- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനൂപ് മുഹമ്മദും നടി അനിഖയും ഒന്നും രണ്ടും പ്രതികൾ; ബിനീഷ് കോടിയേരിയെ ഇഡി പ്രതിചേർത്തത് നാലാം പ്രതിയായി; ബിനീഷിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്നും അനൂപ് ബിനാമിയെന്നും ഇഡി കുറ്റപത്രത്തിൽ; കോടിയേരി പുത്രന് തിരിച്ചടി 5.17 കോടി വരുമാനത്തിന് കണക്കില്ലാത്തത്
ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് സ്വാഭാവിക ജാമ്യം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സമെന്റ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിക്കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് കോടി രൂപയുടെ കണക്കുകാണിക്കാൻ സാധിക്കാതെ പോയതാണ് ബിനീഷിന് തിരിച്ചടിയായി മാറിയത്.
ലഹരിമരുന്നുമായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, കന്നഡ സീരിയൽ നടി ഡി. അനിഖ, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരാണ് കേസിലെ ആദ്യ 3 പ്രതികൾ. എൻസിബി നേരത്തെ അറസ്റ്റ് ചെയ്ത സുഹാസ് കൃഷ്ണ ഗൗഡയെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബിനീഷിന്റെ അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു. അനൂപ് മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്ന കല്യാൺ നഗറിലെ റോയൽ സ്വീറ്റ്‌സ് അപ്പാർട്‌മെന്റിൽ ബിനീഷ് സ്ഥിരമായി എത്തിയിരുന്നതായും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സുഹാസ് മൊഴി നൽകിയിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നും ബെനാമിയായ അനൂപ് മുഹമ്മദുമായി കള്ളപ്പണ ഇടപാടു നടത്തിയതിനു തെളിവുണ്ടെന്നുമാണ് ഇഡിയുടെ വാദം. ബാങ്ക് അക്കൗണ്ടുകളിലെ പണവും ആദായനികുതി റിട്ടേണും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ ഇഡി 2012-19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടി രൂപ കണക്കില്ലാത്തതാണെന്നും ആരോപിച്ചു.
ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി ജനുവരി 6ന് അവസാനിക്കും. ജാമ്യാപേക്ഷ തള്ളിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് കുറ്റപത്രം നൽകിയത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കുന്നതു തടയാൻ കൂടിയാണിത്.
ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാൻ കൂടിയാണ് എൻഫോഴ്‌സ്‌മെന്റ് നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരുമ്പോഴായിരുന്നു ബിനീഷിന്റെ ക്ള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധേയിൽപ്പെടുന്നത്.ബിനീഷ് കോടിയേരിയെഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തിൽ, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്‌സ്. എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് ആദ്യം കേസ് എടുത്തിരുന്നത്
ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണം എൻഫോഴ്‌സ്‌മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിൽ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി.
ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. ഇത്തരം കമ്പനികൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകൾ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കൽ ആർ.ബി.ഐ.ക്ക് റിപ്പോർട്ട് നൽകുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാൻ കാരണങ്ങളായി.
മറുനാടന് മലയാളി ബ്യൂറോ