കോട്ടയം: മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവിന്റെയും കനക ദുർഗയുടെയും നിരാഹാര സമരം. മേഡിക്കൽ കോളേജിൽ പൊലീസ് അന്യായമായി കസ്റ്റഡിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കനക ദുർഗയും ബിന്ദുവും നിരാഹാരം ആരംഭിച്ചത്. തങ്ങളുടെ ഫോണുകൾ പൊലീസ് പിടിച്ചു വെച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഇരുവരും ഭക്ഷണം കഴിക്കാതെ നിരാഹാരം ആരംഭിച്ചത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ഇരുവരും ശബരിമല ചവിട്ടാതെ തിരികെ പോകാൻ സന്നദ്ധത അറിയിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

ശബരിമല യാത്ര മാറ്റിവയ്ക്കാൻ തയ്യാറെണെന്നാണ് കനക ദുർഗയും ബിന്ദുവും നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചത്. താൽക്കാലികമായി മടങ്ങി പോകാൻ തയ്യാറാണ്. എന്നാൽ മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ തിരികെ വരും. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് തടസമുണ്ടാകില്ലെന്ന പൊലീസിന്റെ ഉറപ്പിലാണ് മടങ്ങിപ്പോകാൻ സന്നദ്ധത അറിയിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു ിതിന് പിന്നാലെയാണ് ഇരുവരും ആശുപത്രി കിടക്കയിൽ നിരാഹാരം തുടങ്ങിയത്. പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നു എന്നാണ് ഇരുവരും ആരോപിക്കുന്നച്..

കോട്ടയം ഡിവൈഎസ്‌പി ശ്രീകുമാർ ഇരുവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ഇരുവരും ശബരിമല കയറുന്നതിൽ നിന്നും പിന്മാറാൻ തയ്യാറായത്. ഒന്നര മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇരുവരും തൽക്കാലത്തേക്ക് മലചവിട്ടു്ന്നില്ലെന്ന് വ്യക്തമാക്കുക ആയിരുന്നു. എന്നാൽ മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ തിരികെ വരുമെന്ന് പറഞ്ഞ ഇരുവരോടും ആ സമയത്ത് ദർശനത്തിന് തടസമുണ്ടാകില്ലെന്ന് പൊലീസും അറിയിച്ചതോടെയാണ് പിന്മാറ്റം പൂർണ്ണമായത്. എന്നാൽ പിന്നാലെ നിരാഹാരം പ്രഖ്യാപിച്ച് ഇരുവരും നാടകിയത സൃഷ്ടിച്ചിരിക്കുകയാണ്.

നിലവിലെ സ്ഥിതിയിൽ ശബരിമലയിലെക്ക് പോകുന്നത് അപകടകരമാണ്. ഇപ്പോഴത്തെ തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തിരിച്ച് പോകുന്നതിന് സുരക്ഷ നൽകാനാകില്ലെന്നും ഇരുവരേയും പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ ചർച്ചയിലാണ് പിന്മാറാൻ ഇരുവരും തയ്യാറായത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കഴിഞ്ഞാൽ ഇരുവരേയും മടക്കി അയക്കാൻ പൊലീസ് സുരക്ഷ ഒരുക്കും. അതേസമയം വീട്ടിലേക്ക് മടങ്ങിപ്പോയാൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ ഇരുവരും തീരുമാനമെടുക്കും.

അതേസമയം, ഇന്നലെ മെഡിക്കൽ കോളേജിൽ വച്ച് കനകയേയും ബിന്ദുവിനേയും ചീമുട്ടയെറിഞ്ഞ് പ്രതിഷേധിച്ച മൂന്ന് വനിതകൾ ഉൾപ്പെടെ ആറ് ശബരിമല കർമ്മസമിതി പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനത്തിനായി മല കയറാൻ എത്തിയത്. പുലർച്ചെ മൂന്നരയ്ക്ക് ഇവർ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാർഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിലെത്തിയത്. സുരക്ഷ നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.

എന്നാൽ രാവിലെ ഏഴുമണിയോടെ ഇരുവരെയും പ്രതിഷേധത്തെ തുടർന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. തിരിച്ചിറങ്ങിയ ഇരുവരെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കനക ദുർഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആശുപത്രിയി ലെത്തിച്ചതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധകർ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാൽ പ്രതിഷേധക്കാർ ആംബുലൻസിന് നേരെ ചീമുട്ടയേറിഞ്ഞു.

അതിനിടെ, മകരവിളക്കിനു മുൻപായി ശബരിമലയിൽ ദർശനം നടത്താൻ വിവിധ വനിതാ സംഘടനകൾ തയ്യാറെടുക്കുന്നതായും ഇവർക്കു രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകൾ ശബരിമല വിഷയത്തിൽ ഇടപെടാൻ തയ്യാറെടുക്കുന്നുണ്ട്. മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശന വിഷയം സജീവമാക്കി നിലനിർത്താൻ സംഘടനകൾ ശ്രമിക്കുമെന്നാണു സൂചന. 19ന് നട അടയ്ക്കുന്നതുവരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നു സർക്കാരിനോടും പൊലീസിനോടും ഇന്റലിജൻസ് നിർദ്ദേശിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി സംഘടനകൾ യുവതികളെ എത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചില രാഷ്ട്രീയ സംഘടനകൾ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. പന്ത്രണ്ടോളം സംഘടനകൾ നിരീക്ഷണത്തിലാണ്. സജീവമായ സംഘടനകളല്ല ഇവയിൽ പലതും. വിശ്വാസത്തിന്റെ പേരിലല്ല ഇവർ ക്ഷേത്രദർശനത്തിന് എത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ഓളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. മരക്കൂട്ടത്തുവെച്ച് യുവതികളെ തടഞ്ഞ 100 പേർക്കെതിരെയും സന്നിധാനത്ത് നാമജപം നടത്തിയ അമ്പതോളം പേർക്കെതിരെയുമാണ് സന്നിധാനം പൊലീസ് കേസെടുത്തത്. അപ്പാച്ചിമേട്ടിൽ തടഞ്ഞ നാൽപതോളം പേർക്കെതിരേ പമ്പ പൊലീസും കേസെടുത്തിട്ടുണ്ട്. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടിച്ച് നാമജപ പ്രതിഷേധം നടത്തിയവർക്കെതിരെയും മരക്കൂട്ടത്ത് പ്രതിഷേധം നടത്തിയവർക്കെതിരെയുമാണ് സന്നിധാനം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസ്. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ ഇവർ ആരൊക്കെയാണെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാവൂ.