- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടപ്പന് ശംഖുമുഖത്തെ കോഫീ ഷോപ്പ് നടത്തിപ്പും സുനിൽ കുമാർ ആപ്പിൾ ഹോളിഡേയ്സ് എന്ന സാമ്രാജ്യത്തിന്റെ ഉടമയും; കുട്ടപ്പൻ ബിനീഷിന്റെ സന്തത സഹചാരി; സുനിൽ കുമാർ ബിനീഷിന്റെ പഴയഡ്രൈവർ; ആപ്പിൾ ഹോളിഡെയ്സ് തെരുവിൽ പായിക്കുന്നത് റേഞ്ച് റോവറും, ഓഡിയും ബിഎംഡബ്ല്യുവും; കേരള ക്രിക്കറ്റ് അസോസിയേഷനായി ഓടുന്നത് ആപ്പിൾ ഹോളിഡെയ്സ് മാത്രവും; ബിനീഷിന്റെ അറസ്റ്റിനു പിന്നാലെ സുനിലും ശംഖുമുഖം കോഫീ ഹൗസ് കുട്ടപ്പനും ഇഡി നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആപ്പിൾ ഹോളിഡെയ്സ് കാർ കമ്പനി ഇഡി നിരീക്ഷണത്തിലാക്കിയതായി സൂചന. ബിനീഷിന്റെ ബിനാമി സംരംഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പിൾ ഹോളിഡെയ്സ് ഇഡി നിരീക്ഷണത്തിൽ വന്നത്. ആപ്പിൾ ഹോളിഡെയ്സ് ഉടമയായ സുനിൽ കുമാർ എന്ന മണികണ്ഠനും ബിനീഷിന്റെ സന്തതസഹചാരിയായ കുട്ടപ്പനും ഇഡിയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം ലഭിക്കുന്നത്. ഇതിൽ സുനിൽ കുമാറിനെ ഇഡി ചോദ്യം ചെയ്തതായും സൂചനയുണ്ട്. ആപ്പിൾഹോളിഡെയ്സിന്റെ പേരിലാണ് സുനിലും ശംഖുമുഖത്തെ കോഫീ ഷോപ്പിന്റെ പേരിലാണ് കുട്ടപ്പനും ഇഡിയുടെ നിരീക്ഷണത്തിലായത്.
സുനിൽ കുമാർ ബിനീഷിന്റെ പഴയ ഡ്രൈവർ ആയിരുന്നു. കുട്ടപ്പൻ ആണെങ്കിൽ സന്തത സഹചാരിയും. കുട്ടപ്പന് കോഫി ഷോപ്പ് നടത്തിപ്പും സുനിൽകുമാറിന് ആപ്പിൾ ഹോളിഡെയ്സ് പോലുള്ള ഒരു സാമ്രാജ്യവും എങ്ങനെ പടുത്തുയർത്താൻ കഴിഞ്ഞു എന്നതാണ് ഇഡിക്ക് മുൻപിലുള്ള സംശയം. അതുകൊണ്ട് തന്നെയാണ് ശംഖുമുഖത്തെ പുരാതനമായ കോഫി ഷോപ്പ് നടത്തിപ്പിന്റെ പിന്നിലും ആപ്പിൾ ഹോളിഡെയ്സിന് പിന്നിലും ബിനീഷ് തന്നെയാണ് എന്നാണ് ഇഡി സംശയിക്കുന്നത്.
സുനിൽ കുമാറിനെയും കുട്ടപ്പനെയും കൂടാതെ നെടുമങ്ങാട് ഉള്ള ഏക്കർ കണക്കിന് ഭൂമി ഇടപാടും ഇഡി അന്വേഷിക്കുന്നതായാണ് ലഭിക്കുന്ന സൂചന. നെടുമങ്ങാട് ഭൂമി ഇടപാടിൽ ബിനീഷിനു ബന്ധമുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. സുനിൽ കുമാറിനെയും മണികണ്ഠനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും നീക്കമുണ്ട് എന്നാണ് അറിയുന്നത്. ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ടു ഇപ്പോൾ ബംഗളൂരുവിൽ അറസ്റ്റിലുള്ള അനൂപ് മുഹമ്മദുമായി സുനിൽ കുമാറുമായി ബന്ധമുണ്ടെന്ന സംശയവും ഇഡിക്കുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സുനിൽ കുമാറിന് ഉള്ളത്. സിപിഎം നേതാക്കളുമായി സുനിൽ കുമാറിനുള്ള അടുപ്പം സൂചിപ്പിക്കുന്ന നിരവധി ഫോട്ടോകളും ഇഡി ശേഖരിച്ചിട്ടുണ്ട് എന്നാണ് അറിവ്.
ബിനീഷ് കോടിയേരിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സുനിൽ കുമാറും കുട്ടപ്പനും. അതുകൊണ്ട് തന്നെയാണ് ഇവർക്ക് പിന്നിൽ ബിനീഷ് എന്ന രീതിയിൽ സംശയം ഇഡിക്ക് ലഭിക്കുന്നത്. കവടിയാറിൽ പൈപ്പ് ലൈൻ റോഡിൽ മൂന്നു നില കെട്ടിടം ലീസിനു എടുത്തിട്ടുണ്ട്. ഇതിൽ ഒരു ജിം പ്രവർത്തിക്കുന്നുണ്ട്. ഇതാണ് സുനിൽ കുമാറിന്റെ താവളം. ഇതിനു മുകളിലുള്ള ഫ്ളാറ്റിലാണ് സുനിൽ കുമാറിന്റെ താമസം. പത്തോളം ആഡംബര വാഹനങ്ങൾ ആപ്പിൾ ഹോളിഡെയ്സ് കാർ കമ്പനിക്കുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഓടുന്നത് ആപ്പിൽ ഹോളിഡെയ്സ് കാറുകളാണ്. വളരെ ശക്തമായ ബന്ധങ്ങളാണ് ക്രിക്കറ്റ് അസോസിയേഷനിൽ ബിനീഷിനു ഉള്ളത്. കെസിഎ തന്നെ ബിനീഷിന്റെ പിടിയിലാണ് എന്നിരിക്കെയാണ് കെസിഎയ്ക്ക് വേണ്ടി കാറുകൾ നൽകുന്ന ആപ്പിൾ ഹോളിഡെയ്സ് കൂടി ഇഡിയുടെ നിരീക്ഷണത്തിൽ വന്നത്. ഒറ്റശേഖരമംഗലം സ്വദേശിയാണ് സുനിൽകുമാർ. വൻ ആംഡബര വീടിനു ഉടമയാണ് സുനിൽകുമാർ. സുനിൽ കുമാർ പടുത്തുയർത്തിയ ഈ സാമ്രാജ്യത്തിന്റെ പിന്നിൽ ബിനീഷ് കോടിയേരി എന്ന സൂചനകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ബിനീഷിന്റെ അറസ്റ്റിനു ശേഷമാണ് സുനിൽ കുമാറിലേക്കും കുട്ടപ്പനിലേക്കും ഇഡിയുടെ കണ്ണുകൾ എത്തിയത്.
2004-ൽ ടെക്നോപാർക്കിൽ ഡ്രൈവറായി എത്തിയതാണ് സുനിൽ കുമാർ. അതിനു ശേഷമാണ് സുനിൽ ബിനീഷിന്റെ ഡ്രൈവർ ആയി എത്തുന്നത്. അതിനു ശേഷം കണ്ണഞ്ചിക്കുന്ന വളർച്ചയാണ് ഈ സുനിൽകുമാറിന് വന്നത്. റേഞ്ച് റോവർ, ഓഡി എ സിക്സ്, ബിഎംഡബ്ല്യു സെവൻ സീരീസ്, സ്കോഡ, ഇന്നോവ, സ്വിഫ്റ്റ് തുടങ്ങി പത്തോളം ആഡംബര വാഹനങ്ങൾ ആപ്പിൾ ഹോളിഡെയ്സിനുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനായി ഓടുന്നത് അപ്പിൾ ഹോളിഡെയ്സ് വാഹനങ്ങളാണ്. ഈ വാഹനങ്ങൾ മുഴുവൻ ഒരിടത്ത് ഇടാതെ പല ഫ്ളാറ്റുകളുടെയും പാർക്കിങ് ഗ്രൌണ്ടുകളിൽ നിർത്തിയിട്ടതായാണ് വിവരം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. ബിനീഷിന്റെ ബിസിനസ് സാമ്രാജ്യത്തിൽ ആഴ്ന്നിറങ്ങിയുള്ള അന്വേഷണത്തിനാണ് ഇഡി തുടക്കമിട്ടത്. അതിന്റെ ഭാഗമായാണ് ഈ രീതിയിൽ ബിനീഷിന്റെ സ്വത്തുവകകളെക്കുറിച്ച് ഇഡി നേരിട്ട് അന്വേഷണം നടത്തുന്നത്. മുൻപ് രജിസ്ട്രേഷൻ വകുപ്പിനെ കൂടി വിശ്വാസത്തിൽ എടുത്തുള്ള നീക്കമാണ് ഇഡി നടത്തിയത്, ഇപ്പോൾ ബിനീഷ് കസ്റ്റഡിയിൽ ആയിരിക്കെ വിവരങ്ങൾ മുഴുവൻ ബിനീഷിൽ നിന്ന് തന്നെ ചൂഴ്സ്ന്നു എടുക്കാനാണ് ഇഡിയുടെ നീക്കം.
തകർക്കാൻ കഴിയാത്ത ഒരു ബിസിനസ് സാമ്രാജ്യം ബിനീഷ് പടുത്തിയർത്തിയതായാണ് ഇഡിക്ക് ലഭിച്ച വിവരം. ഇതിന്റെ വലക്കണ്ണികൾ ഒന്നൊന്നായി പൊട്ടിക്കാനുള്ള നിർദ്ദേശമാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു അന്വേഷണ ഏജൻസികളുടെ ഓരോ നീക്കവും ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നതിനാൽ ചടുലമായാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നത്. അതേസമയം ബംഗളൂര് ഇഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിക്ക് അനുമതി ലഭിച്ചില്ല. അഭിഭാഷകനൊപ്പം ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തിയ ബിനോയ് മടങ്ങി. ലഹരിമരുന്ന് ഇടപാടുകാരൻ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് എൻസിബി കേസിലും ബിനീഷ് പ്രതിയാകുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ബിനീഷ് ബോസാണെന്നും നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മൊഴി.
അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ബെംഗളൂരുവിലെ അനൂപിന്റെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ബിനീഷാണ് എന്നൊക്കെ ഇഡി കണ്ടെത്തിയിട്ടുണ്ട്. . ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത് ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതോടെ രാത്രി വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു ബിനീഷിനെ മാറ്റും.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.