അകലുകയായിരുന്നു. മികച്ച പ്രാസംഗികനും സംഘാടകനും ആയിരുന്ന ബിമൽ വിദ്യാർത്ഥികളുടെ പ്രിയങ്കരനായിരുന്നു. ഒരു ഘട്ടത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പദത്തിലേയ്ക്കും ബിമലിന്റെ പേർ ഉയർന്ന് കേട്ടിരുന്നു.

ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിനെത്തുടർന്ന് സിപിഐ(എം). വിട്ടവരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. കൂട്ടായ്മ രൂപീകരണ വേളയിൽ കെഎസ് ബിമൽ നടത്തിയ പ്രസംഗം ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. എടച്ചേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആ സമയത്ത്. പിന്നീട് ജനാധിപത്യ സംരക്ഷണവേദി രൂപവത്കരിച്ചു. ആർ.എംപി. അനുകൂലനിലപാടാണ് പിന്നീട് സ്വീകരിച്ചത്.

മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തിന് കോഴിക്കോട് ടൗൺഹാളിലും ഒരു മണിക്ക് വടകര ടൗൺഹാളിലും മൂന്നിന് എടച്ചേരി കമ്യൂണിറ്റിഹാളിലും പൊതുദർശനത്തിന് വെക്കും. ശവസംസ്‌കാരം നാലിന് വീട്ടുവളപ്പിൽ. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രകമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ബിമൽ. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിട്ടുണ്ട്. സ്വാശ്രയകോളേജ് വിരുദ്ധസമരത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ പലതവണ പൊലീസ് മർദനത്തിന് ഇരയായി.

ജനാധിപത്യസംരക്ഷണവേദി രൂപവത്കരിച്ച് ടി.പി. ചന്ദ്രശേഖരന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനിടെയാണ് രോഗബാധിതനായത്. വാട്ടർ അഥോറിറ്റി ജീവനക്കാരനായിരുന്ന കേളപ്പന്റെയും പുതുപ്പണം എസ്.ബി. സ്‌കൂൾ അദ്ധ്യാപികയായിരുന്ന സുശീലയുടെയും മകനാണ്. ഭാര്യ: സൂര്യ. മക്കൾ: നൂർജഹാൻ, ബിഥോവൻ.