പത്തനംതിട്ട: കനകദുർഗയും ബിന്ദുവും ഈ മണ്ഡല കാലയളവിൽ ഇനി മല ചവിട്ടാൻ എത്തില്ല. എന്നാൽ, മകരവിളക്കിന് നട തുറക്കുന്ന ദിവസം അവർ വീണ്ടുമെത്തും, അയ്യപ്പനെ കാണാൻ. ദർശന സൗകര്യം ഒരുക്കുമെന്ന് പൊലീസും അറിയിച്ചു. പൊലീസിന്റെ , പ്രത്യേകിച്ച് ഡിജിപിയുടെ ഈ ഉറപ്പ് വിശ്വസിച്ചാണ് ഇവർ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരിക്കുന്നത്. ഒരു കാരണവശാലും പിന്മാറാൻ തയാറാകാതിരുന്ന ഇരുവരെയും അനുനയിപ്പിക്കാൻ പൊലീസ് ഏറെ പാടുപെട്ടു.

വരുംദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. മല കയറാനെത്തിയ ബിന്ദുവിനെതിരെ നിരവധി കേസുകളുള്ളതായാണു പൊലീസ് ഭാഷ്യം.

വീണ്ടും കയറ്റി വിടാമെന്ന ഉറപ്പിലാണ് ഇവർ മരക്കൂട്ടത്ത് നിന്ന് പൊലീസിനൊപ്പം കഴിഞ്ഞ ദിവസം തിരിച്ചു പോന്നത്. എന്നാൽ, പൊലീസ് ഇക്കാര്യം നിഷേധിച്ച് നാടകം തുടരുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ കഴിയുമ്പോഴും ഇവർ ശബരിമലയ്ക്ക് പോകണമെന്ന് വാശി പിടിച്ചതോടെ പൊലീസ് ശരിക്കും പെട്ടു. മണ്ഡലപൂജയോട് അനുബന്ധിച്ച് ഭക്തരുടെ തിരക്കേറെയാണ്. ഈ സമയത്ത് യുവതികൾക്ക് സംരക്ഷണം നൽകാൻ ബുദ്ധിമുട്ടാണ്. ആക്രമണവും ഉണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് തീർത്ഥാടകർ ഒഴിയുന്ന അവസരത്തിൽ ദർശനത്തിന് അവസരം നൽകാമെന്ന ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടു വന്നത്.

27 ന് രാത്രി 10 ന് മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നെ തുറക്കുന്നത് 30 ന് വൈകിട്ട് അഞ്ചിനാണ്. 27 ന് രാത്രി തന്നെ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും സന്നിധാനത്ത് നിന്ന് പടിയിറക്കും. 30 ന് വൈകിട്ട് നിയന്ത്രിച്ചാകും എല്ലാവരെയും കടത്തി വിടുക. ഈ സമയത്ത് ആദ്യം തന്നെ കനത്ത പൊലീസ് കാവലിൽ ഇരുവരെയും സന്നിധാനത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ഒരു ഒത്തുതീർപ്പ് ഫോർമുലയാണ് മുന്നോട്ടു വച്ചിരിക്കുന്നത്. അതേസമയം, പൊലീസിന്റെ തന്ത്രത്തിന് മറുതന്ത്രമാണ് ബിജെപി മെനയുന്നത്. പമ്പയിലോ മരക്കൂട്ടത്തോ ഇനി യുവതികളെ തടയാൻ ബിജെപി തയാറല്ല. സന്നിധാനം വരെ കൊണ്ടു വരാൻ കാത്തു നിൽക്കും. വന്നു കഴിഞ്ഞാൽ പിന്നെ ബാക്കി ഭക്തർ നോക്കിക്കോളുമെന്നാണ് നേതാക്കൾ കരുതുന്നത്. മുന്നിലോ പിന്നിലോ ബിജെപിയുടെ ഒറ്റ നേതാക്കളും കാണില്ല. എന്നാൽ, പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി തന്നെ നേതൃത്വം നൽകുകയും ചെയ്യും. പൊലീസിൽ ഒരു വിഭാഗം ഇവർക്ക് പിന്തുണയും നൽകും.

വരുംദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് നൽകിയതോടെയാണ് ശബരിമലയിൽ സംഘർഷത്തിന് അയവുണ്ടാകാനുള്ള സാധ്യത തെളിയുന്നത്. രഹ്നാ ഫാത്തിമയേയും കനകദുർഗ്ഗയേയും എല്ലാം മല ചവിട്ടാൻ അനുവദിച്ചത് പൊലീസിനും പേരു ദോഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

മകരവിളക്കിന് ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ ഇവർക്ക് സുരക്ഷ ഒരുക്കി മലകയറ്റുക എന്നത് പ്രയാസമാകും. ആയതിനാൽ ഇവരെ പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം പൊലീസ് തുടരുമെന്നാണ് സൂചന. ആദിവാസി വനിത പ്രസ്ഥാനത്തിന്റെ അമ്മിണിയോടും സുരക്ഷ ഒരുക്കാമെന്ന് പറഞ്ഞാണ് പൊലീസ് മടക്കി അയച്ചത്.