- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദാനിയെ മറയാക്കിയും ബിനീഷ് കോടിയേരി കൊള്ള നടത്തിയോ? വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ല് വിൽക്കുന്ന പാറമട ഉടമകളും ബിനീഷിന്റെ ബിനാമികളെന്ന് ആരോപണം; ക്ഷേത്ര പരിസരമായ ആയിരവല്ലി പാറയിലും നഗരൂരിലും ഖനന കണ്ണുമായുള്ള ടെസ്ന ഗ്രൂപ്പുമായും അടുത്ത ബന്ധം; എല്ലാം ഇഡിയുടെ അന്വേഷണ പരിധിയിൽ
പത്തനംതിട്ട: പേമാരിക്കും മണ്ണിടിച്ചിലിനും ശേഷവും പശ്ചിമഘട്ടത്തെ നശിപ്പിച്ച് കൂടുതൽ കരിങ്കൽ ക്വാറികൾ തുറക്കാൻ നീക്കം നടത്തിയതിന് പിന്നിലും ബിനീഷ് കോടിയേരിയുടെ ഇടപെടലോ? വിഴിഞ്ഞം തുറമുഖത്തിനടക്കം വൻകിട പദ്ധതികൾക്കായി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കത്തിലൂടെ പലതും നടന്നു. ടെസ്നാ മൈൻസിന്റെ പല ക്വാറികളും ബിനീഷിന്റെ ബിനാമി സ്ഥാപനങ്ങളാണെന്ന ആരോപണം ശക്തമാണ്.
പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്തിൽ പ്രവർത്തിക്കുന്നത് നിരവധി ക്വാറികളാണ്. പത്തനംതിട്ടയിലെ കോന്നിയിലാണ് ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലൊന്ന്. വനങ്ങൾ അതിരുന്ന ഇവിടെ എണ്ണിയാലൊടുങ്ങാത്ത പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. കലഞ്ഞൂർ പഞ്ചായത്തിൽ മാത്രം അഞ്ച് ക്വാറികളും ഒൻപത് ക്രഷർ യൂണിറ്റുകളുമാണ് ഒരേസമയം പ്രവർത്തിക്കുന്നത്. പാറമടകൾ കൊണ്ട് പൊറുതിമുട്ടിയ നിരവധി ഗ്രാമങ്ങളുണ്ട് പശ്ചിമഘട്ടത്തിൽ. അതിലൊന്നാണ് കോന്നിക്കടുത്തുള്ള മാങ്കോട്. ആറടി മാത്രം വീതിയുള്ള റോഡിലൂടെ ടൺ കണക്കിന് കരിങ്കല്ലാണ് മലയിറങ്ങിപ്പോകുന്നത്. ഈ ടിപ്പറിന് പിന്നിലും ബിനീഷ് കോടിയേരിയാണെന്നാണ് ഉയരുന്ന ആരോപണം.
വിഴിഞ്ഞം തുറമുഖത്തിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 11 സർക്കാർ പാറമടകളിൽനിന്ന് അദാനി ഗ്രൂപ്പ് തന്നെ പാറപൊട്ടിച്ചെടുക്കുമെന്ന ധാരണയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ആറ് പാറമടകളാണ് അനുവദിച്ചിട്ടുള്ളത്- കൊല്ലത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ടും. തിരുവനന്തപുരം ജില്ലയിൽ നഗരൂർ കടവിളയിൽ മൂന്നെണ്ണം അനുവദിച്ചു്. ആര്യനാട്, പള്ളിക്കൽ, മാണിക്കൽ എന്നിവിടങ്ങളിലാണ് മറ്റുള്ളവ. കൊല്ലത്ത് മാങ്കോട്, ഇളമാട്, വെളിനല്ലൂർ എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ കോന്നി, കൂടൽ എന്നിവിടങ്ങളിലുമാണ് പാറമടകൾ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ മറവിൽ ഈ മേഖലകളിൽ ടെസ്നാ ഗ്രൂപ്പ് എത്തുകയായിരുന്നു.
അരുൺ വർഗ്ഗീസും അബ്ദുൾ ലത്തീഫും സുജാതനുമാണ് ടെസ്നാ മൈൻസിന്റെ ഉടമകളെന്നാണ് ഉയരുന്ന വാദം. ഇതിൽ കാർ പാലസ് ഉടമയാണ് അബ്ദുൾ ലത്തീഫ്. ബിനോയ് മാർബിൾസിന്റെ ഉടമയാണ് സുജാതൻ. ഇവർക്ക് ബിനോയിയുമായി അടുത്ത ബന്ധമുണ്ട്. മങ്കോട് അടക്കമുള്ള സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളും ക്വാറിയാക്കാൻ ഇവർ ശ്രമിക്കുന്നുവെന്നതാണ് ആരോപണം. മാങ്കോട് അടക്കമുള്ള മേഖലകളിൽ ക്വാറികൾ വലിയ പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാക്കുന്നത്. സാധാരണ ടിപ്പർ ലോറിയിൽ ആറു ടണ്ണോളം കരിങ്കല്ലാണ് കയറ്റാൻ അനുമതിയുള്ളത്. എന്നാൽ കൊണ്ടുപോകുന്നത് അതിന്റെ ഇരട്ടിയിലധികമാണ്. ഇവിടെയാണ് കൂടുതൽ ക്വാറി തുറക്കാൻ നീക്കം നടത്തുന്നത്.
കൊല്ലത്തെ ഇളമാട് വില്ലേജിലെ ആയിരവല്ലി പാറയിലും ക്വാറി തുടങ്ങാൻ അനുമതി പത്രം കിട്ടിയിട്ടുണ്ട്. ഇതും ക്ഷേത്ര പരിസരമാണ്. തിരുവനന്തപുരത്ത് നഗരൂരിലും ക്ഷേത്ര ഭൂമിക്ക് അടുത്ത് പാറ ഖനനത്തിന് ഈ ഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ട്. ഇതെല്ലാം ഇഡിയുടെ പരിശോധനയിലാണ്. പത്തനംതിട്ടയിലെ കൂടൽ വില്ലേജിലും ടെസ്ന പാറ ഖനനത്തിന് അനുമതി തേടുന്നുണ്ട്. ക്ഷേത്ര പരിസരത്തെ ഖനനത്തിൽ അന്വേഷണം നടത്താൻ റിട്ടേ ഐഎഎസുകാരനെ നിയമിച്ചിട്ടുണ്ടെന്നാണ് സൂചന.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലകളിൽ ഖനനം പാടില്ലെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ. ഭൂമി കുലുക്കവും, മണ്ണിടിച്ചിലും ഉരുൾ പൊട്ടലിലുമുണ്ടാകുമെന്നും വനങ്ങൾ വരണ്ട്, ഉറവ വറ്റിപ്പോകുമെന്നും ശുപാർശയിൽ വിശദമാക്കിയിരുന്നു. ഇത്തരം പ്രദേശത്താണ് ടെസ്ന ഗ്രൂപ്പിന്റെ അനിയന്ത്രിത ഇടപെടൽ. ചിതറ ജനവാസ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ടെസ്ന മൈൻസ് എന്ന ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിരോധിച്ചുകൊണ്ട് കൊട്ടാരക്കര മുൻസിഫ് കോടതി ഉത്തരവ് നേരത്തെ ഇറക്കിയിരുന്നു.
പ്രസ്തുത കോറിയിൽ പാറപൊട്ടിക്കരുതെന്നും ജനജീവിതത്തിന് ഹാനികരമായി മാറുന്ന യാതൊരുവിധ പ്രവർത്തനങ്ങളും നടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്. സമീപവാസി നൽകിയ ഹർജിയിൽ മേൽ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായിട്ടും ഇപ്പോഴും കോടതിവിധിയെ കാറ്റിൽ പറത്തിക്കൊണ്ടു ക്വാറി പ്രവർത്തനങ്ങൾ തകൃതിയായി നടത്തുകയാണെന്ന ആരോപണവും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ