വിക്ടോറിയ: ബിൻ കളക്ഷന് ഏറെ സമയം മുമ്പ് ബിന്നുകൾ പുറത്തു വച്ചാലും പിഴ ശിക്ഷ ലഭിക്കുന്ന തരത്തിൽ കൗൺസിൽ നിയമഭേദഗതിക്കൊരുങ്ങുന്നു. കളക്ഷന് 24 മണിക്കൂർ മുമ്പ് പുറത്തിറക്കി ബിൻ വച്ചാൽ 1500 ഡോളർ വരെ പിഴ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്‌ക്കരിക്കാനാണ് ഒരു നോർത്തേൺ സബർബൻ കൗൺസിൽ ഒരുങ്ങുന്നത്.

കളക്ഷൻ സമയത്തിന് ഏറെ മുമ്പ് ബിന്നുകൾ പുറത്തിറക്കി വയ്ക്കുന്നത് തെരുവുകൾ വൃത്തികേടാക്കുന്നുവെന്ന് നിവാസികളിൽ നിന്ന് ശക്തമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഡെയർബിൻ കൗൺസിൽ പിഴ ഈടാക്കാൻ തയാറാക്കുന്നത്. ബിന്നുകൾ ഏറെ നേരം മുമ്പ് പുറത്തിറക്കി വയ്ക്കുന്നവരിൽ നിന്ന് തുടക്കത്തിൽ 500 ഡോളർ പിഴ ഈടാക്കാനാണ് ഈ വിക്ടോറിയൻ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ പിഴ അടയ്ക്കുന്നതിൽ ഭംഗം വരുത്തുന്നവർ പിന്നീട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. തുടർന്ന് 1500 ഡോളർ വരെ പിഴ ഉയരാൻ സാധ്യതയുണ്ടെന്നും പറയുന്നു.

ഫുട്പാത്തുകളിൽ വളരെ നേരത്തെ തന്നെ ഇറക്കിവയ്ക്കുന്ന വേസ്റ്റ് ബിന്നുകൾ വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കാൽനട യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നുവെന്നുമാണ് പരക്കെ ഉയർന്നിരിക്കുന്ന പരാതി. അതേസമയം ഇത്തരത്തിൽ നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നത് വൈകല്യമുള്ളവരേയും പ്രായമായവരേയും ദോഷകരമായി ബാധിക്കുന്നുവെന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കൗൺസിൽ അടുത്ത കാലത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഏതാനും ബൈലോകളിൽ ഒന്നാണിത്. 24 മണിക്കൂർ സമയത്തിനു മുകളിൽ കാരവാനോ ബോട്ടോ റോഡിൽ പാർക്ക് ചെയ്താൽ പിഴ ഈടാക്കാനും കൗൺസിൽ തയ്യാറെടുക്കുന്നുണ്ട്.