കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പലതും ഇപ്പോൾ അപകട മരണങ്ങളായി മാറി കഴിഞ്ഞു. മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിനേയും ഇടിച്ചു കൊന്നത് ടിപ്പൽ ലോറിയാണ്. കൊലയാളിക്ക് സർക്കാരിൽ സ്വാധീനമുണ്ടെങ്കിൽ കേസ് വെറുമൊരു അപകടമായി മാറും. ഇൻഷുറൻസ് തുക കിട്ടുമെന്നതിന് അപ്പുറം നീതി നടപ്പാകില്ല. ഇതേ മോഡലാണ് വരാപ്പുഴ പാലത്തിൽ എം ബാബുരാജിന്റേയും കൊലപാതകം. ഇടിച്ചിട്ട വണ്ടി പോലും കണ്ടെത്താനാവാത്ത വിധം ആസൂത്രണം.

ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ മരിച്ചതും ദുരൂഹമാണ്. വരാപ്പുഴ വിഷ്ണു ടെമ്പിൾ റോഡ് കൃഷ്ണകൃപയിൽ എം ബാബുരാജ് (52) ആണ് കൊല്ലപ്പെട്ടത്. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആർട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ (സി പി എസ് എ) ഓർഗനൈസിങ് സെക്രട്ടറിയും എച്ച് എം എസ് മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു ബാബുരാജ്.

രാഷ്ട്രീയ ശത്രുക്കളും യൂണിയൻ ശത്രുക്കളും ഉള്ള വ്യക്തി. അതുകൊണ്ടാണ് ഈ മരണത്തിന് സംശയങ്ങൾ കൂടുന്നത്. എന്നാൽ ഇടിച്ചിട്ട ലോറി കണ്ടെത്താൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. മര്യാധയ്ക്ക് സിസിടിവി പരിശോധന പോലും നടന്നില്ല. മികച്ച സൗഹൃദങ്ങളുള്ള വ്യക്തിയാണ് ബാബുരാജ്. അതിനൊപ്പം തൊഴിൽ മേഖലയിലെ ഇടപെടലിൽ ശത്രുക്കളും. അതുകൊണ്ടാണ് ബന്ധുക്കൾക്ക് ഈ മരണത്തിൽ സംശയം ഏറുന്നത്. അപകടം നടന്ന ദിവസത്തെ സിസിടിവി പരിശോധിച്ചാൽ തന്നെ ലോറിയെ കണ്ടെത്താം. ഇതിന് വേണ്ടപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നത് ബന്ധുക്കളേയും ഞെട്ടിച്ചിട്ടുണ്ട്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തിൽ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. മരണം ഉറപ്പാക്കും വിധമായിരുന്നു വാഹനത്തിന്റെ ഇടി. ലോറിയാകും ഇടിച്ചതെന്നാണ് നിഗമനം. ബാബുരാജിന്റെ യാത്രയും മറ്റും മനസ്സിലാക്കിയുള്ള അപകമുണ്ടാക്കലാണ് നടന്നതെന്നാണ് സംശയം.

കണ്ണൂരിലും മറ്റും ക്വട്ടേഷൻ ഗുണ്ടകൾ കേസൊഴിവാക്കാൻ അപകടങ്ങളിലൂടെ ശത്രുകളെ വകവരുത്തുന്ന രീതി പതിവാണ്. ഇതാണ് മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് നിഗമനം. സമാനമായി കണ്ണൂരിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സ്വർണ്ണ മാഫിയയും മറ്റും ഇങ്ങനെ അപകടങ്ങളുണ്ടാക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരുമാണ്. അതുകൊണ്ടാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ജീവനക്കാരൻ കൂടിയായ ബാബുരാജിന്റെ മരണം ദുരൂഹതയായി മാറുന്നത്.

നടി ബിന്ദു പണിക്കർ അടക്കമുള്ളവർക്ക് സഹോദരന്റെ മരണത്തിൽ സംശയങ്ങളുണ്ട്. എന്നാൽ ഇടിച്ചിട്ട വാഹനം പോലും കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്. ഭാര്യ: സ്മിത പി നായർ (സംഗീതാധ്യാപിക, കോട്ടയം കുമ്മനം, കുറുപ്പന്തറ കുടുംബാംഗം). മകൻ: ശബരീനാഥ്. സംസ്‌കാരം ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ.