- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ബിനീഷ് കോടിയേരിക്ക് ശാപമോക്ഷമാകുന്നു; ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ബിനീഷിനെതരെ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്ന് കർണാടക ഹൈക്കോടതി; കേസിൽ ഇനി നിർണായകം കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന നിലപാട്
ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ബിനീഷ് കോടിയേരിക്ക് ഒടുവിൽ ശാപമോക്ഷം ആകുകയാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയ ബിനീഷ് കോടിയേരിക്കെതിരെ കാര്യമായ തെളിവുകൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. ബിനീഷ് കോടിയേരിക്കെതിരേ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്ന് കർണാടക ഹൈക്കോടതിയും വ്യക്തമാക്കി.
ബിനീഷ് ഇനിയും ജയിലിൽക്കഴിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലുമുള്ള കടന്നുകയറ്റമാകുമെന്ന് ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. ഒക്ടോബർ 28-നാണ് ബിനീഷ് കോടിയേരിക്ക് ജസ്റ്റിസ് എം.ജി. ഉമയുടെ ഏകാംഗബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിധിയുടെ പകർപ്പ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി പുറത്തുവിട്ടത്.
ബിനീഷ് കോടിയേരി ലഹരിമരുന്നുകേസിൽ പ്രതിയല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ട്. സംശയംവെച്ച് ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ല. ലഹരിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്താനായിട്ടില്ല. ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകൾക്ക് ബിനീഷ് സാമ്പത്തികസഹായം ചെയ്‌തെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നുണ്ടെങ്കിലും ബിനീഷ് ഈ കേസിൽ പ്രതിയല്ലെന്ന കാര്യം ജാമ്യവിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങി ബിനീഷ് കുറ്റകൃത്യത്തിലേർപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമായില്ല.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29-നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തത്. നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. 2020 നവംബർ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്.
ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയിൽ പറഞ്ഞിരുന്നു. ഡ്രൈവർ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടൻ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നിൽ. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മർദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നിൽ പറഞ്ഞിരുന്നു.
ഇപ്പോൾ ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല എന്നാണ് റിപ്പോർട്ട്. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കൺണ്ട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എൻസിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോഴും എൻസിബി കോടതിയെ അറിയിച്ചത്. ബിനീഷിന്റെ അക്കൗണ്ടിൽനിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസിൽ എൻസിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം ഇഡിയും എൻസിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടിൽ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടൽ വ്യവസായത്തിനെന്ന പേരിൽ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തൽ. കൂടുതൽ തെളിവുകളുമായി ജാമ്യം നൽകിയ കർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ