- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ല; പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇത് വരെ ഹാജരായില്ല; ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി കള്ളപ്പണം വെളുപ്പിച്ചു; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സജീവമായിരിക്കവേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അശുഭകരമായ വാർത്ത. മകൻ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും ഇഡി രംഗത്തുവന്നു എന്ന വാർത്തയാണ് കോടിയേരിക്കം വിനയാകുന്നത്. പാർട്ടി കോൺഗ്രസിൽ അടക്കം ചർച്ചയാകുന്ന വിധത്തിലാണ് കേസിന്റെ പോക്ക്.
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളുരുവിലെ ഇഡി ഡെപ്യുട്ടി ഡയറക്റ്ററാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡെപ്യുട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ മുകേഷ് കുമാർ മാറോറിയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന ആശങ്ക ഇഡിക്ക് ഉണ്ട്. അതിനാലാണ് ഹൈക്കോടതി വിധി വന്ന് അഞ്ച് മാസങ്ങൾക്ക് ശേഷം ഇ.ഡി അപ്പീൽ ഫയൽ ചെയ്യുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അപ്പീൽ ഫയൽ ചെയ്തത്.
ബിനിഷ് കോടിയേരിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന വാദം ഇഡി ആവർത്തിക്കുന്നു. വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇഡി ആരോപിക്കുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയായിരുന്നു ബിനീഷ്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 19എ, 69 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ഇഡി ബിനീഷിനെതിരായ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്തിരുന്ന കുറ്റപത്രത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ