- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷ് കോടിയേരിക്ക് ജാമ്യം; കർണ്ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ; പുറത്തിറങ്ങുന്നത് എട്ടുമാസം നീണ്ട വാദങ്ങൾക്കൊടുവിൽ; അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാൻ ഇരിക്കെ ബിനീഷിന് ആശ്വാസം
ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവർഷമാകുന്ന വേളയിലാണിത്.ഏഴ് മാസത്തോളമാണ് ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം നടന്നത്. നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നു വൈകിട്ടോ നാളെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങും. ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. പറഞ്ഞിരുന്നു. 2020 ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്.തുടർന്ന് ഒരുവർഷത്തോളമായി ജയിലിലായിരുന്നു.
2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് രജിസ്റ്റർ ചെയ്തു.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നൽകിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തു. അതിനിടെ, ചില ലഹരി പാർട്ടികളിൽ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്നു സാക്ഷികൾ മൊഴി നൽകി. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെടുത്തു. കാർഡിനു പിന്നിൽ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥർ വാദിച്ചു.
അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, ബീക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡിയുടെ വാദം. അതേസമയം, ബിസിനസ്, സിനിമ എന്നിവയിൽനിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നു. 14 ദിവസം ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനു ശേഷം നവംബർ 11 മുതൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു ബിനീഷ്. അനൂപും റിജേഷും ഇതേ ജയിലിലുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഡ്രൈവർ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടൻ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
എന്നാൽ ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടിൽ പങ്കുണ്ടെന്നാണ് ഹൈക്കോടതിയിൽ ഇഡി വാദിച്ചത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇഡിയുടെ വാദം. പച്ചക്കറി കച്ചവടം കൊണ്ട് ആറുകോടി അക്കൗണ്ടിലെത്തുമോ. ബി ക്യാപിറ്റൽ കമ്പനികളുടെ പിന്നിൽ വൻ ഗൂഢാലോചനയാണ്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ സുഹൃത്ത് അരുൺ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. വായ്പ എടുത്താണ് അനൂപിന് പണം നൽകിയതെന്ന വാദം വിചിത്രമെന്നും ഇഡി വാദിച്ചിരുന്നു.
ജാമ്യഹർജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെ തുടർന്ന് ബിനീഷ് ഏപ്രിലിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. 7 മാസത്തിനിടെ 3 ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. ഒടുവിൽ നടന്ന വാദം ഈ മാസം 7നു പൂർത്തിയായി.
മറുനാടന് മലയാളി ബ്യൂറോ