തിരുവനന്തപുരം: പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗമാണെന്നു നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റുമെന്നും ബിന്ദു മറുനാടൻ മലയാളിയോടു പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിന് ശേഷം ഡിസിസി അദ്ധ്യക്ഷ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നതിൽ സമ്മിശ്ര പ്രതികരമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിലും. ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി എത്തുന്ന കൊല്ലത്ത് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ പി സി വിഷ്ണുനാഥ് എത്തുമെന്നാണ് കരുതിയതെങ്കിലും ഹൈക്കമാന്റിൽ നിന്നും അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ അദ്ധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കുകയും ചെയ്തു. ഇതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷവുമുണ്ടായിരുന്നു.

എന്നാൽ എന്തുകൊണ്ടാണ് വിഷ്ണുവിന് സ്ഥാനം ലഭിക്കാത്തതെന്ന് തനിക്കറിയില്ലെന്നും പാർട്ടി തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അദ്ധ്യക്ഷ എന്ന നിലയിൽ മികച്ച പ്രകടനം നടത്താനാകുമെന്നണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ജില്ലയിലെ മുതിർന്ന നേതാക്കളെ കാണുന്ന തിരക്കിലായിരുന്നു ഇന്ന് അവർ. സംസ്ഥാനത്ത് തന്നെ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും ഏറ്റവും വലിയ തിരിച്ചടി ലഭിച്ച ജില്ലയാണ് കൊല്ലം അതുകൊണ്ട് തന്നെ സംഘടനാ തലത്തിൽ ഉൾപ്പടെ പാർട്ടിയെയും മുന്നണിയേയും തിരികെ കൊണ്ട് വരിക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി ബിന്ദുകൃഷ്ണയെ ഏൽപ്പിച്ചത്. ഇത്തരം ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഉത്സാഹത്തോടെ ഏറ്റെടുക്കുന്നുവെന്നും അവർ മറുനാടനോട് പറഞ്ഞു.കൊല്ലം ജില്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ടുവെന്നത് ശരി തന്നെ, പക്ഷേ അത്‌കൊണ്ട് മാത്രം പാർട്ടിയെ എഴുതിത്ത്തള്ളാനാകില്ലെന്നും അവർ പറഞ്ഞു. ജില്ലയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം കോൺഗ്രസ് പാർട്ടി ഉണ്ടെന്ന പ്രതീതി നിലനിർത്തിക്കൊണ്ടായിരിക്കും പ്രവർത്തിക്കുകയെന്നും അവർ പറഞ്ഞു.

ഡിസിസി പുനഃസംഘടന എന്നത് മെറിറ്റിനെ മാത്രം മുൻനിർത്തി കൈകൊണ്ട തീരുമാനമാണെന്നും ഇത് ആരുടേയും നഷ്ടമല്ലെന്നും മറിച്ച് പാർട്ടിയുടെ നേട്ടമാണെന്നുമാണ് വി എം സുധീരൻ അഭിപ്രായപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇത് തന്റെ മാത്രം പ്രവർത്തനത്തിനുള്ള നേട്ടമല്ലെന്നും തന്റെ ഒപ്പം നിന്നും പ്രസ്ഥാനത്തിനുവേണ്ടിയും പ്രവർത്തിച്ച ഓരോ വനിതയ്ക്കുമുള്ള അംഗീകാരവും സമ്മാനവുമാണ് ഇപ്പോൾ ഒരു വനിതയായ തനിക്ക് ലഭിച്ച അംഗീകാരം എന്നും അവർ കൂട്ടിച്ചേർത്തു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്‌പ്പല്ല ഹൈക്കമാൻഡ് നടത്തിയതെന്ന അവകാശവാദമുണ്ടെങ്കിലും കൂടുതൽ അധ്യക്ഷന്മാരെയും കൈക്കലാക്കി ഐ ഗ്രൂപ്പാണു മേധാവിത്വം നേടിയത്. മുൻ ഡിസിസി അധ്യക്ഷന്മാരെ വീണ്ടും ആ പദവിയിലേക്കു പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നേരത്തേ നിർദ്ദേശിച്ചിരുന്നു. അതിനാൽ തന്നെ പുതുമുഖങ്ങൾ പട്ടികയിൽ എത്തുകയായിരുന്നു. നാലിടങ്ങളിൽ മാത്രമാണ് എ ഗ്രൂപ്പിനു സാന്നിധ്യം അറിയിക്കാനായത്.

കൊല്ലം ഡിസിസി പ്രസിഡന്റാകാൻ ഉമ്മൻ ചാണ്ടിയുടെ അടുത്തയാളായ പി സി വിഷ്ണുനാഥും ശ്രമിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണു ബിന്ദുവിനു തുണയായത്. മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയായ ബിന്ദുവിനെ നിർദ്ദേശിച്ചതു രാഹുലാണെന്നാണു വിവരം. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്നാണ് അവർ നൽകിയ മറുപടി.കൂടുതൽ വനിതകളേയും യുവാക്കളേയും പാർട്ടിയിലേക്ക് കൊണ്ട് വരുന്നതിനാണ് മുൻതൂക്കം. പാർട്ടിയിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരിക എന്നതും മുന്നിലുള്ള പദ്ധതിയാണെന്നും അവർ പറഞ്ഞു.

കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനം ബിന്ദു കൃഷ്ണയ്ക്കു നൽകിയതിലൂടെ ഇക്കുറി വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ബിന്ദു കൃഷ്ണയിൽ മാത്രം ഒതുക്കുകയായിരുന്നു.കോട്ടയം ഡിസിസി പ്രസിഡന്റായി ലതിക സുഭാഷിനെ പരിഗണിച്ചിരുന്നുവെന്നും താനുൾപ്പടെയുള്ളവർ ഇതിനെ പിന്താങ്ങിയെന്നും ബിന്ദുകൃഷ്ണ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു ചോദിക്കാത്തതുകൊണ്ടാണോ ഇത്തവണ പാർട്ടി ഇത്തരമൊരു സ്ഥാനം നൽകി അംഗീകരിച്ചത് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ഫലം തോൽവിയാണെന്ന് മുൻകൂട്ടിയറിയാവുന്ന മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണയും പാർട്ടി പറഞ്ഞ മണ്ഡലങ്ങളിൽ തോൽവി ഉറപ്പായിരുന്നിട്ടും മത്സരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ നിയനസഭയിൽ കോൺഗ്രസിന് ഒരു അംഗമാണ് ഉണ്ടായിരുന്നത്. 2006ൽ ഇത്തണത്തെപ്പോലെ തന്നെ ഒരംഗവും ഇല്ലായിരുന്നു. വനിതകൾക്ക് തോൽക്കുന്ന സീറ്റ് മാത്രം നൽകുന്ന പ്രവണതയാണ് ഇതിന് കാരണമായത്. ഒരു ജില്ലയുടെ സംഘടനാ തലപ്പത്തേക്ക് വനിതയെ എത്തിച്ചതിലൂടെ പറ്റിയ അബദ്ധങ്ങളും തെറ്റുകളും പാർട്ടി തിരുത്തുകയാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ മടിക്കുന്നത് സ്ത്രീകൾ ഉന്നതിയിലേക്ക് എത്തില്ലെന്ന തിരിച്ചറിവ്‌കൊണ്ടാണോ എന്ന ചോദ്യത്തിന് തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വരെ പ്രാധാന്യം നൽകുന്ന കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതൽ വനിതകൾ കടന്നുവരുമെന്നും അവർ പറയുന്നു.

രാഷ്ട്രീയത്തിൽ ഉയർന്ന് വരുന്ന സ്ത്രീകളെ കുറിച്ച് പല കോണുകളിൽ നിന്നും അപവാദപ്രചരണം നടത്തി തളർത്താൻ ശ്രമം നടക്കുന്നതും രാഷ്ട്രീയത്തിലേക്ക് കൂടുതൽ പേർ കടന്നുവരുന്നതിന് തടസ്സമാകുന്നില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ മാത്രമല്ല സ്ത്രീകൾ ഏത് രംഗത്ത് ഉയർന്ന് വന്നാലും ഇത്തരം ആരോപണങ്ങൾ പതിവാണെന്നും അത് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു തരം മാനസിക രോഗമാണെന്നും അവർ പറഞ്ഞു. ഒരു അഭിഭാഷകയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള തനിക്ക് അത് നന്നായി അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.