തൃശൂർ: സിപിഐഎം സംസ്ഥാന സമ്മേളന ദിവസങ്ങളിൽ താരമായത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണ്. സമ്മേളന നഗരിയിലെത്തിയ ബിനീഷിനെ പാർട്ടിപ്രവർത്തകർ ആവേശത്തോടെയാണ് വരവേറ്റത്. ആദ്യദിവസങ്ങളിലും സമാപന ദിവസവും അദ്ദേഹം സമ്മേളന നഗരിയിലെത്തിയിരുന്നു. ഒപ്പം നിന്ന് സെൽഫിയെടുത്തും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും പാർട്ടി പ്രവർത്തകർ തങ്ങളുടെ പ്രിയസഖാവിനെ വരവേറ്റു.

അക്ഷരാർത്ഥത്തിൽ ചെങ്കോട്ടയായ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ചുവപ്പണിഞ്ഞ സഖാക്കൾ കൂട്ടമായെത്തി ബിനീഷിനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മത്സരിക്കുന്നതും കാണാമായിരുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ എന്നതിനപ്പുറം പോരാളിയായ പ്രവർത്തകൻ എന്ന നിലയിലാണ് ബിനീഷിനെ കാണുന്നതെന്നായിരുന്നു അണികളുടെ പ്രതികരണം.

സിനിമാതാരം കൂടിയായ ബിനീഷ് അടുത്തിടെ സഹോദരൻ ബിനോയി കോടിയേരിയുടെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോൾ മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ബിനോയിക്കെതിരായ കേസിന്റെ ഓരോ ഘട്ടത്തിലും ഇത് പാർട്ടിയെയും കോടിയേരി ബാലകൃഷ്ണനെയും അപകീർത്തിപ്പെടുത്താനുള്ള വാർത്തകളാണെന്ന വാദവുമായി ബിനീഷ് രംഗത്തുവന്നിരുന്നു.

ഇതിന് ശേഷം ബിനീഷ് കോടിയേരി ദുബായിലെത്തി വെല്ലുവിളി നടത്തിയതുമൊക്കെയായിരുന്നു മാധ്യമങ്ങളിലെ വാർത്തകൾ. ഫേസ്‌ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു ബിനീഷ് പ്രത്യക്ഷപ്പെട്ടത്. കടലിൽ കുളിക്കുന്നവരെ കുളത്തിലെ വെള്ളം കാട്ടി പേടിപ്പിക്കല്ലേ.. എന്ന ഡയലോഗ് സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിടെ നിന്നും ബിനീഷ് കോടിയേരി നേരെ എത്തിയത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശ്ശൂരിലെ വേദിയിലായിരുന്നു. സമ്മേളനത്തിൽ വന്ന സമയങ്ങളിലെല്ലാം മാധ്യമ ശ്രദ്ധ മറ്റാർക്കും കിട്ടാത്ത വിധത്തിൽ ബിനീഷ് കോടിയേരിക്ക് ലഭിച്ചിരുന്നു.

പാർട്ടിക്കെതിരായ മാധ്യമവാർത്തകളെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ബിനീഷിനെ സഖാക്കൾക്കിടയിൽ താരമാക്കിയതും ഈ ഇടപെടൽതന്നെ. അതിനിടെ ബിനീഷിന് ദുബായിലെത്താൻ സാധിക്കാത്തവിധം കേസുണ്ടെന്ന വാർത്തയും പുറത്തുവന്നു. അതിനെ ദുബായിൽ എത്തിയശേഷം ബുർജ് ഖലീഫക്കു മുന്നിൽ നിന്ന് ഫേസ്‌ബുക്ക് ലൈവ് നൽകിയാണ് ബിനീഷ് നേരിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. അതുകൊണ്ടൊക്കെയാണ് ബിനീഷിന് സമ്മേളന നഗരിയിൽ വൻ സ്വീകാര്യത കൈവന്നത്.

അടുത്തകാലത്ത് സിപിഎമ്മിനും കോടിയേരിക്കും തലവേദനയുണ്ടാക്കിയ മാധ്യമ വാർത്തകളിലെ ഒരു കോണിലുണ്ടായിരുന്നത് ബിനോയി കോടിയേരിയുടെയും ബിനീഷ് കോടിയേരിയുടെ പേരുകൾ ഉണ്ടായിരുന്നു. ബിനീഷിന് ദുബായിലേക്ക് പോകാൻ സാധിക്കാത്ത വിധം വിലക്കുണ്ടെന്ന വാർത്തകൾ വന്നതോടെ വെല്ലുവിളി സ്വീകരിച്ച് ബിനീഷ് ദുബായിൽ പോകുകയും ചെയ്തു. ബിനോയി കോടിയേരിയുടെ കേസുകളിലെ ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ച ശേഷമാണ് ബിനീഷ് ഫേസ്‌ബുക്കിൽ ലൈവിട്ടതും. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കളിയാക്കുകയും വെല്ലുവിളിക്കുകയും ചെയ്തായിരുന്നു ബിനീഷിന്റെ ലൈവ്. താൻ ദുബായിൽ എത്തിയെന്നും കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന വിവാദങ്ങൾക്കും വാർത്തകൾക്കുമുള്ള മറുപടിയാണ് ഇതെന്നും ബിനീഷ് പറഞ്ഞു.