മക്ക: ശമ്പളമില്ലാതെ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ബിൻലാദിൻ കമ്പനി തൊഴിലാളികളിൽ ഒരു ലക്ഷത്തോളം പേർക്ക് ഈ മാസം ശമ്പളം നൽകുമെന്ന് മക്ക മേഖല തൊഴിൽ വകുപ്പ് മേധാവി അബ്ദുല്ല അൽ ഉലയാൻ ഉറപ്പു നൽകി. കൂടാതെ ബിൻലാദിൻ കമ്പനിയിൽ നി്‌ന് മറ്റു കമ്പനികളിലേക്ക് തൊഴിൽ മാറുന്നതിന് 15000 ത്തോളം തൊഴിലാളികൾക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

കമ്പനിക്കുള്ള കമ്പ്യൂട്ടർ സേവനം നിർത്തലാക്കിയ മന്ത്രാലയം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതു വരെ ഈ അവസ്ഥ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ബാങ്ക് നടപടികൾക്കും സ്‌പോൺസർഷിപ്പ് നടപടികൾക്കും ബുദ്ധിമുട്ട് നേരിടാതിരിക്കാനാണ് വർക്ക് പെർമിറ്റ് പുതുക്കുന്നത് ഒഴികെയുള്ള സേവനങ്ങൾ നിർത്തലാക്കിയിരിക്കുന്നത്.

റിക്രൂട്ട്‌മെന്റ്, വിസ ഇഷ്യുചെയ്യൽ, പ്രൊഫഷൻ മാറ്റം, മറ്റ് സേവനങ്ങൾ എന്നിവക്കുള്ള വിലക്ക് തുടരുന്നുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നവർ ഹയ്യ് മർവയിൽ ഹിറാ റോഡിലെ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനുള്ള ഓഫിസിൽ പരാതി നൽകണമെന്നും കമ്പനികളിലേയും സ്ഥാപനങ്ങളിലേയും തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സമിതിയാണിതെന്നും അദ്ദേഹം അറിയിച്ചു.

മക്കയിലെ ഗ്രാൻഡ് മോസ്‌കിലുണ്ടായ ക്രെയിൻ അപകടത്തെ തുടർന്ന് ബിൻലാദിൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും കരാറുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി കമ്പനിയിൽ നിന്ന് ഭൂരിഭാഗം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കുടിശിഖ ശമ്പളം പോലും നൽകാതെ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങിയ ബിൻലാദിൻ കമ്പനിക്കെതിരേ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മന്ത്രാലയം ഇടപെടുകയായിരുന്നു.