ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഗ്രില്ലിങ്ങിൽ ശരിക്കും വശംകെട്ടിരിക്കയാണ് ബിനീഷ് കോടിയേരി. കസ്റ്റഡിയിൽ വെച്ചുള്ള ചോദ്യം ചെയ്യലിൽ വശംകെട്ട അദ്ദേഹം ഇഡിക്കെതിരെ രംഗത്തെത്തിയിരിക്കയാണിപ്പോൾ. തന്നെക്കൊണ്ട് ചെയ്യാത്ത കാര്യങ്ങൾ പറയാൻ എൻഫോഴ്‌സ്‌മെന്റ് പ്രേരിപ്പിക്കുന്നു എന്നാണ് ബിനീഷ് പരാതിപ്പെട്ടിരിക്കുന്നത്. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രക്തപരിശോധന അടക്കമുള്ളവ നടത്തിയശേഷം രാത്രിയോടെ ബിനീഷിനെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു.

പരിശോധനയിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞു. ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചുവെന്ന വിവരമറിഞ്ഞ് സഹോദരൻ ബിനോയ് അഭിഭാഷകർക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ഇവർക്ക് ബിനീഷിനെ കാണാൻ ഇ.ഡി അധികൃതർ അനുവാദം നൽകിയില്ല. അതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയിക്കുന്നുവെന്ന് അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൂന്നാംമുറ പ്രയോഗിച്ചുവോ എന്ന സംശയമുണ്ട്. സ്‌കാനിങ്ങിനെ വിധേയനാക്കാനാണ് ബിനീഷിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണയായി ഒരാളെ സ്‌കാനിങ്ങിന് വിധേയനാക്കേണ്ട ആവശ്യമില്ല. അതിനാൽ ഗൗരവമായ എന്തോ സംഭവിച്ചുവെന്ന് സംശയിക്കുന്നു.

കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ബിനീഷിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കം നടന്നുവെന്ന് സംശയിക്കുന്നുവെന്നും അഭിഭാഷകർ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ഇ.ഡി അധികൃതർ ബിനീഷിനെ നാളെ കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും നാളെ കോടതിയിലെത്തും. അതിനിടെ, ബിനീഷിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ബി കാപിറ്റൽ ഫോറക്‌സ്, ബി കാപിറ്റൽ സർവീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളിൽ സാധാരണ ഇടപാടുകൾ നടന്നിട്ടില്ലെന്നതാണ് കാരണം.

ശിവജി നഗറിലെ ആശുപത്രിയിലാണ് ബിനീഷിനെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ബിനീഷ് മാധ്യമങ്ങളോട് ഇഡിക്കെതിരെ പ്രതികരിച്ചത്. തുടർന്ന് മാധ്യമങ്ങളിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ ബിനീഷ് ക്ഷോഭിക്കുകയും ചെയ്തു. ഇ.ഡി ഓഫീസിൽ എത്തിച്ചപ്പോൾ ഷർട്ടിന്റെ കോളറിൽ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയർത്തിരുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നു.

അതിനിടെ ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും അന്വേഷണം നീളുന്നു അവസ്ഥയാണ് ഉള്ളത്. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് ചിത്രം നിർമ്മിച്ചത്. ബിനീഷ് കോടിയേരി മുൻകൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലർ പണം മുടക്കിയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം. അതിനിടെ 15 സിനിമകളുടെ നിർമ്മാണത്തിൽ പരിശോധന തുടരുകയാണ്.

കഴിഞ്ഞ വർഷം വമ്പൻ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് നാമം സിനിമയും പരിശോധിക്കുന്നത്. സ്വർണക്കേസ് കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാർ ഷോറും ഉടമയടക്കം ഈ സിനിമയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവ കഥയുടെ സത്യസന്ധമായ ചലച്ചിത്രാവിഷ്‌ക്കരണമാണ് ബിനീഷ് കോടിയേരി മുഖ്യ വേഷത്തിൽ എത്തുന്ന 'നാമം' എന്നായിരുന്നു അവകാശവാദം.

അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂന്നിയാണ് കഥ പറയുന്നത്. ആത്മീയ, ഗണേശ് കുമാർ, കൊച്ചുപ്രേമൻ, വത്സല മേനോൻ, ബൈജു മുൻഷി, മഹേഷ് കോട്ടയം, ആസിഫ്ഷാ, ദിലീപ്, ഷിജു, സാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.. ഓൾ ലൈറ്റ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. സിനിമാ നിർമ്മാണത്തിൽ ബാനറിന് വ്യക്തമായ കണക്ക് നൽകേണ്ടിവരും.