- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ബന്ധു യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ലഭിക്കാൻ നമ്പർ നൽകിയത് ശത്രുക്കൾ; പരാതി നൽകിയപ്പോൾ വാദി പ്രതിയായി; പൊലീസ് പിടിച്ചെടുത്ത ഫോണിന് വേണ്ടി സമരത്തിന് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോഴും താക്കീത്; ഇടിക്കടം ബിനീഷ് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധുവായ യുവതിയുടെ നഗ്നദൃശ്യങ്ങൾ ലഭിക്കാൻ യുവാവിന്റെ നമ്പർ നൽകി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതികളെ പിടിക്കാതെ പരാതിക്കാരന്റെ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ പിടിച്ചു വച്ചിരിക്കുന്ന സംഭവത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ പ്രതിഷേധിക്കാനെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചു. കൊട്ടാരക്കര ഇടക്കിടം ബിനീഷ് ഭവനത്തിൽ ബിനീഷിനെയാണ് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
ബിനീഷ് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രിയിൽ സെക്രട്ടേറിയേറ്റ് പടിക്കൽ പ്രതിഷേധ ബാനർ കെട്ടി സത്യാഗ്രഹം തുടങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊലീസ് വളരെ വേഗം തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻകൂർ അനുമതിയില്ലാതെ സമരം തുടങ്ങിയതിനാലാണ് നടപടി എടുത്തത്. സമരത്തിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നറിയിച്ചതോടെ ബിനീഷ് സ്റ്റേഷനിൽ ഒപ്പിട്ടു നൽകി മടങ്ങിപ്പോകുകയായിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നടക്കുന്ന കള്ളത്തരങ്ങളെപറ്റി തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ വിമർശിച്ചതിനെ തുടർന്ന് ബിനീഷിന്റെ നമ്പർ സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ബന്ധുവായ യുവതിയുടെ അശ്ലീല വീഡിയോ ലഭിക്കാൻ ബന്ധപ്പെടുക എന്ന കുറിപ്പോടെ പ്രചരിക്കുകയായിരുന്നു. കൂടാതെ പല നമ്പരുകളിൽ നിന്നും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തലുമുണ്ടായി. ഇത് സംബന്ധിച്ച് എഴുകോൺ പൊലീസിൽ പരാതി നൽകി.
എന്നാൽ പരാതിയിൽ പറഞ്ഞവർക്കെതിരെ നടപടി എടുക്കാതെ പരാതി നൽകിയ ബിനീഷിനെ സ്റ്റേഷനിൽ തടഞ്ഞു വയ്ക്കുകയും ടൂവീലറും മൊബൈലും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് ടുവീലർ വിട്ടു നൽകിയെങ്കിലും വിലകൂടിയ മൊബൈൽ തിരിച്ചു നൽകിയില്ല. പരാതി കൊടുത്ത തന്റെ മൊബൈൽ എന്തിനാണ് പൊലീസ് പിടിച്ചു വച്ചിരിക്കുന്നത് എന്നാണ് ബിനീഷ് ചോദിക്കുന്നത്.
ഇത് സംബന്ധിച്ച് ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയേറ്റ് പടിക്കൽ സത്യാഗ്രഹമിരിക്കാനായി കഴിഞ്ഞ രാത്രിയിൽ എത്തിയത്. പൊലീസ് അറിയിച്ചപ്പോഴാണ് മുൻകൂട്ടി അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഇവിടെ സമരം ചെയ്യാൻ കഴിയുകയുള്ളൂ എന്ന് അറിഞ്ഞതെന്ന് ബിനീഷ് പറഞ്ഞു.
പൊലീസ് നിർദ്ദേശം അനുസരിച്ച് തിരികെ മടങ്ങിയെന്നും പറയുന്നു. പൊലീസ് തനിക്കെതിരെ എന്തിനാണ് നടപടി എടുത്തതെന്ന അറിയണമെന്ന വാശിയിലാണ്. ഇതിനായി ഇനി ഹൈക്കോടതിയിൽ കേസു കൊടുക്കാനുള്ള ഒരുക്കത്തിലാണെന്നും ഇയാൾ പറഞ്ഞു.