- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റൂരിലെ സഹായത്തിന് കിട്ടിയത് ആർടെക്കിലെ ഫ്ളാറ്റോ? വാർത്ത ചോർത്തലിൽ പിണറായി പ്രതിക്കൂട്ടിൽ നിർത്തിയ വഴുതക്കാട്ടെ ആർടെക് കല്യാണിയിൽ ബിനീഷിന് ബിനാമി സ്വത്തോ? ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് ചേട്ടൻ ബിനോയി എന്നും സൂചനകൾ; ജാഫർ ജമാലും കൂട്ടരും താമസിച്ച കവടിയാറിലെ ഹീരയും ഇഡി നിരീക്ഷണത്തിൽ
കൊച്ചി: സർക്കാർ ഭൂമി കൈയേറി പാറ്റൂരിൽ ഫ്‌ളാറ്റ് നിർമ്മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ട്. പാറ്റൂർ ഇടപാടിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നതർ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നത്. ഇതിന് പ്രത്യുപകാരമായി നിർമ്മാണ കമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള 'ആർട്ടെക് കല്ല്യാണി'യിൽ ബിനീഷിന് ബിനാമി പേരിൽ ഫ്‌ളാറ്റ് നൽകിയെന്നാണു വിവരം.
ആർടെക് കല്യാണിയിൽ കോടിയേരിയുടെ ആർക്കെങ്കിലും ഫ്‌ളാറ്റുണ്ടോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂർ ഫ്‌ളാറ്റ് നിർമ്മാണത്തിനെതിരേ കേസുകൾ ഉത്ഭവിച്ച ഘട്ടത്തിൽ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകൾ പുറത്തുവന്നിട്ടുണ്ട്. പാറ്റൂർ ഭൂമിയിൽ ഫ്‌ളാറ്റുകൾ നിർമ്മിച്ച ആർടെക്ക് കമ്പനിക്കെതിരേയായിരുന്നു യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേസുകളുണ്ടായത്. ഈ ഫ്‌ളാറ്റിന്റെ ഉടമയെ ഇ.ഡി ചോദ്യംചെയ്യും. മംഗളം പത്രമാണ് ആർടെക് കല്യാണിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ബഹുനില ആഡംബര ഫ്‌ളാറ്റിൽ താമസക്കാർ പലരും ഉന്നത ഉദ്യോഗസ്ഥരാണ്. പാറ്റൂർ കേസിൽ മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഉൾപ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥർ പ്രതികളാണ്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സർക്കാർ ഭൂമി കൈയേറി ഫ്‌ളാറ്റ് നിർമ്മിച്ചെന്ന പരാതിയിൽ നാല് കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട് വാർത്ത ചോരുന്ന വിവാദത്തിലും ഈ ഫ്‌ളാറ്റിനെതിരെ ആരോപണം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആർടെക് കല്യാണിയിൽ ചിലർ ഒത്തു കൂടുന്നതായും കേന്ദ്ര ഏജൻസിക്കാർ അവിടെ എത്തുന്നുവെന്നും ആരോപണം ഉന്നയിച്ചത്. ഈ ഫ്‌ളാറ്റിലാണ് കോടിയേരി കുടുംബത്തിനും ഫ്‌ളാറ്റുണ്ടെന്ന സൂചനകൾ പുറത്തു വരുന്നത്.
പാറ്റൂർ വിവാദത്തിൽ ലോകായുക്തയുടെ ഉത്തരവുപ്രകാരം നേരത്തെ പതിനാറര സെന്റ് സ്ഥലം ജില്ലാ കലക്ടർ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് നിയമനടപടികൾക്ക് തുടക്കമിട്ടത്. ഈ കേസിന്റെ പലഘട്ടത്തിലും ഭരണസ്വാധീനം ഉപയോഗിച്ച് ബിനീഷ് ഇടപെട്ടിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് പ്രത്യുപകാരമായാണോ ഫ്‌ളാറ്റ് കിട്ടിയതെന്നാണ് പരിശോധിക്കുന്നത്. ഇവിടെ ബിനീഷിന്റെ ചേട്ടൻ ബിനോയിയാണ് താമസിച്ചിരുന്നതെന്നും സൂചനയുണ്ട്. ഈ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട എല്ലാം പരിശോധിക്കാനാണ് നീക്കം.
ഇതിനൊപ്പം കവടിയാറിലെ ഹീരാ ഫ്‌ളാറ്റും നിരീക്ഷണത്തിലാണ്. ഇവിടെ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു ഫ്‌ളാറ്റുണ്ട്. ബിനീഷിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന ജാഫർ ജമാൽ ഇവിടെ താമസിച്ചിരുന്നു. ജാഫറിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ബംഗളൂരുവിലെ ഹോട്ടലിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഈ ഫ്‌ളാറ്റ് ആരാണ് എടുത്തതെന്നും കേന്ദ്ര ഏജൻസികൾ പരിശോധിക്കും. ബിനീഷ് എടുത്തു നൽകിയതാണ് ഈ ഫ്‌ളാറ്റെന്നാണ് ജാഫർ പലരോടും പറഞ്ഞിട്ടുള്ളത്.
ബിനീഷിന്റെ ബിനാമികളെ കണ്ടെത്താനുള്ള നീക്കങ്ങൾ തുടരുകയാണ്. എല്ലാ ബിനാമികളുടേയും സ്വത്ത് കണ്ടു കെട്ടാനാണ് നീക്കം. ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കൾ കണ്ടെത്തുന്നത് ഇതിന്റെ തുടക്കം മാത്രമാണെന്നാണ് സൂചന. ബിനീഷിന്റെ ഐ ഫോണുകളും മറ്റും സ്ഥിരമായി കൈമാറിയിരുന്നത് ഒരു ക്രിക്കറ്റ് പരിശീലകനാണെന്ന സൂചനയും ഇഡിക്ക് കിട്ടിയിട്ടുണ്ട്. ഇയാൾ പരസ്യമായി തന്നെ സ്വർണ്ണ കടത്ത് കേസുയർന്നപ്പോൾ ബിനീഷിനെ പിന്തുണച്ചിരുന്നു. പിന്നീട് ഈ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതും പരിശോധനയ്ക്ക് വിധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ